ഡയാന രാജകുമാരിയുടെ ജീവിതത്തിലെ ഓരോ ഏടും പലയാവര്‍ത്തി പൊതുമധ്യത്തില്‍ വാർത്തയായിട്ടുണ്ട്. ഡയാന മരിച്ച് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു കഥയും പുറത്തുവന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു ആ കഥയിലെ നായകന്‍.
ബിബിസി ലേഖികയും ഡയാനയുടെ അടുത്ത സുഹൃത്തുമായിരുന്ന സെലീന സ്‌കോട്ട് ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. 1995 ഡിസംബറില്‍ ഒരു ചാരിറ്റി ഡിന്നറിനിടെയാണ് ട്രംപ് ഡയാനയെ കണ്ടുമുട്ടുന്നത്. അന്ന് അമേരിക്കയിലെ വ്യവസായ പ്രമുഖനും ടെലിവിഷന്‍ അവതാരകനുമായിരുന്നു ട്രംപ്. ഡയാനയാകട്ടെ ചാള്‍സിനെ പിരിഞ്ഞുള്ള ജീവിതത്തിന്റെ അടുത്തഘട്ടത്തിലും. ഫ്‌ളോറിഡയിലെ തന്റെ ക്ലബ്ബില്‍ ട്രംപ് ഡയാനയ്ക്ക് മെമ്പര്‍ഷിപ്പ് വാഗ്ദാനം നല്‍കി. അവരത് വേണ്ടെന്ന് പറയുകയാണുണ്ടായത്. പിന്നെ പലയിടത്തായി അവര്‍ വീണ്ടും കണ്ടുമുട്ടി.

ഡയാനയുടെ സൗന്ദര്യത്തിലും വ്യക്തിത്വത്തിലും ആകൃഷ്ടനായ ട്രംപ് ഡയാനയുടെ വീട്ടിലേക്ക് പൂക്കള്‍ അയക്കാന്‍ തുടങ്ങി. വിലകൂടിയ റോസുകളും ഓര്‍ക്കിഡുകളും മുടങ്ങാതെ അവരുടെ മേശപ്പുറത്തെത്തി. ട്രംപ് തന്നെ പിന്തുടരുന്നപോലെ തോന്നുന്നു എന്ന് ഡയാന പറഞ്ഞതായി സുഹൃത്ത് ഓര്‍ത്തെടുക്കുന്നു. ട്രംപിന് ഡയാനയെ ലോകത്തെ കാട്ടാനുള്ള ട്രോഫി ഭാര്യ ആക്കുകയായിരുന്നു ഉദ്ദേശമെന്നും സെലീന സ്‌കോട്ട് പറഞ്ഞു.
''അത്യപൂര്‍വമായ സൗന്ദര്യമുണ്ടായിരുന്ന സ്ത്രീയാണവര്‍. ശരിക്കും ഒരു ടോപ് മോഡലിനെപ്പോലെ. നല്ല ഉയരം, സുന്ദരമായ ചര്‍മം...'' 1997-ല്‍ ഒരഭിമുഖത്തിനിടെ ട്രംപ് ഇങ്ങനെ പറഞ്ഞിരുന്നു.
ഡയാനയുടെ മരണശേഷം 2000-ല്‍ ഒരു റേഡിയോ അഭിമുഖത്തില്‍ ലോകത്തെ ഏറ്റവും സുന്ദരികളായ പത്തുപേരുടെ പട്ടികയില്‍ താന്‍ ഡയാനയെ ഉള്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അവരുമായി ഒരു ബന്ധത്തിന് തയ്യാറാകുമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ''ഒന്നുമാലോചിക്കാതെ അത് ചെയ്യും'' എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഡയാനയുടെ വിയോഗത്തിന്റെ രണ്ടാം വര്‍ഷം പുറത്തിറങ്ങിയ 'ദി ആര്‍ട്ട് ഓഫ് ദി കംബാക്ക്' എന്ന പുസ്തകത്തില്‍ ഡയാനയുമായി അടുപ്പം സ്ഥാപിക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്ന് ട്രംപ് എഴുതിയിരുന്നു. ''അവര്‍ ആളുകളെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് കാണാതിരിക്കാനായില്ല. പ്രകാശം പരത്തുന്ന വ്യക്തിത്വം. അവരുടെ ചാരുതയും സാന്നിധ്യവും ഒന്ന് വേറെ തന്നെ. കരുണാമയിയായ രാജകുമാരിയായിരുന്നു അവര്‍. സ്വപ്നസുന്ദരി.''
പക്ഷേ, സെലീന ഉയര്‍ത്തിയ ആരോപണങ്ങളെ ട്രംപ് പാടെ തള്ളിക്കളഞ്ഞു. ഡയാനയുടെ വ്യക്തിത്വത്തെ ബഹുമാനിച്ചിരുന്നു, അവരുടെ സൗന്ദര്യത്തില്‍ ആകര്‍ഷണവും തോന്നിയിരുന്നു. എന്നാല്‍, അതിനപ്പുറം മറ്റൊരു ചിന്തയും തനിക്കില്ലായിരുന്നു എന്നാണ് ട്രംപ് പ്രതികരിച്ചത്.
Content Highlights: princess dianas friend reveal donald trump used to sent flowers to diana
Published: 27 May 2025, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented