സിനിമാമേഖലയിൽ വളരെ മികച്ച ഒരു പ്രകടനം കാഴ്ചവെക്കുന്നയാളാണ് ബോളിവുഡ് നടിയായ ഹുമ ഖുറേഷി. അവരുടെ  വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വളരെ പ്രധാനമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടി വിവാഹിതയാവാന്‍ പോകുന്നെന്നാണ് പുതിയ സൂചന. തന്റെ വ്യക്തിജീവിതം പൊതുവെ സ്വകാര്യമായി സൂക്ഷിക്കുന്നയാളാണ് ഹുമ.

To advertise here,

ദീര്‍ഘകാലമായി കാമുകനെന്ന് അഭ്യൂഹങ്ങളുള്ള ആക്ടിങ് കോച്ച്‌ രചിത് സിങ്ങുമായാണ് ഹുമയുടെ വിവാഹനിശ്ചയം കഴിഞ്ഞതെന്ന് കരുതപ്പെടുന്നു. ഹുമയും രചിതും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത് ഗായിക ആകാശ സിങ് ഇരുവരുമൊത്തുള്ള ഒരു ഫോട്ടോ പങ്കുവെച്ചതോടെയാണ്. 'നിങ്ങളുടെ സ്വര്‍ഗ്ഗതുല്യമായ ഇടത്തിന് അഭിനന്ദനങ്ങള്‍, ഹുമ. മികച്ച ഒരു രാത്രിയായിരുന്നു' എന്ന് ആകാശ കുറിച്ചു. ഈ ഒരു പോസ്റ്റ് ആളുകള്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ പര്യാപ്തമായിരുന്നു.

പിന്നീട് സോനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇഖ്ബാലിന്റെയും വിവാഹത്തില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തു. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ഹുമയും രചിതും പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. താമസിയാതെ, അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

രചിത്തിന്റെ സ്വകാര്യമായ ജന്മദിനാഘോഷത്തില്‍ ഇരുവരെയും വീണ്ടും ഒരുമിച്ച് കണ്ടതോടെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടുപിടിച്ചു. 2024 മാര്‍ച്ചില്‍ എഡ് ഷീരനുവേണ്ടി ഷാരൂഖും ഗൗരി ഖാനും പങ്കെടുത്ത പാര്‍ട്ടിയിലും ഇരുവരും ഒരുമിച്ച് കാണപ്പെട്ടു.

ആലിയ ഭട്ട്, രണ്‍വീര്‍ സിങ്, വിക്കി കൗശല്‍ എന്നിവരുള്‍പ്പെടെ ഇന്‍ഡസ്ട്രിയിലെ നിരവധി പ്രമുഖ താരങ്ങള്‍ക്ക് രചിത് സിങ് പരിശീലനം നല്‍കിയിട്ടുണ്ട്. മൈക്ക് കെല്ലി ഒരുക്കിയ 'കര്‍മ്മ കോളിങ്' എന്ന സീരീസിലൂടെ അദ്ദേഹം അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചു.

രവീണ ടണ്ടന്‍, വരുണ്‍ സൂദ്, വിക്രംജീത് വിര്‍ക്ക് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ഷോ ജിയോഹോട്ട്സ്റ്റാറിലാണ് സംപ്രേഷണം ചെയ്തത്. രചിതുമായി പ്രണയത്തിലാകുന്നതിന് മുമ്പ്, ഹുമ ചലച്ചിത്ര നിര്‍മ്മാതാവ് മുദാസര്‍ അസീസുമായി ദീര്‍ഘകാല ബന്ധത്തിലായിരുന്നു, അത് 2022-ല്‍ അവസാനിച്ചു.

അക്ഷയ് കുമാറിനും അര്‍ഷാദ് വര്‍സിക്കുമൊപ്പം 'ജോളി എല്‍എല്‍ബി 3' എന്ന ചിത്രത്തിലാണ് അടുത്തതായി ഹുമ ഖുറേഷി അഭിനയിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 19-ന് തിയേറ്ററുകളിലെത്തും. 2025-ലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവരുടെ 'ബയാന്‍' എന്ന ചിത്രം പ്രീമിയര്‍ ചെയ്യപ്പെട്ടിരുന്നു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi