ഓണക്കാലത്ത് അണിഞ്ഞൊരുങ്ങലും ഓണക്കോടിയെടുക്കലും ആകെ തിരക്കിലായിരിക്കും എല്ലാവരും. പരമ്പരാഗത കെെത്തറി സാരികളും ഓണപ്പുടവകളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. എന്നാൽ സാരി ഉടുക്കുന്നത് പലപ്പോഴും വെല്ലുവിളിയാണ്. ഭംഗിയായി വീഴാത്ത ഞൊറികളും പുറപ്പെടാൻ നേരം വെപ്രാളത്തിൽ കുത്തുന്ന പിന്നുകളും തിരക്കിനിടയിൽ അഴിഞ്ഞുപോകുമോ എന്ന പേടിയും എല്ലാം ഒപ്പമുണ്ടാകും. എന്നാൽ അക്കാര്യമോർത്ത് ഇനി ടെൻഷൻ വേണ്ട. ഫാഷൻ എന്നത് കാഴ്ചയിൽ മാത്രമല്ല, അനുഭവത്തിലും കൂടിയാണെന്ന് കരുതുന്ന ഈ കാലഘട്ടത്തിൽ, സാരി ഗൗൺ ഫാഷൻ ലോകത്തും പുതുതലമുറയുടെ ഇടയിലും ട്രെൻഡാകുകയാണ്.
എന്താണ് സാരി ഗൗണുകൾ
എളുപ്പത്തിലും അനായാസവും ധരിക്കാവുന്ന സാരി രൂപത്തിലുള്ള ഗൗണുകളാണിവ. ഔദ്യോഗിക ചടങ്ങുകൾക്ക് ധരിക്കാൻ ഗൗണുകൾ എളുപ്പമാണ്, കൂടാതെ സാരിയുടെ നീളമുള്ള തുണി കൈകാര്യം ചെയ്യാൻ കഴിയാത്ത സ്ത്രീകൾക്ക് ഇത് മികച്ചൊരു തിരഞ്ഞെടുപ്പാണ്. പാശ്ചാത്യ രൂപവും ഭാവവും നൽകുന്ന സാരി ഗൗണുകൾ ആഘോഷങ്ങൾക്ക് അണിഞ്ഞൊരുങ്ങാൻ മികച്ച ഓപ്ഷനാണ്. മുന്താണിയോ അധികം വരുന്ന തുണിയോ ശ്രദ്ധിക്കേണ്ടതില്ലാത്തതിനാൽ ഗൗൺ ധരിച്ച് നടക്കാൻ വളരെ എളുപ്പമാണ്.
സാരിയുടെ അതേ ഒഴുക്കിൽ മനോഹരമായ പ്ലീറ്റുകളിൽ തീർത്ത സാരി ഗൗണുകൾ എളുപ്പത്തിലും ഭംഗിയിലും സ്റ്റെെൽ ചെയ്യാവുന്നതാണ്. മുൻകൂട്ടി തുന്നിച്ചേർത്ത, എളുപ്പത്തിൽ ധരിക്കാവുന്ന രൂപത്തിലാണ് ഇവ രൂപപ്പെടുത്തിയിരിക്കുന്നത്. ഗൗൺ പോലെ ധരിക്കാമെങ്കിലും, ഒരു പരമ്പരാഗത സാരിയുടെ പ്രൗഢി നൽകുന്നു. ആഘോഷങ്ങളിൽ അതിന്റെ തനിമ നഷ്ടപ്പെടുത്താതെ സ്ത്രീകൾക്കായി ഒരു പാരമ്പര്യ വേഷത്തിന് പുതിയ രൂപം നൽകുന്നു പോലെ.
സിൽക്ക്, സാറ്റിൻ, പട്ട്,കെെത്തറി തുടങ്ങി എല്ലാ തുണിത്തരങ്ങളിലും ഇന്ന് സാരി ഗൗണുകൾ ലഭ്യമാണ്. സീക്വിൻസും എംബ്രോയിഡറിയും രത്നക്കല്ലുകളുടെ തിളക്കവും വസ്ത്രത്തെ കൂടുതൽ ആകർഷകമാക്കുന്നു. കൂടാതെ മെറ്റാലിക് ഫിനിഷുകൾ ഏത് അവസരത്തിനും അനുയോജ്യമാണ്. സാരി ഗൗണിനൊപ്പം മിനിമലായ ആക്സസറീസ് മാത്രമേ യോജിക്കുകയുള്ളൂ. ഹെവി വർക്കുള്ളതിനാൽ മിനിമലായ മേക്കപ്പും മതിയാകും.
ഡയാന രാജകുമാരിയും സാരിഗൗണും
സമീപ വർഷങ്ങളിൽ സാരി ഗൗണുകൾ ഒരു ട്രെൻഡായി മാറിയിട്ടുണ്ടെങ്കിലും, ഈ ട്രെൻഡിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1980-കളുടെ അവസാനത്തിൽ ഡയാന രാജകുമാരിയാണ് സാരിഗൗൺ ആദ്യമായി ധരിച്ചത്. 1988 ഫെബ്രുവരി 4-ന് തായ്‌ലൻഡിലേക്കുള്ള ഒരു ഔദ്യോഗിക സന്ദർശന വേളയിൽ ഡയാന, ഫ്യൂഷിയ നിറത്തിലുള്ള സാരി-സ്റ്റൈൽ ബോൾ ഗൗണാണ് ധരിച്ചത്. ഗൗൺ രൂപകൽപ്പന ചെയ്തത് ലണ്ടൻ ആസ്ഥാനമായുള്ള ഡിസൈനറായ കാതറിൻ വാക്കറാണ്.
പരമ്പരാഗത തായ് സാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗൗണിന്റെ രൂപകല്നപ. സ്ട്രാപ്പ്ലെസ്സായ ഗൗണായിരുന്നു അത്. സിൽക്ക് ഷിഫോൺ കൊണ്ട് നിർമ്മിച്ചതുമായിരുന്നു. പിന്നീട് ഈ ഐക്കണിക് വസ്ത്രം കെൻസിംഗ്ടൺ കൊട്ടാരത്തിൽ 2017 ല്‍ നടന്ന ‘ഡയാന ; ഹെർ ഫാഷൻ സ്റ്റോറി’ എന്ന പ്രദർശനത്തിന്റെ ഭാഗമായി. ഒടുവിൽ ഈ ഗൗൺ ഏകദേശം 40 ലക്ഷം വിലയ്ക്ക് വിറ്റു. ഇപ്പോൾ ചിലിയിലെ സാന്റിയാഗോയിലെ മ്യൂസിയോ ഡി ലാ മോഡയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the trend of sari gowns, blending traditional elegance with modern convenience.
Published: 29 Aug 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented