ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീതസംവിധായകൻ പലാഷ് മുച്ഛലിന്റെയും വിവാഹം അവസാനനിമിഷമാണ് മാറ്റിവെച്ചത്. സ്മൃതിയുടെ അച്ഛന് ഹൃദയാഘാതം സംഭവിച്ചതിനാൽ വിവാഹം മാറ്റിയെന്ന തരത്തിലാണ് ആദ്യം വാർത്തകൾ വന്നത്. പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കിയിരുന്നു. അതിനിടെ അച്ഛന്റെ അസുഖമല്ല, മറ്റ് ചില കാരണങ്ങളാണ് വിവാഹം മാറ്റിവെക്കാൻ തീരുമാനിച്ചതിനുപിന്നിലെന്നും റിപ്പോർട്ടുകൾ വന്നു. 

To advertise here,

അതിനിടെയാണ് മേരി ഡി കോസ്റ്റ എന്ന യുവതി ചില ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടത്. പലാഷ് മുച്ഛലുമായുള്ള തന്റെ ചാറ്റ് എന്ന അവകാശവാദത്തോടെയാണ് മേരി, ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ സ്‌ക്രീൻ ഷോട്ടുകൾ പോസ്റ്റ് ചെയ്തത്. നീന്താനും, പിന്നീട് സ്പായ്ക്കും, അതിനുശേഷം പുലർച്ചെ 5 മണിയോടെ മുംബൈയിലെ വെർസോവ ബീച്ചിലും തന്നോടൊപ്പം ചേരാൻ പലാഷ് അവരോട് ആവശ്യപ്പെടുന്നത് ചാറ്റിലൂടെ വ്യക്തമാണ്. ഇൻസ്റ്റഗ്രാമിനുപിന്നാലെ റെഡ്ഡിറ്റിലും ചാറ്റുകൾ വൈറലായി. എന്നാൽ, സ്മൃതിയോ പലാഷോ ഇക്കാര്യങ്ങളൊന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.

വിവാഹച്ചടങ്ങിന്റെ അന്ന് രാവിലെയാണ് അച്ഛന് അസുഖമാണെന്ന കാരണത്താൽ വിവാഹം മാറ്റിവെക്കാനുള്ള തീരുമാനമെടുക്കുന്നത്. അച്ഛൻ സുഖം പ്രാപിക്കുന്നത് വരെ വിവാഹം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാൻ സ്മൃതി തീരുമാനിച്ചതായി അവരുടെ മാനേജർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നതോടെ പലാഷിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകർ. 

ചാറ്റിൽ സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ, 'ഡെഡ്' എന്നാണ് പലാഷ് പറയുന്നത്. അതിനിടെ മേരി ഡി കോസ്റ്റയെക്കുറിച്ചും ഏറെ പേരും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രശ്‌നം രൂക്ഷമായതോടെ മേരി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരുന്നു. ഒരു കൊറിയോഗ്രാഫറാണ് മേരിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലാഷിന്റെയും സ്മൃതിയുടെയും പ്രീ-വെഡിങ് പരിപാടികൾ കൊറിയോഗ്രഫി ചെയ്തത് മേരിയാണെന്നും പറയപ്പെടുന്നു.

ചാറ്റിന്റെ ആധികാരികതയെക്കുറിച്ച് ഇപ്പോഴും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് വ്യാജമാണെന്നും കരുതിക്കൂട്ടി തയ്യാറാക്കിയതാണെന്നുമാണ് ചിലരുടെ പക്ഷം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi