മുൻ ഇംഗ്ലീഷ് ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമിന്റെ കുടുംബത്തിൽ കുറച്ചുനാളുകളായി പ്രശ്‌നങ്ങളാണ്. ബെക്കാമും ഭാര്യ വിക്ടോറിയയും അവരുടെ മൂത്തമകൻ ബ്രൂക്ക്‌ലിനും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒടുവിൽ വലിയ പൊട്ടിത്തെറികളിലേക്ക് നീങ്ങുകയായിരുന്നു. പരസ്പരം മിണ്ടുകപോലുമില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത് വളരെ പെട്ടെന്നാണ്. ബെക്കാമിനെയും ഭാര്യ വിക്ടോറിയയെയും ബ്രൂക്ക്‌ലിൻ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതും വാർത്തയായി. പക്ഷേ അപ്പോഴൊന്നും ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.

എന്നാലിപ്പോൾ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രൂക്ക്‌ലിൻ. അച്ഛനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബ്രൂക്ക്‌ലിൻ നടത്തിയത്. തന്റെ ഭാര്യ നികോള പെൽറ്റ്‌സിനെ മാതാപിതാക്കൾ നിരന്തരം അപമാനിച്ചുവെന്നും അവരെ കാണാനായി ലണ്ടനിലെത്തിയപ്പോൾ അതിനുള്ള അനുമതി നിഷേധിച്ചെന്നും ബ്രൂക്ക്‌ലിൻ അവകാശപ്പെടുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യങ്ങൾ ബ്രൂക്ക്‌ലിൻ വെളിപ്പെടുത്തിയത്.

''ഒരുമിച്ചു ജീവിക്കാൻ ഞങ്ങളൊരുപാട് ശ്രമിച്ചു. പക്ഷേ എന്റെ കുടുംബം നികോളയെ നിരന്തരം അപമാനിച്ചുകൊണ്ടേയിരുന്നു. അമ്മ എന്റെ മുൻ കാമുകിമാരെ ഞങ്ങളുടെ ജീവിതത്തിലേക്ക് പലപ്പോഴും വലിച്ചിട്ടു. എന്റെയും നികോളയുടെയും ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുകയെന്നതായിരുന്നു അമ്മയുടെ ലക്ഷ്യം'', ബ്രൂക്ക്‌ലിൻ ആരോപിക്കുന്നു.

''ഈ പ്രശ്‌നങ്ങൾക്കെല്ലാമിടയിലും അച്ഛന്റെ ജൻമദിനം ആഘോഷിക്കാനായി നികോളയും ഞാനും ലണ്ടനിലേക്ക് പോയി. അദ്ദേഹത്തോടൊപ്പം കുറച്ചധികം സമയം ചെലവഴിക്കാമെന്ന് കരുതിയാണ് അവിടെത്തിയത്. ഒരാഴ്ചയോളം ഞങ്ങൾ ഹോട്ടൽമുറിയിൽ കാത്തിരുന്നു. എന്നിട്ടും കാണാൻ സമ്മതിച്ചില്ല. കാണാനുള്ള ഞങ്ങളുടെ ശ്രമങ്ങളെല്ലാം നിരസിക്കപ്പെട്ടു. ഒടുവിൽ എന്നെ കാണാൻ അച്ഛൻ സമ്മതിച്ചു. നികോള കൂടെയുണ്ടാവാൻ പാടില്ലെന്ന വ്യവസ്ഥയിലായിരുന്നുവത്. അതെന്റെ മുഖത്തേറ്റ അടിയായിരുന്നു. കുടുംബം ഒന്നടങ്കം ലോസ് ആഞ്ചൽസിലേക്ക് വന്നപ്പോഴും എന്നെ കാണാൻ വിസമ്മതിച്ചു. ഞാൻ ഇത്രയും നാൾ നിശബ്ദനായി നിന്നു. ഈ കാര്യങ്ങളെല്ലാം സ്വകാര്യമായി സൂക്ഷിക്കാനുള്ള ശ്രമങ്ങളും നടത്തി. പക്ഷേ അതെല്ലാം പരാജയപ്പെട്ടു''. തനിക്കുവേണ്ടി സംസാരിക്കുകയും ചില നുണകൾക്കുപിന്നിലെ സത്യം പറയുകയുമല്ലാതെ തനിക്ക് മറ്റ് മാർഗങ്ങളില്ലെന്നും ബ്രൂക്ക്‌ലിൻ പറയുന്നു. കുടുംബവുമായി ഇനി ഒത്തുതീർപ്പിനില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.

ബ്രൂക്ക്‌ലിന്റെ വെളിപ്പെടുത്തലിൽ വിക്ടോറിയയോ ബെക്കാമോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. 2022-ലാണ് നടി നികോള പെൽറ്റ്‌സിനെ ബ്രൂക്ക്‌ലിൻ വിവാഹം കഴിക്കുന്നത്. ഡേവിഡ് ബെക്കാം-വിക്ടോറിയ ദമ്പതികൾക്ക് ബ്രൂക്ക്‌ലിൻ ഉൾപ്പെടെ നാലുമക്കളാണുള്ളത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi