
സഞ്ജയ് കപൂറും ഭാര്യ പ്രിയ സച്ച്ദേവും /instagram: priyasachdevkapur
അന്തരിച്ച സഞ്ജയ് കപൂറിന്റെ ഭാര്യ പ്രിയ സച്ച്‌ദേവ് കപൂറിനെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുന്നതിന് അംഗീകാരം നൽകി സോനാ കോംസ്റ്റാർ ഓഹരി ഉടമകൾ. സഞ്ജയ് കപൂറിന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് കപൂർ കുടുംബത്തിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് ഈ നിയമനം.
ജൂലൈ 25-ന് നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ, പ്രിയയുടെ നിയമനത്തിനുള്ള പ്രമേയം 99.44 ശതമാനം വോട്ടുകളോടെ പാസാക്കിയതായി കമ്പനി റെഗുലേറ്ററി ഫയലിങ്ങിൽ അറിയിച്ചു. 2025 ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധികാരങ്ങളോടെ പ്രിയയെ അഡീഷണൽ ഡയറക്ടറായി നിയമിച്ചതായി അതിൽ പറയുന്നു. സ്ഥാപനത്തിന്റെ അധ്യക്ഷനായിരുന്ന സഞ്ജയ് കപൂർ, ജൂൺ 12-ന് ലണ്ടനിൽ പോളോ കളിക്കുന്നതിനിടെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് ജൂൺ 23-ന് ബോർഡ്, ജെഫ്രി മാർക്ക് ഓവർലിയെ ഐകകണ്‌ഠ്യേന ചെയർമാനായി നിയമിക്കുകയായിരുന്നു.
കമ്പനിയുടെ വാർഷിക പൊതുയോഗം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത് സഞ്ജയുടെ അമ്മയും സോന ഗ്രൂപ്പിന്റെ മുൻ ചെയർപേഴ്സണുമായ റാണി കപൂർ ജൂലൈ 24 ന് ബോർഡിന് അയച്ചിരുന്നു. എന്നാൽ വാർഷിക പൊതുയോഗം നിശ്ചയിച്ചതുപോലെ നടന്നു. കമ്മിറ്റി പരിശോധിച്ച ശേഷം പ്രിയയുടെ നിയമനം ബോർഡ് അംഗീകരിക്കുകയും ചെയ്തു. കുടുംബത്തിന്റെ ദുഃഖാചരണ സമയം ചില വ്യക്തികൾ നിയന്ത്രണം പിടിച്ചെടുക്കാനും കുടുംബ പാരമ്പര്യം തട്ടിയെടുക്കാനുമുള്ള അവസരമായി ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണമായിരുന്നു റാണി കപൂർ ബോർഡിനയച്ച കത്തിലെ ഉള്ളടക്കം. കൂടാതെ മകന്റെ അപ്രതീക്ഷിത മരണത്തിലും അവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കമ്പനിയിലെ കുടുംബത്തിന്റെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില ആളുകൾ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായി സ്വയം അവകാശപ്പെടുന്നുണ്ടെന്നും അവരുടെ കത്തിൽ പറയുന്നു. തന്റെ നിയമോപദേശകനായ സീനിയർ അഭിഭാഷകൻ വൈഭവ് ഗഗ്ഗർ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ, സംഭവങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണത്തെയും അവർ ചോദ്യം ചെയ്തു.
താൻ മാനസികമായി തളർന്നിരിക്കുമ്പോൾ രേഖകളിൽ ഒപ്പിടാൻ ചിലർ സമ്മർദ്ദം ചെലുത്തിയതായും റാണി കപൂർ ആരോപിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: sona comstar shareholders approve priya s sachdev kapur`s appointment amidst family disputes following sanjay kapur`s demise.
Published: 27 Jul 2025, 04:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented