ബിഗ് ബോസ് മലയാളത്തിന്റെ വാരാന്ത്യ എപ്പിസോഡിൽ ഹോമോഫോബിയക്കെതിരേ മോഹൻലാൽ നടത്തിയ ശക്തമായ പരാമർശം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. സ്വവർഗ ദമ്പതികളും മത്സരാർഥികളുമായ ആദിലയ്ക്കും നൂറയ്ക്കുമെതിരെ ലക്ഷ്മിയെന്ന മത്സരാർഥി നടത്തിയ പരാമർശങ്ങൾ നേരത്തേ വിവാദമായിരുന്നു. മോഹൻലാൽ ലക്ഷ്മിയുടെ പരാമർശങ്ങളെ ചോദ്യംചെയ്തു. സ്വവർഗവിദ്വേഷത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു.
ആദിലയുടെയും നൂറയുടെയും ബന്ധത്തെയും ഷോയിൽ പങ്കെടുക്കാനുള്ള അവരുടെ അവകാശത്തെയും ചോദ്യം ചെയ്തുകൊണ്ട്, മറ്റുള്ളവരുടെ വീടുകളിൽ അവരെ സ്വാഗതം ചെയ്യില്ലെന്ന് ലക്ഷ്മി ബിഗ് ബോസിൽ അവകാശപ്പെട്ടിരുന്നു. രോഷാകുലനായ മോഹൻലാൽ ലക്ഷ്മിയെ ശാസിച്ചു. “ആരാണ് വീടുകളിൽ സ്വീകരിക്കപ്പെടാൻ യോഗ്യരല്ലാത്തവർ?” എന്ന് ചോദിക്കുകയും ചെയ്തു.
ലക്ഷ്മി തൻ്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നപ്പോൾ, “ഞാൻ അവരെ എൻ്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യും. നിങ്ങൾ ഇവിടെയായിരിക്കുമ്പോൾ ഇത്തരം അഭിപ്രായങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം. ആരാണ് വീടുകളിൽ പ്രവേശിക്കേണ്ടതെന്ന് പറയാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്? നിങ്ങൾക്ക് അവരെ സഹിക്കാൻ കഴിയുന്നില്ലെങ്കിൽ, വീട്ടിൽ നിന്ന് പുറത്തുപോകുക, ഷോയിൽ നിന്ന് ഇറങ്ങിപ്പോവുക”-ശക്തമായ ഭാഷയിൽ തന്നെ അദ്ദേഹം പറഞ്ഞു.
ഹോമോഫോബിക് പരാമർശം നടത്തിയ മറ്റൊരു മത്സരാർഥി മസ്താനിയോടുംകൂടി ചേർത്തായിരുന്നു മോഹൻലാലിന്റെ ശാസന. അതേസമയം, മോഹൻലാലിന്റെ ശക്തമായ നിലപാടുകൾ സോഷ്യൽമീഡിയയിൽ വളരെവേഗം വൈറലായി. മുൻ മത്സരാർഥികളടക്കം ഒട്ടേറെപ്പേരാണ് നടനെ പ്രശംസിച്ച് രംഗത്തെത്തിയത്.
“ലാൽ സാർ, രോമാഞ്ചം, പൊളിച്ചു”-എന്നായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണന്റെ കമന്റ്. സമൂഹം ഒന്നടങ്കം പറയേണ്ടിയിരുന്ന കാര്യമാണ് ലാലേട്ടൻ ഇപ്പോൾ പറഞ്ഞതെന്ന് മുൻസീസണിലെ മത്സരാർഥിയും നടിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ നാദിറ മെഹ്റിൻ അഭിപ്രായപ്പെട്ടു.
ഈ രണ്ട് സ്ത്രീകളും (ലക്ഷ്മി, മസ്താനി) തെറ്റുകാർ മാത്രമല്ല, അവർ അപകടകാരികളുമാണെന്ന് റിയാസ് സലിം എഴുതി. ശ്രീരേഖ, അഭിഷേക് ജയദീപ്, ദിയ സന, അശ്വിൻ വിജയ്, അലസ്സാൻഡ്ര ജോൺസൺ തുടങ്ങിയവരും കമന്റുമായെത്തിയിട്ടുണ്ട്.
“ലാലേട്ടൻ കുലസ്ത്രീകളെയും സ്ത്രീവിരുദ്ധരെയും ഹോമോഫോബിക്കുകളെയും പൊരിക്കുന്നു. എന്തൊരു മനുഷ്യൻ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹത്തോടുള്ള എൻ്റെ ബഹുമാനം കൂടി” എന്നായിരുന്നു എക്സിൽ ഒരാളുടെ കമന്റ്. ബിഗ് ബോസ് പ്രേക്ഷകരല്ലാത്തവരുപോലും കമന്റുകളുമായെത്തിയെന്നതും പ്രത്യേകതയാണ്. മോഹൻലാലിനെപ്പോലൊരു സൂപ്പർതാരത്തിൻ്റെ വായിൽ നിന്ന് വരുന്ന ഇത്തരം വാക്കുകൾ അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mohanlal confronts contestant Lakshmi for homophobic remarks against same-sex couple Adhila & Noora on Bigg Boss Malayalam 7, earning praise online.
Published: 14 Sept 2025, 01:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented