ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയമാണ് രേഖയുടെയും അമിതാഭ് ബച്ചന്റെയും. ജയബാദുരിയുമായുള്ള വിവാഹശേഷമായിരുന്നു ബച്ചനും രേഖയും തമ്മിലുള്ള പ്രണയം തുടങ്ങുന്നതും. ഈ ബന്ധത്തെപ്പറ്റി രേഖ എപ്പോഴും തുറന്നുസംസാരിച്ചിട്ടുണ്ട്. എന്നാൽ, ബിഗ് ബി ഒരിക്കൽപ്പോലും അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, തങ്ങൾ പ്രണയത്തിലായിരുന്നുവെന്നുപോലും തുറന്നുസമ്മതിച്ചിട്ടില്ല.
ദോ അഞ്ജാനെ, ആലാപ്, സുഹാഗം, റാം ബൽറാം തുടങ്ങി ഒട്ടേറെ സിനിമകളിൽ ഇരുവരും ഒരുമിച്ചു. ആ പ്രണയം തന്റെ സിനിമയ്ക്ക് മുതൽക്കൂട്ടാവുമെന്ന് ചിന്തിച്ചാണ് 'സിൽസില'യിലേക്ക് അമിതാഭ്, രേഖ, ജയബാദുരി എന്നിവരെ സംവിധായകൻ യഷ് ചോപ്ര ക്ഷണിക്കുന്നത്. അമിതാഭും രേഖയും ഒരുമിച്ച അവസാനചിത്രം. ''ഇനി ഞങ്ങൾ ഒരുമിച്ച് അഭിനയിക്കില്ലെന്ന് അമിതാഭ് ആണ് പറഞ്ഞത്. കാരണം ഇന്നുമറിയില്ല'', രേഖ ഒരിക്കൽ പറഞ്ഞു. ''ഞാൻ പ്രണയത്തിലായിരുന്നു. പക്ഷേ അദ്ദേഹം അത് തുറന്നുസമ്മതിക്കില്ല. അദ്ദേഹത്തിന് കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യം നോക്കണം'', അമിതാഭിനെക്കുറിച്ച് രേഖ പറഞ്ഞതിങ്ങനെ.
ഇപ്പോഴിതാ അവരുടെ പ്രണയത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് എഴുത്തുകാരിയും സംരംഭകയുമായ ബിന രമണി. രേഖയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ബിന. രേഖ രഹസ്യമല്ല, അംഗീകാരമായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും അവർ അഭിപ്രായപ്പെടുന്നു.
''രേഖ വളരെ നല്ല സുഹൃത്തായിരുന്നു. കുട്ടിത്തമുള്ളവൾ. ജീവിതത്തിൽ അവൾ മണ്ടത്തരങ്ങൾ കാണിച്ചിട്ടുണ്ടെങ്കിൽ, അവയെല്ലാം നിഷ്‌കളങ്കതയിൽ നിന്നായിരുന്നു. അവളുടെ ബാല്യത്തിന്റെ കെണിയിലായിരുന്നു അവൾ. അമ്മയ്ക്കും അച്ഛനുമിടയിൽ, അവൾ സ്‌നേഹം ആഗ്രഹിച്ചിട്ടുണ്ടാകണം. പക്ഷേ അതുമാത്രം ലഭിച്ചില്ല. കുട്ടിക്കാലം അവൾക്ക് ശരിക്കും ആസ്വദിക്കാൻ കഴിയാതെ പോയി''.
രേഖ എപ്പോഴും വൈകാരിക സുരക്ഷ തേടിയിരുന്നുവെന്നും അമിതാഭ് ബച്ചനിൽ നിന്ന് രേഖയ്ക്ക് അത് ലഭിച്ചുവെന്നും ബിന പറയുന്നു. ''ഞാൻ അവരെ കണ്ടുമുട്ടിയപ്പോൾ, അവരുടെ ജീവിതം മുഴുവൻ അമിതാഭ് ബച്ചനിൽ മുഴുകിയിരുന്നു. താൻ ആത്മാവിൽ അദ്ദേഹത്തിന്റേതാണെന്ന് അവൾ വിശ്വസിച്ചിരുന്നു. ആത്മാവിൽ അദ്ദേഹം തന്റേതാണെന്നും വിശ്വസിച്ചു''. തങ്ങളുടെ ബന്ധം ഒരിക്കലും പരസ്യമായി അംഗീകരിക്കാൻ കഴിയില്ല എന്ന യാഥാർഥ്യവുമായി രേഖ പോരാടിയതായും ബിന അവകാശപ്പെടുന്നു.
ആയിടയ്ക്ക് അമിതാഭ് രാഷ്ട്രീയത്തിൽ വന്നത് അവരുടെ ബന്ധം തകർത്തുവെന്നും ബിന പറയുന്നു. ''ഒരിക്കൽ അവളെന്നെ കാണാൻ വന്നു. അമിതാഭ് അപ്പോൾ ഒരു പൊതു വ്യക്തിയായി മാറിയതിനാൽ അവർ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നു. ഇനിയൊരിക്കലും നമ്മൾ തമ്മിൽ ഒന്നുമുണ്ടാവില്ലെന്ന് അദ്ദേഹം അവളോട് പറഞ്ഞിരിക്കാം. ആകെ വിഷമത്തിലായിരുന്നു അവൾ വന്നത്'', എഴുത്തുകാരി ഓർക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the untold story behind Rekha and Amitabh Bachchan`s passionate Bollywood romance. A close friend reveals the real reasons for their separation.
Published: 15 Dec 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented