താരങ്ങളായ ഗോവിന്ദയും നീലം കോത്താരിയും പ്രണയത്തിലാണെന്ന വാർത്തകൾ പലപ്പോഴും പ്രചരിച്ചിട്ടുണ്ട്. 1980-കളിലാണ് ഈ ഗോസിപ്പുകളുണ്ടായത്. അന്ന് ഗോവിന്ദയും നീലവും പല സിനിമകളിലും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. നീലത്തിനോടുള്ള സ്‌നേഹവും ആരാധനയും ഗോവിന്ദയുടെ കുടുംബത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

To advertise here,

ഈയിടെ സിദ്ധാർഥ് കണ്ണനുമായുള്ളൊരു അഭിമുഖത്തിൽ നീലവുമായി പ്രണയത്തിലായിരുന്നോ എന്നൊരു ചോദ്യം അദ്ദേഹത്തിന് നേരിടേണ്ടിവന്നു. തങ്ങൾ അടുപ്പത്തിലായിരുന്നുവെന്നും നീലം കോത്താരിയോട് തനിക്കേറെ ആകർഷണം തോന്നിയിരുന്നുവെന്നും ഗോവിന്ദ തുറന്നുപറഞ്ഞു. ''നോക്കൂ, എന്നെപ്പോലെയുള്ള ഗ്രാമീണരായ യുവാക്കളുണ്ടല്ലോ. ഞങ്ങൾക്ക് വെളുത്ത പെൺകുട്ടികളെ ഏറെ ഇഷ്ടമായിരുന്നു. വിപരീതതലത്തിലുള്ള ആളോടുള്ള ആകർഷണം, ഇത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. നീലം വ്യത്യസ്തയായ പെൺകുട്ടിയാണ്. അവളെ കാണാൻ ഒരു പാവയെപ്പോലായിരുന്നു''.

നീലത്തോടൊപ്പം ജോലിചെയ്യാൻ അവസരം ലഭിക്കുന്നതിന് മുമ്പ് തന്നെ താൻ അവരുടെ വലിയ ആരാധകനായിരുന്നുവെന്നും ഗോവിന്ദ വെളിപ്പെടുത്തി. ''പാവയെപ്പോലെയുള്ള വ്യക്തിത്വമുള്ള പെൺകുട്ടി. അവളുടെ സിനിമകൾ കാണുമ്പോഴൊന്നും അവൾക്കൊപ്പം ജോലി ചെയ്യാൻ പറ്റുമെന്ന് കരുതിയിരുന്നതേയില്ല. ഒടുവിൽ നീലം എന്റെ നായികയായി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല''.

നീലവുമായി ബന്ധമുണ്ടായിരുന്നുവെന്ന് നേരിട്ട് പറഞ്ഞില്ലെങ്കിലും, തനിക്ക് അവളോട് ഫീലിങ്‌സ് ഉണ്ടായിരുന്നുവെന്നും ഗോവിന്ദ സൂചിപ്പിച്ചു. ''അക്കാലത്ത് കാര്യങ്ങൾ ഇന്നത്തെ പോലെ ആയിരുന്നില്ല. അക്കാലത്ത് പ്രണയം എന്നത് പരസ്പരം നോക്കുന്നതിനെക്കുറിച്ചായിരുന്നു. ഒരുമിച്ച് എത്ര നല്ല ജോലികൾ ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. എല്ലാ സിനിമകളും ഹിറ്റായിരുന്നു, പാട്ടുകളും ഹിറ്റായിരുന്നു'', ഗോവിന്ദ ഓർക്കുന്നു.

മുമ്പ് ഇതിനേക്കുറിച്ച് ചോദിച്ചപ്പോൾ നീലം പറഞ്ഞതിങ്ങനെ, ''ആരുപറഞ്ഞു ഇതൊക്കെ? ഗോവിന്ദ നല്ലൊരു മനുഷ്യനാണ്. പക്ഷേ, ഈ കാര്യം സത്യമല്ല. ഞങ്ങൾ കുറേ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങൾ പ്രണയത്തിലായിരുന്നുവെന്ന കാര്യം സത്യമല്ലെന്ന് എനിക്കുറപ്പിച്ചു പറയാൻ പറ്റും. ഞങ്ങൾക്കിടയിൽ ഒന്നുമില്ലായിരുന്നു. നിങ്ങൾ ഒരു ഹീറോയ്‌ക്കൊപ്പം രണ്ടോ മൂന്നോ സിനിമ ചെയ്താൽ, ആളുകൾ നിങ്ങൾ പ്രണയത്തിലാണെന്ന് കരുതും''.

1990-ൽ ഒരഭിമുഖത്തിൽ തനിക്ക് നീലവുമായി പ്രണയമായിരുന്നുവെന്ന് ഗോവിന്ദ തുറന്നുസമ്മതിച്ചു. അതിന്റെ പേരിൽ തന്റെ വിവാഹനിശ്ചയം പോലും വേണ്ടെന്നുവെക്കാൻ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi