വിന്റർഫാഷൻ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ബൂട്ടുകൾ. തണുപ്പുകാലത്ത് പാദങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ബൂട്ടുകൾ രസകരവും ആകർഷകവും സ്റ്റൈലിഷും ആക്കാമെന്ന് സെലിബ്രിറ്റികൾ തെളിയിച്ചിട്ടുണ്ട്. ബൈക്കർ സ്റ്റൈലുകൾ മുതൽ കാൽമുട്ടോളം വരുന്ന ബൂട്ടുകളും രോമങ്ങളുള്ള സ്നോ ബൂട്ടുകളും വരെ നീളുന്നു ഈ പട്ടിക. വിന്റർ ഫാഷനിൽ പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള മികച്ച മാർഗങ്ങളിലൊന്നുകൂടിയാണിവ. യാത്രകളിലോ ഡേറ്റിങ്ങിലോ നിങ്ങളുടെ വസ്ത്രത്തിന് യോജിക്കുന്ന രീതിയിൽ ബൂട്ടുകൾ സ്റ്റെെൽ ചെയ്യാം. ഈ തണുപ്പുകാലത്ത് നിങ്ങൾ പരീക്ഷിക്കാവുന്ന ചില ബൂട്ട് സ്റ്റൈലുകൾ പരിചയപ്പെടാം...

To advertise here,

ആകർഷകവുമായ ബൈക്കർ ബൂട്ടുകൾ

കറുത്ത ബൈക്കർ ബൂട്ടുകളും ട്രെഞ്ച് കോട്ടും ധരിച്ച് അമേരിക്കൻ മോഡലും നടിയുമായ ബെല്ല ഹദീദ് ഒരു പുതിയ ട്രെൻഡ് തന്നെ സൃഷ്ടിച്ചു. കറുത്ത വസ്ത്രത്തിന് മുകളിൽ ഒരു ക്ലാസിക് സാൻഡ് നിറത്തിലുള്ള ട്രെഞ്ച് കോട്ടും, അതിനൊപ്പം ബക്കിളുകളുള്ള ബൈക്കർ ബൂട്ടുകളും അടങ്ങുന്നതായിരുന്നു നടിയുടെ ലുക്ക്. മനോഹരവും വ്യത്യസ്തവുമായ ബെെക്കർ ബൂട്ടുകൾ ലെഗ്ഗിങ്‌സ്, സ്ലിം ഡെനിം, കമ്പിളികൊണ്ടുള്ള മിനി സ്കർട്ട്, ടൈറ്റ്സ് എന്നിവയ്‌ക്കൊപ്പം സ്റ്റെെൽ ചെയ്യാം. നിങ്ങളുടെ വിന്റർ ലുക്ക് സ്റ്റൈലിഷാക്കാൻ ഇത് ബെസ്റ്റാണ്.

ബർഗണ്ടി നിറത്തിലുള്ള കാൽമുട്ടോളം വരുന്ന ഗ്ലാമർ ബൂട്ടുകൾ

പുതുതലമുറയുടെ ഇടയിൽ പ്രചാരമേറിയ നിറമാണ് ബർഗണ്ടി. ടെയ്‌ലർ സ്വിഫ്റ്റിനേക്കാൾ നന്നായി അത് മറ്റാരും ഉപയോഗിച്ചിട്ടുമില്ല. ടെയ്‌ലർ സ്വിഫ്റ്റിന്റെ തിളങ്ങുന്ന ബർഗണ്ടി നിറത്തിലുള്ള, കാൽമുട്ടോളം വരുന്ന ബൂട്ടുകളും അതിന് ചേർന്ന വസ്ത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ബർഗണ്ടി ബൂട്ടുകൾ ആ വസ്ത്രത്തിന്ആകർഷകവും ശ്രദ്ധേയവുമായ ലുക്ക് നൽകി. ഇതിന്റെ കടുത്ത നിറവും മിനുസമുള്ള ലെതർ ഫിനിഷുകളും ഉയരം കൂടിയ ആളുകളെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. നിറ്റ് ഡ്രസ്സ്, ഡെനിം സ്കർട്ടുകൾ, ലെയറുകളുള്ള വിന്റർ ഷോർട്ട്സ് എന്നിവയ്‌ക്കൊപ്പം ഇത് സ്റ്റെെൽ ചെയ്യാം.

ലഗ്-സോൾ ബൂട്ടുകൾ
ഫാഷനോടൊപ്പം ഉപയോഗക്ഷമതയ്ക്കും പ്രധാന്യം നൽകുന്ന ആളാണ് നിങ്ങളെങ്കിൽ, ലഗ്-സോൾ ബൂട്ടുകൾ ഒരു മികച്ച ഓപ്ഷനാണ്. നഗരത്തിലെ ഏത് നടപ്പാതയ്ക്കും മികച്ച ഒന്നാണ്  ഈ കട്ടിയുള്ള ലഗ്-സോൾ ബൂട്ടുകൾ. ഡെയ്‍ലി വെയറുകൾക്കൊപ്പം ഇത് വളരെ ലളിതമായി ധരിക്കാനാകും. ജീൻസിനോ ടൈറ്റ്സിനോ ഒപ്പവും വലിയ കോട്ടിനൊപ്പവും ലഗ്-സോൾ ബൂട്ടുകൾ വളരെ നന്നായി ചേരും. 

ഫോക്സ്-ഫർ സ്നോ ബൂട്ടുകൾ

ഫാഷന് വേണ്ടി എന്തും ചെയ്യുന്ന പെൺകുട്ടികൾക്കുള്ളതാണ് ഫോക്സ്-ഫർ ബൂട്ടുകൾ. ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ ഈ സ്റ്റൈൽ പ്രിയങ്കരമാവുകയും ഏറെ പ്രചാരം നേടുകയും ചെയ്തു. കെൻഡൽ ജെന്നർ മൃദുലമായ ഫോക്സ്-ഫർ സ്നോ ബൂട്ടുകൾ അയഞ്ഞ ജീൻസിനും നീളമുള്ള ഷിയർലിങ് കോട്ടിനുമൊപ്പം സ്റ്റൈൽ ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ബൂട്ടുകൾ മഞ്ഞുകാലത്ത് ഒരു ആശ്വാസമാണ്. സ്റ്റൈലിൽ വിട്ടുവീഴ്ച ചെയ്യാതെയും ചൂട് നിലനിർത്താനും ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ മികച്ച ഒന്നാണ്.

കാൽമുട്ടോളം വരുന്ന ലെതർ ബൂട്ടുകൾ
ഏത് വസ്ത്രമായാലും ക്ലാസിക് ശെെലിയിലുള്ള കാൽമുട്ടോളം വരുന്ന ലെതർ ബൂട്ടുകൾ എക്കാലത്തും സ്റ്റൈലിഷായി നിലനിൽക്കും. മിനിമലിസ്റ്റ് വസ്ത്രങ്ങൾക്കൊപ്പം സ്റ്റെെൽ ചെയ്യാവുന്ന ഈ ബൂട്ടുകൾ, കൂർത്തതോ മൃദുവായി ഉരുണ്ടതോ ആയ മുൻഭാഗവും മിനുസമുള്ള ലെതറും അടങ്ങിയവയാണ്. നിറ്റ് ഡ്രസ്സുകൾക്കൊപ്പമോ ലെയറുകളുള്ള പാവാടകൾക്കൊപ്പമോ ധരിക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi