ഇന്ത്യന്‍ സ്ത്രീകളില്‍ 95 ശതമാനം പേര്‍ക്കും ലൈംഗികത ആസ്വദിക്കാനുള്ളതാണെന്ന കാര്യം അറിയില്ലെന്ന് ബോളിവുഡ് നടി നീന ഗുപ്ത അഭിപ്രായപ്പെട്ടു. പുരുഷന്മാരെ പ്രീതിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനും മാത്രമാണ് ലൈംഗികതയെന്ന് പലരും ഇപ്പോഴും കരുതുന്നുണ്ടെന്ന് അവര്‍ പറയുന്നു. സ്ത്രീകളെയും അവരുടെ ലൈംഗികാഭിലാഷങ്ങളെയും കുറിച്ച് എനിക്ക് വളരെ സങ്കടമുണ്ട്. വളരെ ചെറിയൊരു വിഭാഗം സ്ത്രീകള്‍ മാത്രമാണ് ലൈംഗികത പുരുഷനും സ്ത്രീക്കും ആസ്വാദിക്കാനുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്. ഭൂരിപക്ഷത്തിനും അത് ഒരു ആനന്ദമല്ലെന്നും നീന പറയുന്നു.

മനസ്സിലുള്ളത് തുറന്നുപറയാന്‍ മടികാണിക്കാത്ത അഭിനേത്രിയാണ് നീന ഗുപ്ത. മുമ്പും ശക്തമായ നിലപാടുകള്‍ നീനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ചുറ്റുപാടുകളും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്ന വിശ്വാസങ്ങളിലും കപടബന്ധങ്ങളിലും സ്ത്രീ കുടുങ്ങിക്കിടക്കേണ്ടതില്ലെന്നും നീന ഓര്‍മിപ്പിച്ചു.  

'സിനിമകളില്‍ അവര്‍ എന്താണ് കാണിക്കുന്നത്? ഒരു സ്ത്രീയാണെങ്കില്‍, അവരുടെ അടിസ്ഥാന മുദ്രാവാക്യം ഒരു പുരുഷനെ കണ്ടെത്തുക എന്നാണെന്ന്. വാസ്തവത്തില്‍, ചുംബിച്ചാല്‍ ഗര്‍ഭിണിയാകുമെന്നാണ് ദീര്‍ഘകാലം ഞാന്‍ കരുതിയിരുന്നത്. അക്ഷരാര്‍ഥത്തില്‍. നമ്മുടെ സിനിമകള്‍ നമുക്ക് കാണിച്ചുതന്നത് അതാണ്, നമ്മുടെ സിനിമകളില്‍ നിന്ന് പുരുഷന്മാര്‍ക്ക് എന്ത് പാഠമാണുള്ളത്. അവര്‍ ബോസാണെന്ന് പഠിക്കുന്നു, ഇന്നും മിക്ക സിനിമകളുടെയും പ്രധാന പാഠം ഇതാണ്'

'സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നത് നമ്മുടെ സംവിധാനത്തില്‍ വളരെയധികം മാറ്റം കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീകള്‍ സമ്പാദിക്കാന്‍ തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ വര്‍ധിച്ചു, പുരുഷന്‍മാരില്‍ നിന്നുള്ള മോശം കാര്യങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറല്ല. മുമ്പ്, അവര്‍ സമ്പാദിച്ചിരുന്നില്ല, വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല, അതുകൊണ്ട് അവര്‍ക്ക് ആ ജീവിതം നയിക്കേണ്ടിവന്നു. ഇപ്പോള്‍, ചില സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നു, കാര്യങ്ങള്‍ മാറിവരികയാണ്. ഇന്ത്യക്കാര്‍ ലൈംഗികതയെ ഒരു നിഷിദ്ധ വിഷയമായി കാണുന്നത് അവസാനിപ്പിക്കണണെന്നും അത് സാധാരണവല്‍ക്കരിക്കപ്പെടണ'മെന്നും നീന അഭിപ്രായപ്പെട്ടു.