ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും പലാഷ് മുച്ഛലിന്റെയും വിവാഹം മാറ്റിവെച്ചത് വലിയ വാർത്തയായിരുന്നു. അച്ഛന് ഹൃദയാഘാതം സംഭവിച്ചതിനാൽ വിവാഹം മാറ്റിയെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഇതിനു പിന്നാലെ, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കിയിരുന്നു. ഇപ്പോഴിതാ പലാഷ് മുച്ഛലുമായുള്ള തൻ്റെ ചാറ്റ് പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി.

മേരി ഡി കോസ്റ്റ എന്ന യുവതിയാണ് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്തത്. മേരിയുമായി ചാറ്റ് ചെയ്യുന്നതിനിടെ, അവരുടെ സൗന്ദര്യത്തെ പലാഷ് പ്രശംസിക്കുന്നുണ്ട്. സ്മൃതിയുമായുള്ള തന്റെ 'ലോങ്-ഡിസ്റ്റൻസ്' ബന്ധത്തെക്കുറിച്ചും അവളോടൊപ്പം 'പര്യടനങ്ങൾക്ക്' പോകുന്നതിനെക്കുറിച്ചും പലാഷ് തുറന്നുപറയുന്നുണ്ട്. നീന്താനും, പിന്നീട് സ്പായ്ക്കും, അതിനുശേഷം പുലർച്ചെ 5 മണിയോടെ മുംബൈയിലെ വെർസോവ ബീച്ചിലും തന്നോടൊപ്പം ചേരാൻ പലാഷ് അവരോട് ആവശ്യപ്പെടുന്നുണ്ട്. ഫ്രീ പ്രസ് ജേണലാണ് സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്. അതേസമയം, വൈറലായ ഈ സ്ക്രീൻഷോട്ടുകളുടെ ആധികാരികത മാധ്യമം സ്ഥിരീകരിച്ചില്ല

വിവാഹം മാറ്റിവെക്കാനുള്ള കുടുംബങ്ങളുടെ തീരുമാനം സഹോദരി പാലക് മുച്ഛൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ റെഡ്ഡിറ്റിൽ വൈറലായി. ചലച്ചിത്ര നിർമ്മാതാവും ഗായകനുമായ പലാഷ് മുച്ഛലുമായുള്ള സ്മൃതിയുടെ വിവാഹം നവംബർ 23-ന് സാംഗ്ലിയിൽ നടക്കേണ്ടതായിരുന്നു.

വിവാഹ ചടങ്ങിന്റെ അന്ന് രാവിലെ, സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാന പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ അസുഖബാധിതനായെന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അച്ഛൻ സുഖം പ്രാപിക്കുന്നത് വരെ വിവാഹം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാൻ സ്മൃതി തീരുമാനിച്ചതായി അവരുടെ മാനേജർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ പ്രശ്നങ്ങൾ അവിടെയും അവസാനിച്ചില്ല. പലാഷിനും ആരോഗ്യപ്രശ്നങ്ങളുണ്ടായി. തുടർന്ന് അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഡിസ്ചാർജായി.

ഇതിനിടയിൽ, സ്മൃതി തന്റെ പ്രൊപ്പോസൽ വീഡിയോയും വിവാഹ പ്രഖ്യാപനവുമായി ബന്ധപ്പെട്ട മറ്റ് ഉള്ളടക്കങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്തു. സ്ക്രീൻഷോട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, നെറ്റിസൺസ് പലാഷിനെതിരെ രൂക്ഷമായി രംഗത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi