ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന നൂറ്റിപ്പത്തിലധികം ദ്വീപുകള്‍ ചേര്‍ന്നതാണ് സെയ്ഷല്‍സ് എന്ന രാജ്യം. 'ട്രാവല്‍ ആന്‍ഡ് ലെഷര്‍ ഇന്ത്യ' എന്ന മാഗസിന്റെ പുതിയ കവര്‍ ഷൂട്ടിനായി, ബോളിവുഡ് നടി പൂജാ ഹെഗ്ഡെ അടുത്തിടെ ഈ പ്രകൃതിമനോഹരമായ ദ്വീപിലെത്തിയിരുന്നു. തന്റെ ആകര്‍ഷണീയമായ ഫാഷന്‍ വസ്ത്രങ്ങള്‍ തീരദേശത്തിന്റെ പ്രകൃതി സൗന്ദര്യവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള തന്റെ മനോഹരമായ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് താരം.  യാത്രകളോടുള്ള പ്രണയം വിളിച്ചോതുന്ന ഗ്ലാമറസ്സായ ചിത്രങ്ങളാണിത്.  

ഞാന്‍ യാത്രകള്‍ക്ക് മുന്‍പ് എല്ലാം പ്ലാന്‍ ചെയ്യുന്ന ഒരാളാണ് താനെന്ന് പൂജ പറയുന്നു. “പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതും പര്യവേഷണം ചെയ്യുന്നതും എനിക്കിഷ്ടമാണ്. യാത്രകളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഞാന്‍ കൂടുതലായി പ്ലാൻ ചെയ്യും, പക്ഷേ അവിടെ എത്തിക്കഴിഞ്ഞാല്‍ ഞാന്‍ എപ്പോഴും അതെല്ലാം മറന്ന് ഒഴുക്കിനൊപ്പം നീങ്ങും” താരം കൂട്ടിച്ചേര്‍ത്തു.

കവര്‍ഷൂട്ടിലെ പൂജയുടെ ആദ്യത്തെ ചിത്രം മോഡേണ്‍ ബോള്‍ഡ് ലുക്കിലുള്ളതാണ്. സൂര്യന്റെയും തിരമാലയുടെയും പ്രതിഫലനമായി തോന്നിക്കുന്ന ലോഹനിര്‍മ്മിതമായ, വൃത്താകൃതിയിലുള്ള എംബ്ലിഷ്‌മെന്റുകള്‍ ഉള്ള തിളങ്ങുന്ന ബോഡിസ്യൂട്ടിലാണ് അവര്‍ എത്തിയത്. പാറക്കെട്ടുകളില്‍ ചാരിക്കിടക്കുന്ന രീതിയിലായിരുന്നു ചിത്രങ്ങള്‍. നനഞ്ഞമുടി ഒതുക്കി വെച്ച്, തിളങ്ങുന്ന ചര്‍മ്മത്തിൽ, ലളിതമായി മേക്കപ്പ് ചെയ്താണ് താരം എത്തിയത്. കറുത്ത ബോഡിസും അതിനോട് ചേര്‍ന്ന വെള്ളനിറത്തിലുള്ള ഒഴുകിക്കിടക്കുന്ന ട്യൂള്‍ തുണിയും ചേര്‍ന്ന വസ്ത്രമായിരുന്നു രണ്ടാമത്തെ ലുക്ക്. കടല്‍ത്തീരത്ത് ചാരിക്കിടക്കുമ്പോള്‍, ഞൊറികളുള്ള വെളള തുണി ചിറകുകള്‍ പോലെ വിടര്‍ന്നിരിക്കുന്നുണ്ട്. ചിത്രങ്ങള്‍ 'ട്രാവല്‍ ആൻഡ് ലെഷര്‍ ഇന്ത്യ' മാഗസീനിന്റെയും പൂജയുടേയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

വളരെ കുറച്ചു സിനിമകളില്‍ മാത്രമേ പൂജ അഭിനയിച്ചുള്ളൂവെങ്കിലും, ചടുല നൃത്തച്ചുവടുകള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഈ ചുരുങ്ങിയ കാലയളവില്‍ അവര്‍ക്ക് സാധിച്ചു. വെള്ളിത്തിരയില്‍ മാത്രമല്ല, ഫാഷന്‍ ലോകത്തും ഏറെ ആരാധകരുളള താരമാണ് പൂജ ഹെഗ്ഡെ. 2010ല്‍ മിസ് യൂണിവേഴ്സ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട പൂജ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. 'മോണിക്ക' എന്ന പൂജയുടെ ഗാനരംഗം വമ്പന്‍ ഹിറ്റാവുകയും റീല്‍സുകളില്‍ നിറയുകയും ചെയ്തിരുന്നു. സിനിമയേക്കാള്‍ ഏറെ ആ ഗാനരംഗം ഏറ്റെടുക്കപ്പെട്ടു.

ഷാഹിദ് കപൂറിനൊപ്പമുള്ള 'ദേവ', ദളപതി വിജയ്യുടെ കൂടെയുള്ള ചിത്രം 'ജനനായകന്‍' തുടങ്ങിയവ പൂജ ഹെഗ്ഡെയുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi