പട്ടാളക്കാരനായ അച്ഛനില്‍ അഭിമാനിക്കുന്ന മകളാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെന്നും. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷപശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. പഴയ ഒരു അഭിമുഖത്തില്‍ തന്റെ അച്ഛന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സമയത്തിനെപ്പറ്റി അനുഷ്‌ക പറഞ്ഞിരുന്നു. 1999-ലെ കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍ 11 വയസ്സുമാത്രമായിരുന്നു അനുഷ്‌കയുടെ പ്രായം.
കടന്നുപോകുന്ന സാഹചര്യം എത്രത്തോളം ഭീതി പടര്‍ത്തുന്നതാണെന്നോ പ്രാധാന്യമുള്ളതാണെന്നോ മനസ്സിലാവുന്നുണ്ടായിരുന്നില്ല. അച്ഛന്‍ യുദ്ധഭൂമിയില്‍ നിന്ന് വിളിച്ചപ്പോള്‍ സ്‌കൂളിലെ കാര്യങ്ങളും ആണ്‍സുഹൃത്തുക്കളെപ്പറ്റിയുമാണ് അനുഷ്‌ക സംസാരിച്ചിരുന്നതത്രെ.
''കാര്‍ഗില്‍ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു. എന്റെ അമ്മയുടെ ആ സമയത്തെ പ്രവൃത്തികള്‍ കണ്ടാല്‍ പേടിയാവുമായിരുന്നു. ദിവസം മുഴുവന്‍ വാര്‍ത്താചാനല്‍ വെച്ച് മരണങ്ങള്‍ പ്രഖ്യാപിക്കുന്നതു കണ്ട് അസ്വസ്ഥയായിക്കൊണ്ടിരുന്നു അവര്‍. അച്ഛന്‍ വിളിക്കുമ്പോഴും അദ്ദേഹത്തിന് അത്രയ്‌ക്കൊന്നും പറയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. യുദ്ധമുഖത്താണ് അച്ഛനെന്നതിന്റെ പ്രാധാന്യമറിയാതെ ഞാനെന്തൊക്കെയോ പറയും. ഞാനൊരു സൈനിക ഉദ്യോഗസ്ഥന്റെ മകളാണ്, നടിയാണ് എന്നതിലൊക്കെ ഉപരിയാണത്''-അനുഷ്‌ക പറഞ്ഞു.
കേണല്‍ (റിട്ട.) അജയ് കുമാര്‍ ശര്‍മയാണ് അനുഷ്‌കയുടെ അച്ഛന്‍. 1982 മുതല്‍ ഇന്ത്യയുടെ യുദ്ധങ്ങളിലും യുദ്ധസമാനമായ സാഹചര്യങ്ങളിലും സജീവമായി പങ്കെടുത്തു. ഓപറേഷന്‍ ബ്ലൂസ്റ്റാറും കാര്‍ഗില്‍ യുദ്ധവുമാണ് ഇതില്‍ പ്രധാനം. വീട്ടിലെ പട്ടാളച്ചിട്ടലിലുള്ള ജീവിതമാണ് തന്റെ ആരോഗ്യത്തിന്‍ രഹസ്യമെന്നും ആ ജീവിതമാണ് ജീവിതത്തില്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന് വഴിയൊരുക്കിയതെന്നും അനുഷ്‌ക പറഞ്ഞിട്ടുണ്ട്. അമ്മ ആഷിമ ശര്‍മയാണ് അനുഷ്‌കയുടെയും സഹോദരന്‍ കര്‍ണേഷ് ശര്‍മയുടേയും കാര്യങ്ങള്‍ നോക്കിയിരുന്നത്. കര്‍ണേഷ് നേരത്തേ മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു, പിന്നീട് നിര്‍മാണത്തിലേക്ക് കടന്നു.
ഈ സമയങ്ങളില്‍ നമ്മെ സംരക്ഷിച്ചതിന് നമ്മുടെ ഇന്ത്യന്‍ സായുധ സേനയില്‍ വീരന്മാരോട് എന്നേക്കും നന്ദിയുള്ളവരാണെന്നും അവരും അവരുടെ കുടുംബങ്ങളും ചെയ്ത ത്യാഗങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദിയെന്നുമായിരുന്നു സംഘര്‍ഷസമയത്ത് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്. അതേസമയം, ബോളിവുഡ് താരങ്ങളോ ക്രിക്കറ്റ് താരങ്ങളോ അല്ല, ജവാന്മാരാണ് യഥാര്‍ഥ വീരന്മാരെന്നും അനുഷ്‌ക അഭിപ്രായപ്പെട്ടിട്ടുണ്ട്.
Content Highlights: anushka sharma was 11 when her father fought in the kargil war
Published: 12 May 2025, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented