
2013 നവംബര്‍ 16, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം. വിന്‍ഡീസിനെതിരെയുള്ള അവസാനമാച്ചും കഴിഞ്ഞ് സച്ചിന്‍ വിടവാങ്ങല്‍ പ്രസംഗത്തിനൊരുങ്ങുകയാണ്. സച്ചിന്റെ വളര്‍ച്ചയും കുതിപ്പും കണ്ട അതേ സ്റ്റേഡിയം, ഗ്യാലറിയില്‍ അതേ ആര്‍പ്പുവിളി, 'സച്ചിന്‍......സച്ചിന്‍.....'സച്ചിന്‍ സംസാരിച്ചുതുടങ്ങിയതോടെ ആര്‍പ്പുവിളി ഉച്ചത്തിലായി. പിന്നെ നീണ്ട നിശ്ശബ്ദത.
ആ പ്രസംഗത്തിനിടയില്‍ സച്ചിന്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും നന്ദിയോടെ ഓര്‍ത്തു. അതിനിടയില്‍ ഭാര്യ അഞ്ജലിയെക്കുറിച്ച് സച്ചിന്‍ ഓര്‍ത്തതിങ്ങനെ. ''എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം സംഭവിച്ചത് 1990-ലാണ്, എന്റെ ഭാര്യ അഞ്ജലിയെ അന്നാണ് ആദ്യമായി കണ്ടത്. ഉയര്‍ച്ചകളിലും താഴ്ചകളിലും എന്നും എന്റെ കൂടെ നിന്നിട്ടുണ്ട് അവര്‍. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാര്‍ട്ട്ണര്‍ഷിപ്പ് അഞ്ജലിയുമായിട്ടുള്ളതാണ്.'' അന്ന് പതിവില്‍നിന്ന് വിപരീതമായി അഞ്ജലിയും കളികാണാനെത്തിയിരുന്നു. സച്ചിന്റെ വാക്കുകള്‍ അവര്‍ കണ്ണീരോടെയാണ് ഹൃദയത്തിലേറ്റിയത്.

സച്ചിന് ഒരഭിമുഖത്തില്‍ അഞ്ജലിയെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ അഞ്ജലി എന്നോട് പറഞ്ഞു, നിങ്ങള്‍ ക്രിക്കറ്റുമായി മുന്നോട്ടുപോവൂ. കുടുംബത്തിന്റെ ഉത്തരവാദിത്തം ഞാനേറ്റെടുക്കാം''. അന്ന് അഞ്ജലി അങ്ങനെ തീരുമാനിച്ചിരുന്നില്ലെങ്കില്‍, സച്ചിന് ഇത്ര മനോഹരമായി, സമ്മര്‍ദങ്ങളില്ലാതെ ക്രിക്കറ്റ് കളിക്കാന്‍ പറ്റുമോ എന്നുപോലും സംശയം. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിനുവേണ്ടിയാണ് ഡോക്ടറായ അഞ്ജലി തന്റെ കരിയര്‍ വേണ്ടെന്നുവെച്ചത്. സമ്മര്‍ദങ്ങളില്ലാതെ കളിക്കാന്‍ സച്ചിന് കഴിഞ്ഞതും അതുകൊണ്ടാണ്. ഫോം നഷ്ടപ്പെട്ട, എല്ലാവരും വേട്ടയാടിയ സമയങ്ങളുണ്ടായിരുന്നു സച്ചിന്റെ കരിയറില്‍. അപ്പോഴൊക്കെ സച്ചിന്റെ നിരാശയും ദേഷ്യവും സഹിച്ചതും അഞ്ജലി തന്നെ.
ഭാര്യമാരുടെ ത്യാഗങ്ങളും മറ്റും മനസ്സിലാക്കാത്ത ഭര്‍ത്താക്കന്‍മാരുണ്ട്, മനസ്സിലായിട്ടും അംഗീകരിക്കാത്ത ഭര്‍ത്താക്കന്‍മാരുമുണ്ട്. പക്ഷേ സച്ചിന്‍ ഈ കൂട്ടത്തിലൊന്നും പെടില്ല. നല്ലൊരു കരിയര്‍ മുമ്പിലുണ്ടായിട്ടും തനിക്കുവേണ്ടി, കുടുംബത്തിനുവേണ്ടി മാറിച്ചിന്തിച്ച അഞ്ജലിയെക്കുറിച്ച് എന്നും ബഹുമാനത്തോടെയേ സച്ചിന്‍ സംസാരിച്ചിട്ടുള്ളൂ.
കുട്ടികളുടെ വളര്‍ച്ചയോ കുടുംബത്തിലെ ആഘോഷങ്ങളോ സച്ചിനറിഞ്ഞിട്ടില്ല. മാച്ചുകളും ടൂറുകളുമായി എന്നും യാത്രയിലായിരുന്നു. അതുകൊണ്ടാവാം ഒരിക്കല്‍ അഞ്ജലി ഇങ്ങനെ പറഞ്ഞു, ''വിവാഹശേഷം ഒരിക്കലും ഞങ്ങളെല്ലാം ചേര്‍ന്ന് വീട്ടില്‍ ദിവാലി ആഘോഷിച്ചിട്ടില്ല. പക്ഷേ അപൂര്‍വമായി സച്ചിന്‍ വീട്ടിലെത്തുന്ന ഓരോ നിമിഷവും ഞങ്ങള്‍ക്ക് ദിവാലി തന്നെയായിരുന്നു''.

ആദ്യം കണ്ടപ്പോള്‍
മുംബൈ എയര്‍പോര്‍ട്ടില്‍വെച്ചാണ് സച്ചിനും അഞ്ജലിയും കണ്ടുമുട്ടുന്നത്. ആദ്യത്തെ ഇന്റര്‍നാഷണല്‍ ടൂര്‍ കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു സച്ചിന്‍. അഞ്ജലിയാണെങ്കില്‍ അമ്മയെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലെത്തിയതാണ്. രണ്ടുപേര്‍ക്കും ഒറ്റനോട്ടത്തില്‍ ഒരിഷ്ടം തോന്നി.
എം.ബി.ബി.എസിന് പഠിക്കുന്ന അഞ്ജലിക്ക് സ്‌പോര്‍ട്‌സിനെക്കുറിച്ചും, പ്രത്യേകിച്ച് ക്രിക്കറ്റിനെക്കുറിച്ചും യാതൊരു ധാരണയുമില്ലായിരുന്നു. സച്ചിന്‍ ആരാണെന്നുപോലും അറിയില്ലായിരുന്നു. ഇരുവരും സൗഹൃദത്തിലായശേഷമാണ് അഞ്ജലി ക്രിക്കറ്റിനെക്കുറിച്ച് മനസ്സിലാക്കിത്തുടങ്ങിയത്. ക്രിക്കറ്റിനെക്കുറിച്ചുള്ള തന്റെ അറിവില്ലായ്മയാണ് സച്ചിനെ തന്നിലേക്ക് ആകര്‍ഷിച്ചതെന്ന് അഞ്ജലി ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇരുവരും കൂട്ടുകാരുടെ വീട്ടില്‍വെച്ചും മറ്റും കണ്ടുമുട്ടി. ആദ്യം തോന്നിയ അടുപ്പം പ്രണയത്തിലേക്ക് മാറി. മനോഹരമായ പ്രണയകാലം. ഒരുമിച്ച് എവിടെയും പോവാന്‍ പറ്റില്ല. എവിടെച്ചെന്നാലും ആരാധകര്‍ സച്ചിനെ പൊതിയും. അതുകൊണ്ട് കൃത്രിമതാടിയും ഗ്ലാസും വെച്ച് അഞ്ജലിക്കൊപ്പം സിനിമ കാണാന്‍ പോയ സംഭവം സച്ചിന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്.

വിവാഹത്തിലെത്തിയപ്പോഴാണ് സച്ചിന്‍-അഞ്ജലി പ്രണയും പുറംലോകം അറിയുന്നതുതന്നെ. പലരും പലതും പറഞ്ഞു, നിരുത്സാഹപ്പെടുത്തി. സച്ചിനേക്കാള്‍ ആറുവയസ്സ് കൂടുതലുള്ള പെണ്‍കുട്ടി, അതും ഡോക്ടര്‍...ഈ ബന്ധത്തിന് അധികം ആയുസ്സില്ലെന്നായിരുന്നു ആളുകളുടെ പ്രവചനം. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് 1995 മെയ് 24-ന് അവര്‍ വിവാഹിതരായി.
വിവാഹശേഷവും കുടുംബവും കുട്ടികളുമായി ഒതുങ്ങുകയായിരുന്നു അഞ്ജലി. രണ്ടുവര്‍ഷത്തെ ഇടവേളയില്‍ പിറന്ന സാറയ്ക്കും അര്‍ജുനും നല്ല വഴികാട്ടിയായി, അവരെ നന്നായി വളര്‍ത്തി. ഭര്‍ത്താവിന്റെ പ്രശസ്തിയുടെ ഭാരം കുടുംബത്തെ ബാധിക്കാതിരിക്കാന്‍ അഞ്ജലി അങ്ങേയറ്റം പരിശ്രമിച്ചു. എന്നും വെള്ളിവെളിച്ചത്തില്‍നിന്ന് അകന്നുനിന്നിട്ടേയുള്ളൂ അഞ്ജലി. സച്ചിന്‍ മത്സരത്തിനിറങ്ങുമ്പോഴെല്ലാം വ്രതവും പ്രാര്‍ഥനകളുമായി അഞ്ജലി തിരക്കിലായിരിക്കും. അതുകൊണ്ടാവാം ബി.ബി.സി.യിലെ ഒരഭിമുഖത്തില്‍ സ്വപ്‌നസുന്ദരിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരുനിമിഷം പോലും മടിക്കാതെ സച്ചിന്‍ പറഞ്ഞു, ''എന്റെ ഭാര്യ''. ആ ഒറ്റ ഉത്തരത്തിലുണ്ട് സച്ചിന് അഞ്ജലി ആരാണെന്ന്.
Content Highlights: life story of sachin tendulkar and wife anjali mehta
Published: 24 Apr 2024, 03:19 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented