കുടുംബജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബോളിവുഡ് നടി റാണി മുഖർജിയും ഭർത്താവും നിർമാതാവുമായ ആദിത്യ ചോപ്രയും. 2014-ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹചിത്രങ്ങൾ രണ്ടുപേരും ഇതുവരെ പങ്കുവെച്ചിട്ടില്ല, തങ്ങൾ ഒരിക്കലും അത് ചെയ്യില്ലെന്ന് പറയുകയാണ് റാണി.

എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ വിവാഹത്തിൻ്റെ സിൽവർ ജൂബിലിക്ക് വിവാഹ ഫോട്ടോകൾ പരസ്യമാക്കുമോ എന്ന് അവതാരകൻ തമാശയായി റാണിയോട് ചോദിച്ചു. “അതൊരു നല്ല ആശയമാണ്. എൻ്റെ ഭർത്താവ് സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്, വിവാഹം വളരെ സ്വകാര്യമായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ, ആ ചിത്രങ്ങൾ പുറത്തുവരണമെന്ന് അദ്ദേഹം ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല”-എന്നായിരുന്നു അതിന് റാണിയുടെ മറുപടി.

വ്യക്തിജീവിതത്തിലെ കാര്യങ്ങളെല്ലാം പൊതുശ്രദ്ധയിൽ നിന്ന് മാറ്റിനിർത്താൻ ആഗ്രഹിക്കുന്നയാളാണ് റാണിയും. “ഞാൻ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെട്ടിരുന്നു, കാരണം എൻ്റെ ജോലിയും വ്യക്തിജീവിതവും വ്യത്യസ്തമാണ്. എന്തെങ്കിലും കാരണമുണ്ടെങ്കിൽ മാത്രമേ ഞാൻ പൊതുവേദികളിലെത്താറുള്ളൂ. എപ്പോഴും അങ്ങനെ ചെയ്യാറില്ല. കാരണം, ചില കാര്യങ്ങൾ നമ്മൾ നമ്മളിൽത്തന്നെ ഒതുക്കി വെക്കണമെന്നാണ് ഞാൻ കരുതുന്നത്. എല്ലാം എല്ലാവർക്കും കാണാനുള്ളതല്ല, നമ്മൾ ഇതിനകം തന്നെ ഒരുപാട് ആളുകളുടെ ശ്രദ്ധയിലുണ്ട്, അതുമതി. എവിടെ പോകുന്നു, എന്തുചെയ്യുന്നു, കുടുംബത്തോടൊപ്പം എന്തുചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കേണ്ടതുണ്ട്”-അവർ പറഞ്ഞു.

അതേസമയം, ഇതൊന്നും നിയമങ്ങളല്ലെന്നും ഒരു ജീവിതരീതിയാണെന്നും റാണി വിശദീകരിച്ചു. നിയമങ്ങൾ പലപ്പോഴും മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്നതും അന്ധമായി പിന്തുടരേണ്ടതുമാണ്. അത് ശരിയല്ല, ആദി ഒരു വ്യക്തിയെന്ന നിലയിൽ വളരെ സ്വതന്ത്രനാണ്, കൂടാതെ അദ്ദേഹത്തിന് സ്ത്രീകളോട് വളരെയധികം ബഹുമാനമുണ്ട്. മാതാപിതാക്കളായ യാഷ് ചോപ്രയിൽ നിന്നും പമേല ചോപ്രയിൽ നിന്നുമാണ് അദ്ദേഹമിത് പഠിച്ചത്. യാഷ് അങ്കിളിന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ പാം ആന്റി വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു. ആദി അത് പിന്തുടരുന്നു, ഒരു പ്രത്യേക കാര്യം ചെയ്യണമെന്ന് അദ്ദേഹമെന്നോട് പറയാറില്ല, അത് എൻ്റെ ഇഷ്ടമാണ്. കൂടുതൽ പുറത്തുപോകാൻ അദ്ദേഹമെന്നോട് പറയാറുണ്ട്. ഹിച്കി സിനിമ ചെയ്യാൻ ഭർത്താവ് എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. കാരണം ഞാൻ ഒരമ്മയുടെ റോളിലേക്ക് വളരെ ഗൗരവത്തോടെ കടക്കുന്നത് അദ്ദേഹം കണ്ടു. 'നീ റാണി മുഖർജിയാണ്, നിനക്ക് നിൻ്റെ ആരാധകരോട് ഇത് ചെയ്യാൻ കഴിയില്ല, നീ തിരികെ ശ്രദ്ധാകേന്ദ്രമാകണം.' എന്നദ്ദേഹം പറഞ്ഞപ്പോഴാണ് ആ സിനിമ ചെയ്തതെന്നും റാണി പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi