കമൽ ഹാസനൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ച് മുതിർന്ന നടൻ യതിൻ കാര്യേക്കർ നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുകയാണ്. ‘ഹേ റാം’, ‘വസൂൽ രാജാ എംബിബിഎസ്’ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച യതിൻ, കമൽ ഹാസൻ തന്റെ സ്ക്രീൻ ഇമേജ് സംരക്ഷിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നുവെന്നാണ് ആരോപിച്ചത്. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് യതിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
2004-ൽ പുറത്തിറങ്ങിയ വസൂൽ രാജാ എംബിബിഎസ് ഹിന്ദി ചിത്രമായ മുന്നാഭായ് എംബിബിഎസിന്റെ തമിഴ് റീമേക്കാണ്. ഹിന്ദി പതിപ്പിൽ സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ ജിമ്മി ഷെർഗിൽ അടിക്കുന്ന ഒരു നിർണായക രംഗമുണ്ട്. എന്നാൽ തമിഴ് പതിപ്പിൽ ആ രംഗം മാറ്റിയെന്നാണ് യതിൻ പറയുന്നത്.
“കമൽ ഹാസൻ വളരെ 'സെൽഫ് ഒബ്സെസ്ഡ്' ആയ വ്യക്തിയാണ്. ഹിന്ദി ചിത്രത്തിലെ പോലെ ഒരു കഥാപാത്രം അദ്ദേഹത്തെ അടിക്കുന്ന രംഗം ചിത്രീകരിക്കാൻ അദ്ദേഹം സമ്മതിച്ചില്ല. അതിന് പകരം തള്ളുന്ന രീതിയിലേക്ക് രംഗം മാറ്റി,” യതിൻ പറഞ്ഞു. രംഗം മാറ്റുന്നതിനെക്കുറിച്ച് ചർച്ച നടക്കുമ്പോൾ സഹസംവിധായകൻ പോലും അസ്വസ്ഥനായിരുന്നുവെന്നും, 'സഞ്ജയ് ദത്ത് അത് ചെയ്തപ്പോൾ കമൽ ഹാസന് എന്താണ് പ്രശ്നം?' എന്ന് താൻ അന്ന് ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി ചിത്രത്തിൽ സുനിൽ ദത്ത് അവതരിപ്പിച്ച അച്ഛന്റെ കഥാപാത്രം കഥയ്ക്ക് ശക്തമായ വൈകാരിക അടിത്തറ നൽകിയിരുന്നുവെന്ന് യതിൻ അഭിപ്രായപ്പെട്ടു. എന്നാൽ തമിഴ് പതിപ്പിൽ കമൽ ഹാസന്റെ മുന്നിൽ അതേ അധികാരവും സ്വാധീനവും പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു നടൻ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഹിന്ദി ചിത്രത്തിലെ പോലെ വൈകാരികമായ അച്ഛൻ-മകൻ ബന്ധം തമിഴ് പതിപ്പിൽ അനുഭവപ്പെടാതെ, കൂടുതൽ ഹാസ്യാത്മകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഹേ റാം ചിത്രീകരണകാലത്തെ ഒരു സംഭവവും യതിൻ ഓർത്തെടുത്തു. വിമാന സർവീസ് വൈകിയതിൽ പ്രതിഷേധിച്ച് കമൽ ഹാസൻ വിമാനത്തിന് മുന്നിൽ ഇരുന്ന സംഭവമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അത് പിന്നീട് വലിയ മാധ്യമശ്രദ്ധയും നേടിയിരുന്നു.
വിവാദങ്ങൾ പലപ്പോഴും കമൽ ഹാസൻ മനപ്പൂർവം സൃഷ്ടിച്ചിരുന്നുവെന്നും, അതിലൂടെ തന്നെക്കുറിച്ചും സിനിമകളെക്കുറിച്ചും ആളുകൾ സംസാരിക്കാൻ ഇടയാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനമെന്നുമാണ് യതിൻ അഭിപ്രായപ്പെട്ടത്. എന്നാൽ വിമർശനങ്ങൾക്കിടയിലും കമൽ ഹാസന്റെ കലയോടുള്ള ആദരം യതിൻ വ്യക്തമാക്കി. മികച്ച നടനും സാങ്കേതിക വിദഗ്ധനും സംവിധായകനുമാണ് കമൽ ഹാസനെന്നും, അദ്ദേഹത്തിന്റെ കഴിവിനെ ഒരിക്കലും ചോദ്യം ചെയ്യാനാവില്ലെന്നും പറഞ്ഞു.
തമിഴിലെ ശ്രദ്ധേയമായ കോമഡി-ഡ്രാമകളിലൊന്നാണ് 2004ൽ പുറത്തിറങ്ങിയ വസൂൽ രാജാ എംബിബിഎസ്. ഹിന്ദിയിൽ രാജ്കുമാർ ഹിരാനി ഒരുക്കിയ ‘മുന്നാഭായ് എംബിബിഎസ്’എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്നാണ് വസൂൽ രാജാ തമിഴിലുമൊരുക്കിയത്. സരൺ സംവിധാനം ചെയ്ത ചിത്രത്തിൽ കമൽ ഹാസനൊപ്പം പ്രഭു, സ്നേഹ, പ്രകാശ് രാജ്, നാഗേഷ്, ജയസൂര്യ, രോഹിണി ഹട്ടങ്കടി, യതിൻ കാര്യേക്കർ തുടങ്ങി ശക്തമായ താരനിരയുമുണ്ടായിരുന്നു. ഹാസ്യത്തിനൊപ്പം കുടുംബബന്ധങ്ങളും മനുഷ്യസ്നേഹവും കോർത്തിണക്കിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയവും നേടി. കമൽ ഹാസന്റെ കരിയറിലെ ജനപ്രിയ കോമഡി ചിത്രങ്ങളിലൊന്നായി ഇന്നും വസൂൽ രാജാ എംബിബിഎസ് ഓർമ്മിക്കപ്പെടുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: yatin-karyekar-kamal-haasan-controversy-revelations
Published: 04 Jul 2026, 02:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented