മകന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ കമ്പനിയുടെ വാർഷിക പൊതുയോഗം (എജിഎം) മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് കപൂറിന്റെ കമ്പനിയായ സോന കോംസ്റ്റാറിന്റെ ബോർഡിനും ഓഹരി ഉടമകൾക്കും കത്തെഴുതി അദ്ദേഹത്തിന്റെ അമ്മ റാണി കപൂർ. കഴിഞ്ഞ മാസം സഞ്ജയ് കപൂറിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അവർ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സോന കോംസ്റ്റാറിന്റെ മുൻ ചെയർപേഴ്സൺ കൂടിയാണ് റാണി കപൂർ. കഴിഞ്ഞ മാസം മകന്റെ മരണശേഷം ബലപ്രയോഗവും രേഖകളുടെ ദുരുപയോഗവും കുടുംബ പാരമ്പര്യം തട്ടിയെടുക്കാനുള്ള ശ്രമങ്ങളും നടന്നതായി അവർ കത്തിൽ ആരോപിച്ചു.

എജിഎം രണ്ടാഴ്ചയെങ്കിലും മാറ്റിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. മകന്റെ സംശയാസ്പദമായ മരണത്തെ തുടർന്ന് കുടുംബം കടുത്ത ദുഃഖത്തിലായിരിക്കുന്ന സമയത്ത് എജിഎം നടത്തുന്നതിനെതിരെയും അവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. സോന കോംസ്റ്റാർ ഉൾപ്പെടെ സോന ഗ്രൂപ്പിലെ ഭൂരിഭാഗം ഓഹരികളും തനിക്കാണെന്നും റാണി കപൂർ കത്തിൽ പറയുന്നു. മകന്റെ വിയോഗത്തിന്റെ ദുഃഖത്തിൽ കഴിയുമ്പോഴാണ് വിശദീകരണം നൽകാതെ വിവിധ രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചതെന്നും അവർ ആരോപിച്ചു. രേഖകളുടെ ഉള്ളടക്കം എന്താണെന്ന് അന്ന് താൻ ആവർത്തിച്ച് ചോദിച്ചിട്ടും അവർ വെളിപ്പെടുത്തിയില്ലെന്നും റാണി പറയുന്നു.

'കമ്പനിയിലെ കുടുംബത്തിന്റെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില ആളുകൾ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായി സ്വയം അവകാശപ്പെടുന്നുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു. എന്റെ മകന്റെ മരണശേഷം മാനസികവും വൈകാരികവുമായ ദുർബലമായ സമയത്ത് തന്നെ നിർബന്ധിപ്പിച്ച് തയ്യാറാക്കിയ രേഖകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മനസിലായി' അവർ പറഞ്ഞു. കപൂർ കുടുംബത്തിന്റെ പ്രതിനിധിയായി പുതിയ ഡയറക്ടർമാരെ കൊണ്ടുവരാൻ താൻ ആർക്കും സമ്മതം നൽകിയിട്ടില്ലെന്നും ഔദ്യോഗികമായി ആരേയും നാമനിർദേശം നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

അന്തരിച്ച സഞ്ജയ് കപൂർ പ്രമുഖ വ്യവസായിയും നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമാണ്. ജൂൺ 12-ന് ലണ്ടനിൽ പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് സഞ്ജയ് കപൂർ മരിച്ചത്. ജൂൺ 19-ന് ദക്ഷിണ ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളും നടന്നു. സഞ്ജയ് കപൂർ സോന കോംസ്റ്റാറിന്റെ ചെയർമാനായിരുന്നു. അദ്ദേഹം 2003-ൽ കരിഷ്മ കപൂറിനെ വിവാഹം കഴിച്ചു. എന്നാൽ, 2014-ൽ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും 2016-ൽ വിവാഹമോചനം നേടുകയും ചെയ്തു. വേർപിരിയലിന് ശേഷം സഞ്ജയ്, പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചു.

1997-ൽ സഞ്ജയ് കപൂറിന്റെ മുത്തച്ഛനാണ് സോന കോംസ്റ്റാർ സ്ഥാപിച്ചത്. ഫോർബ്‌സിന്റെ കണക്കനുസരിച്ച് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി 1.2 ബില്യൺ ഡോളറായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi