സാധാരണ ഗര്‍ഭധാരണം മുതല്‍ വാടകഗര്‍ഭപാത്രം വരെ കുട്ടികള്‍ക്കായി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുക്കാറുണ്ട്. ദത്തെടുക്കല്‍ പ്രക്രിയവഴിയും നിരവധി നടിമാര്‍ തങ്ങളുടെ രക്ഷാകര്‍തൃത്വത്തിലേക്ക് കടന്നിട്ടുണ്ട്. ഇത് ഒരു ദയയായല്ല, ധീരമായ പ്രസ്താവനയായാണ് അവര്‍ കണക്കാക്കുന്നത്. അങ്ങനെ ദത്തെടുക്കല്‍ നടത്തിയ ചില ബോളിവുഡ് അഭിനേത്രികളെ പരിചയപ്പെടാം..

സുസ്മിത സെന്‍
2000-ത്തിലാണ് 24 വയസ്സുള്ള സുസ്മിത സെന്‍ തന്റെ ആദ്യ മകള്‍ റെനിയെ ദത്തെടുക്കുന്നത്. പിന്നീട് 2010-ല്‍ അവര്‍ രണ്ടാമത്തെ മകള്‍ അലിസയെയും ദത്തെടുത്തു. സമൂഹത്തിന്റെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നിട്ടും, സുസ്മിത സ്വന്തം നിബന്ധനകളില്‍ മാതൃത്വം സ്വീകരിച്ചു. പെണ്‍മക്കള്‍ക്ക് സ്‌നേഹവും സുരക്ഷയും നല്‍കി. അവിവാഹിതയായ സ്ത്രീ എന്ന നിലയില്‍ നിയമപരമായ തടസ്സങ്ങള്‍ ഒരുപാട് അവര്‍ക്ക് നേരിടേണ്ടി വന്നു.

രവീണ ടണ്ടന്‍
21 വയസ്സുള്ളപ്പോഴാണ് പൂജ, ഛായ എന്നീ രണ്ട് പെണ്‍കുട്ടികളെ രവീണ ടണ്ടന്‍ ദത്തെടുത്തത്. 1995 ല്‍ രവീണ തന്റെ കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയമായിരുന്നുവത്. അനില്‍ തഡാനിയെ വിവാഹം കഴിക്കുന്നത് വരെ സിംഗിള്‍ പാരന്റായാണ് അവര്‍ കുട്ടികളെ വളര്‍ത്തിയത്. അനില്‍ തഡാനിയില്‍ രണ്ടുമക്കള്‍ കൂടിയുണ്ട്.

സണ്ണി ലിയോണ്‍
2017-ല്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും മകള്‍ നിഷ കൗര്‍ വെബറിനെ ദത്തെടുത്തു. അന്ന് കുട്ടിക്ക് ഏകദേശം 21 മാസം പ്രായമുണ്ടായിരുന്നു. പിന്നീട് വാടക ഗര്‍ഭധാരണത്തിലൂടെ ദമ്പതികള്‍ക്ക് ഇരട്ട ആണ്‍മക്കളും ഉണ്ടായി. ദത്തെടുക്കല്‍ സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പായിരുന്നെന്ന് സണ്ണി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

മന്ദിര ബേദി
2020 ജൂലൈയില്‍ മന്ദിര ബേദി ഭര്‍ത്താവ് രാജ് കൗശലിനൊപ്പം താര എന്ന നാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. അവര്‍ക്ക് ഇതിനകം തന്നെ 2011 ല്‍ വീര്‍ എന്ന ഒരു മകനുണ്ടായിരുന്നു. 2021-ല്‍ രാജ് കൗശലിന്റെ മരണശേഷം, മന്ദിര സിംഗിള്‍ പാരന്റ് എന്ന നിലയില്‍ തന്റെ യാത്ര തുടര്‍ന്നു. ഒരു മകള്‍ വേണമെന്ന കുടുംബത്തിലെ ദീര്‍ഘകാല ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായാണ് താരയുടെ ദത്തെടുക്കലിനെ അവര്‍ അഭിമുഖങ്ങളില്‍ വിശേഷിപ്പിച്ചത്.

നീലം കോത്താരി
2011-ല്‍ വിവാഹിതരായ നീലം കോത്താരിയും സമീര്‍ സോണിയും 2013-ല്‍ അഹാന എന്ന മകളെ ദത്തെടുത്തു. ഇരുവരും ഒരു മകളെ എത്ര ആഗ്രഹിച്ചുവെന്നും എങ്ങനെ ദത്തെടുക്കല്‍ തിരഞ്ഞെടുത്തുവെന്നും നീലം മുന്‍പ് വിവരിച്ചിട്ടുണ്ട്. മാതാപിതാക്കളാകാനുള്ള ഒരു വഴി എന്ന നിലയില്‍ മാത്രമല്ല, ഒരു പോസിറ്റീവ് പ്രവൃത്തിയായും ഒരു കുട്ടിക്ക് ഒരു ജീവിതം നല്‍കുക, കുടുംബത്തിലേക്ക് പുതിയ ഒരാളെ ചേര്‍ക്കുക എന്നീ കാര്യങ്ങളും തീരുമാനത്തിനു പിന്നിലുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi