ഫാഷന്റെ അവസാനവാക്ക്, മെറ്റ് ഗാലയെ ഫാഷന്‍ ലോകം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങള്‍ ഏറ്റവും പുതിയ ഫാഷനുമായി തിളങ്ങുന്ന ഈ ന്യൂയോര്‍ക്കിലെ ഈ ലോകവേദിയിലേക്ക് ഓരോ വര്‍ഷം ലോകം കണ്ണിമചിമ്മാതെയാണ് ഉറ്റുനോക്കുന്നത്. മെറ്റ് ഗാലയില്‍ മൂന്ന് വര്‍ഷമായി കേരളവും തിളങ്ങിനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ആദ്യം നമ്മളൊന്ന് സംശയിക്കും. എന്നാല്‍ കഴിഞ്ഞ മൂന്ന് മെറ്റ് ഗാല എഡിഷനുകള്‍ക്ക് വേണ്ടി കാര്‍പ്പറ്റ് ഒരുക്കുന്നത് കേരളത്തിലെ ആലപ്പുഴയിലാണ്. ലോകോത്തര താരങ്ങള്‍ നടന്നെത്തുന്ന ആകര്‍ഷണീയമായ ആ പരവതാനിക്ക് പിന്നില്‍ ആലപ്പുഴ ചേര്‍ത്തലയിലെ നെയ്ത്ത് എക്‌സ്ട്രാവീവ്‌ എന്ന ബ്രാന്‍ഡും അവിടത്തെ തൊഴിലാളികളുമാണ്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ മെട്രോ പൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സിലെ മെറ്റ്ഗാല വേദിയില്‍ റോയല്‍ ബ്ലൂ കളറിലുള്ള കാര്‍പ്പറ്റ് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നില്‍ കേരള ബന്ധം കണ്ടെത്തിയ സൂപ്പര്‍താരങ്ങള്‍ അവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ വഴിയാണ് ഈ നേട്ടം ലോകത്തെ അറിയിച്ചത്. ആലപ്പുഴ ചേര്‍ത്തലയില്‍ ശിവന്‍ സന്തോഷിന്റെ ഉടമസ്ഥതതയിലുള്ള  എക്‌സ്ട്രാവീവ് എന്ന സ്ഥാപനമാണ് മൂന്നാം തവണയും ലോകത്തിന്റെ ഏറ്റവും വലിയ ഫാഷന്‍ വേദിയിലേക്കുള്ള കാര്‍പ്പറ്റ് തയ്യാറാക്കിയത്. ഒരുനൂറ്റാണ്ടിലേറെ നീളുന്ന നെയ്ത്ത് പാരമ്പര്യത്തിന്റെ കഥ ഈ സ്ഥാപനത്തിനുമുണ്ട്.

To advertise here,

2022, 2023 മെറ്റ് ഗാലകളില്‍ നെയ്ത്ത് തയ്യാറാക്കിയ കാര്‍പ്പറ്റുകള്‍

തിളക്കമുള്ള പാരമ്പര്യം.. 

ഒരുനൂറ്റാണ്ടിലധികം നെയ്ത്ത് പാരമ്പര്യമുള്ള കുടുംബമാണ് എക്‌സ്ട്രാവീവ്‌സ് എന്ന സ്ഥാപനത്തിന് പിന്നില്‍. 1917 ല്‍ വ്യവസായിയായ കെ.വേലായുധനാണ് ട്രാവന്‍കൂര്‍ മാറ്റ്‌സ് ആന്റ് മാറ്റിങ് കമ്പനി എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. ഈ സ്ഥാപനത്തിന്റെ പിന്മാറക്കാരാണ് ഇന്ന് ലോകം ശ്രദ്ധിക്കുന്ന നെയ്ത്ത് എക്‌സ്ട്രാവീവ് എന്ന കമ്പനി. നെയ്ത്തിന്റെ ഇന്നത്തെ അമരക്കാരനായ ശിവന്‍ സന്തോഷിന്റെ പിതാവും കെ.വേലായുധനും മകനുമായ സന്തോഷ് വേലായുധനായ 2000 ത്തില്‍ എക്‌സ്ട്രാവീവ്‌സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. സൈസല്‍, ജൂട്ട് തുടങ്ങിയ ഉപയോഗിച്ചുള്ള കാര്‍പ്പറ്റുകളായിരുന്നു എക്‌സ്ട്രാവീവ്‌സ് നിര്‍മിച്ചിരുന്നത്. 2020 ലാണ് ശിവനും ഭാര്യ നിമിഷയും ചേര്‍ന്ന് എക്‌സ്ട്രാവീവ്‌സില്‍ നിന്നുള്ള ഡിസൈന്‍ ഹൗസായ നെയ്ത്ത് ആരംഭിച്ചത്.  കാര്‍പ്പറ്റില്‍ പ്രകൃതിദോഷം ചെയ്യാത്ത സുസ്ഥിരമായ വസ്തുക്കള്‍ എങ്ങനെ ഉപയോഗിക്കാം എന്നതായിരുന്നു നെയ്ത്ത് എന്ന ബ്രാന്‍ഡിന്റെ ലക്ഷ്യം. ഒപ്പം ലോകോത്തരമായ നൂതന ഡിസൈനുകളുമെല്ലാം കാര്‍പ്പറ്റിലേക്ക് കൊണ്ടുവരാനും നെയ്ത്തിലൂടെ ശ്രമിച്ചു. ലോകത്തെ വിവിധ ഭാഗങ്ങളിലൂള്ള ശ്രദ്ധേയരായ ആര്‍ട്ടിസ്റ്റുമാരായ നെയ്ത്ത് എന്ന ബ്രാന്‍ഡ് സഹകരിച്ചു. കാര്‍പ്പറ്റിലൂടെ അവരുടെ ആര്‍ട്ട് എങ്ങനെ പ്രദര്‍ശിപ്പിക്കാം എന്നതായിരുന്നു നെയ്ത്തില്‍ അവരില്‍ നിന്നും ചോദിച്ചറിഞ്ഞതും പിന്നീട് പ്രാവര്‍ത്തികമാക്കിയതും. ഒപ്പം പല ലോക ബ്രാന്‍ഡുകളും നെയ്ത്തിനൊപ്പം സഹകരിച്ചു. സഫാവിയ, ബെല്ലാര്‍ഡ് ഡിസൈന്‍, ഐകിയ, റെസ്റ്റോറേഷന്‍ ഹാര്‍ഡ്‌വെയര്‍ എന്നിവ അതില്‍ ചിലതാണ്. അതിവേഗം നെയ്ത്ത് ശ്രദ്ധനേടി. 

കഥ പറയും കാര്‍പ്പറ്റ്.. 

അമേരിക്കയിലുള്ള ഫൈബര്‍ വര്‍ക്ക്‌സ് എന്ന ബ്രാന്‍ഡാണ് നെയ്ത്തിന് മുന്നില്‍ മെറ്റ് ഗാലയിലേക്കുള്ള വാതിലുകള്‍ തുറന്നുകൊടുത്തത്. എക്‌സ്ട്രാവീവ്‌സിന്റെ ഏറെക്കാലമായുള്ള ഉപഭോക്താക്കളില്‍ ഒരാളാണ് ഫൈബര്‍ വര്‍ക്ക്‌സ്. 2022 ലെ മെറ്റ് ഗാലയിലേക്കാണ് ആദ്യമായി കാര്‍പ്പറ്റ് നിര്‍മിക്കാന്‍ നെയ്ത്തിന് ക്ഷണം കിട്ടിയത്. മഡ്ഗാസ്‌ക്കറില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേകതരം ഫൈബര്‍ ഉപയോഗിച്ചാണ് മെറ്റ്ഗാലയിലേക്ക് ആവശ്യമായ കാര്‍പറ്റ് നെയ്ത്ത് നിര്‍മിച്ചത്. 2021 വരെ റെഡ് കാര്‍പ്പറ്റ് ഉപയോഗിച്ചിരുന്ന മെറ്റ് ഗാലയില്‍ 2022 മുതലാണ് വ്യത്യസ്ത നിറത്തിലുള്ള കാര്‍പ്പറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. 2022 വെള്ള നിറത്തിലുള്ള കാര്‍പ്പറ്റുകളാണ് നെയ്ത്ത് എക്‌സ്ട്രാവീവസ് മെറ്റ്ഗാലയ്ക്കായി ഒരുക്കിയത്. തങ്ങള്‍ക്ക് ആവശ്യമായ നിറത്തെ കുറിച്ചും ഡിസൈനിനെ കുറിച്ചുമുള്ള വിവരങ്ങള്‍ ആദ്യം തന്നെ മെറ്റ് ഗാല സംഘാടകര്‍ നല്‍കും. പിന്നീട് നെയ്ത്തിന്റെയും മെറ്റ് ഗാലയുടെ ഡിസൈനിങ് ടീമുകള്‍ സംസാരിച്ചതാണ് കാര്‍പ്പറ്റിനുള്ള അവസാന ഡിസൈന്‍ തയ്യാറാക്കുന്നത്. മെറ്റ്ഗാല ഡിസൈനര്‍മാര്‍ നിര്‍ദ്ദേശിച്ച കാര്‍പ്പറ്റുകള്‍ നെയ്ത്ത് പൂര്‍ത്തിയാാക്കിയ ശേഷം റോളുകളിലാക്കി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോകും. അവിടെ വച്ചാണ് ഹാന്‍ഡ് പെയിന്റിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. മെറ്റ് ഗാലയുടെ ഡിസൈന്‍മാരാണ് അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. 

നെയ്ത്ത് സ്ഥാപകരായ ശിവന്‍ സന്തോഷും ഭാര്യ നിമിഷയും, കെ. വേലായുധന്‍

ഗുണമേന്മയ്ക്ക് പ്രധാനം..

നല്ല ബലവും അടുപ്പവുമടക്ക ഏറ്റവും മികച്ച ഗുണമേന്മയില്‍ വേണം കാര്‍പ്പറ്റ് തയ്യാറാക്കാന്‍. കാര്‍പ്പറ്റിലൂടെ നടന്നുപോകുന്ന ലോകതാരങ്ങള്‍ ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും അനുഭവപ്പെടരുത്. ഇത്തരം കാര്യങ്ങളെല്ലാം വളരെ ശ്രദ്ധയോടെ ചെയ്യുന്നത് കൊണ്ടുതന്നെയാണ് മൂന്നാം തവണയും നെയ്ത്തിനെ തേടി മെറ്റ് ഗാല സംഘാടകര്‍ എത്തിയത്. ആദ്യ ഘട്ടത്തില്‍ മെറ്റ് ഗാലയ്ക്കുള്ള കാര്‍പ്പറ്റാണെന്ന് തൊഴിലാളികള്‍ അറിഞ്ഞിരുന്നില്ല എന്നും അതറിഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായെന്നും എക്‌സ്ട്രാവീവ്‌സ് ഉടമകള്‍ പറയുന്നു. അറുപതോളം തൊഴിലാളികള്‍ നേരിട്ടും നൂറിലധികം പേര്‍ അല്ലാതെയും ഈ കാര്‍പ്പറ്റിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. 2012 ല്‍ വൈറ്റ് ഹൗസിലും ബക്കിങ്ഹാം കൊട്ടാരത്തിലുമടക്കം വിവിധ ലോകത്തിലെ പ്രധാന ഇടങ്ങളിലെല്ലാം നെയ്ത്തിന്റെ കാര്‍പ്പറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പോയവര്‍ഷങ്ങളില്‍ മെറ്റ്ഗാലയില്‍ പങ്കെടുത്ത ദീപിക പദുകോണടക്കം നിരവധി ബോളിവുഡ് താരങ്ങള്‍ നെയ്ത്തിന്റെ കാര്‍പ്പറ്റിനെ ഇന്‍സ്റ്റഗ്രാം വഴി അഭിനന്ദിച്ചിരുന്നു.

കോടികളുടെ കിലുക്കം.. 

ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ് കോസ്റ്റിയൂം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി ഓരോ വര്‍ഷവും നടത്തുന്ന പരിപാടിയാണ് മെറ്റ് ഗാല.  കര്‍ശനമായ നിയമങ്ങളാണ് മെറ്റ് ഗാലയ്ക്കുള്ളത്. പരിപാടിയില്‍ കര്‍ശനമായ ഫോണ്‍ നിയന്ത്രണമുണ്ട്. പുകവലിയ്ക്കും നിരോധനമുണ്ട്. സൗജന്യമായി ഒരാളെപ്പോലെ മെറ്റ് ഗാലയിലേക്ക് പ്രവേശിപ്പിക്കില്ല. എത്തുന്ന എല്ലാവരും തങ്ങളുടെ സീറ്റുകള്‍ക്ക് പണം നല്‍കണം. ഓരോ സീറ്റിനും മേശയ്ക്കും പ്രത്യേക പണം നിശ്ചയിച്ചിട്ടുണ്ട്.  ഇത്തവണത്തെ മെറ്റ്ഗാലയില്‍ ഷാറൂഖ് ഖാന്‍ പങ്കെടുത്തിരുന്നു. കറുപ്പ് സ്യൂട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഷാരൂഖ് വേദിയിലെത്തിയത്. സബ്യാസാചി മുഖര്‍ജിയാണ് ഷാരൂഖ് ഖാന്റെ ഫാഷന്‍ ഔട്ട്ഫിറ്റ് ഒരുക്കിയത്. സൂപ്പര്‍ഫൈന്‍: ടെയ്‌ലറിങ് ബ്ലാക്ക് സ്റ്റൈല്‍ എന്നതായിരുന്നു ഇത്തവണത്തെ മെറ്റ്ഗാല തീം. ആദ്യമായാണ് ഷാരൂഖ് ഖാന്‍ മെറ്റ്ഗാലയില്‍ പങ്കെടുക്കുന്നത്.