വേലിക്കല്‍ നിറഞ്ഞുനില്‍ക്കുന്ന മൈലാഞ്ചി ചെടിയില്‍ നിന്ന്  ഇലകള്‍ പറിച്ചെടുത്ത് അമ്മിക്കല്ലില്‍ അരച്ച് മൈലാഞ്ചിയുണ്ടാക്കി കൈ ചുവപ്പിച്ച ഒരു കാലം നമ്മുടെ മുന്‍ തലമുറയ്ക്കുണ്ടായിരുന്നു. ഇന്ന് ഈ പരമ്പരാഗത രീതികള്‍ കുറേയൊക്കെ മാറി. കോണ്‍ മൈലാഞ്ചികള്‍ വിപണി കയ്യേറി. പരമ്പരാഗതമായ മൈലാഞ്ചിക്ക് ചുവപ്പ് അല്‍പ്പം കുറവാണെങ്കിലും ഔഷധഗുണം ഒട്ടേറെ ഉണ്ടായിരുന്നു. നഖങ്ങളില്‍ 'തൊപ്പിയും' കൈപ്പത്തിയില്‍ 'പത്തിരി'യുമായിരുന്നു പണ്ടുകാലത്തെ പ്രധാനപ്പെട്ട മൈലാഞ്ചി ഡിസൈന്‍. മൈലാഞ്ചിക്ക് നിറം കൂട്ടാനായി പണ്ടേയുണ്ട് ചില സൂത്രങ്ങള്‍. യൂക്കാലിപ്‌സ് ചേര്‍ത്താല്‍ ചുവപ്പ് നിറം കൂടും. മൈലാഞ്ചി ഇട്ടതിന് ശേഷം ചെറുനാരങ്ങയുടെ നീരോ പഞ്ചസാര ലായനിയോ ഉറ്റിക്കുന്നതും നിറം കൂട്ടും. തികച്ചും പ്രകൃതിദത്തമായാണ് ഈ മൈലാഞ്ചിയുണ്ടാക്കുന്നത്. പക്ഷേ ഇത്തരം മൈലാഞ്ചികള്‍ ഉപയോഗിച്ച് നൂതനമായ ഡിസൈനുകള്‍ വരയ്ക്കാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും ഗുണം നോക്കുമ്പോള്‍ അരച്ച മൈലാഞ്ചി തന്നെയാണ് ഉത്തമം.

ഡിസൈന്‍ വരയ്ക്കാം

വരയ്ക്കാന്‍ കഴിവുള്ളവരാണെങ്കില്‍ മനോഹരമായ മെഹന്ദി പാറ്റേണുകള്‍ സ്വന്തമായിത്തന്നെ വരച്ചെടുക്കാനാവും. പല നിറങ്ങളിലുള്ള മെഹന്ദി ഡിസൈനുകള്‍ ലഭ്യമാണ്. ഇവ കൈത്തലങ്ങളില്‍ ഒട്ടിച്ചുവെക്കാവുന്നവയാണ്. വിവാഹത്തിനുള്ള പ്രത്യേക ബ്രൈഡല്‍ മെഹന്ദി ഡിസൈനുകളും വിപണിയിലുണ്ട്.

ചിത്രശലഭങ്ങളും അക്ഷരങ്ങളും കൈകളിലിടുന്ന ട്രെന്‍ഡി മെഹന്ദി ഡിസൈനുകളാണ്. കൈത്തലത്തിലും പിറകിലും വൃത്താകൃതിയില്‍ പൂക്കളുടെ പാറ്റേണുകളാവാം. വൃത്താകൃതിയില്‍ പൂവിതളുകള്‍ വരച്ചുചേര്‍ക്കാം. കൈത്തലത്തണ്ടില്‍ ഇടുന്ന മെഹന്ദിക്ക് കുറച്ചുകൂടി ഗാംഭീര്യം വേണം. റിസ്റ്റ് ബാന്‍ഡ് പോലെ തോന്നുന്നവയോ ഒറ്റയ്ക്ക് നില്‍ക്കുന്ന ചിത്രങ്ങളോ ആവും നല്ലത്. പീകോക്ക്, ചോക്കര്‍ ഡിസൈനുകള്‍ എല്ലാ കാലത്തും ട്രെന്‍ഡാണ്.

കാല്‍പ്പാദങ്ങളെ അഴകുറ്റവയാക്കാന്‍ ഇരുവശങ്ങളിലും ചെയിന്‍ പോലെ പൂക്കളുടെ ചിത്രങ്ങള്‍ വരയ്ക്കാം. ഇവ കണ്ടാല്‍പാദസരം പോലെയോ പൂവള്ളികള്‍ പോലെയോ ഇരിക്കും. പാദത്തിന് മേല്‍വശത്ത് ഒറ്റ ഡിസൈന്‍ വരയ്ക്കുന്നതും ട്രെന്‍ഡ് തന്നെ.

മൈലാഞ്ചി ട്യൂബ് വീട്ടില്‍ തയ്യാറാക്കാം

ഒരു കുഴിയന്‍ പാത്രത്തിലേക്ക് മൈലാഞ്ചിപ്പൊടി ഇടുക. മറ്റൊരു പാത്രത്തില്‍ പോപ്പിപ്പൊടി, ഗ്രാമ്പു പൊടിച്ചത്, വെള്ളം എന്നിവ യോജിപ്പിക്കുക. മൈലാഞ്ചിപ്പൊടിയിലേക്ക് മൂന്നോ നാലോ തുള്ളി വിനാഗിരി ഒഴിച്ചശേഷം നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന വെള്ളം അല്‍പ്പാല്‍പ്പമായി ചേര്‍ക്കുക. അപ്പോള്‍ നല്ല കുഴമ്പ് പരുവത്തിലാവും. പ്ലാസ്റ്റിക്കിന്റെ കവര്‍ കോണ്‍ രൂപത്തില്‍ ആക്കി അതിലേക്ക് മൈലാഞ്ചി നിറയ്ക്കുക. ട്യൂബ് മൈലാഞ്ചി പോലെ ഇടാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മൈലാഞ്ചി വാങ്ങുമ്പോള്‍ പായ്ക്ക് ചെയ്ത ദിവസവും നിര്‍മാണത്തീയ്യതിയും നോക്കണം. പഴകിയത് ഉപയോഗിക്കരുത്.
  • പെട്ടന്ന് ഉണങ്ങുന്ന മൈലാഞ്ചി  ഉണങ്ങുമ്പോള്‍ ഇവയ്ക്ക് നിറം കുറവായിരിക്കും. 
  • കട്ടിയുള്ള മൈലാഞ്ചിയും വാങ്ങരുത്. നിറം കുറയും.

നഖം ചുവപ്പിക്കാന്‍

മൈലാഞ്ചിയില ഉപയോഗിച്ചുണ്ടാക്കുന്ന മൈലാഞ്ചി നഖത്തില്‍ ഇടുമ്പോള്‍ പലപ്പോഴും ചുവപ്പ് കുറവായിരിക്കും. ആറും ഏഴും തവണ ഇടുമ്പോള്‍ മാത്രമാണ് കുറച്ചെങ്കിലും ചുവപ്പ് കിട്ടുന്നത്. ഏറ്റവും നല്ലത് മൈദ മൈലാഞ്ചിയെന്നോ ടിന്‍ മൈലാഞ്ചിയെന്നോ പറയുന്ന കൂട്ടാണ്. ഈ മൈലാഞ്ചി കുറഞ്ഞ സമയം കൊണ്ട് വീട്ടില്‍തന്നെ ഉണ്ടാക്കാവുന്നതാണ്. 

തയ്യാറാക്കുന്ന വിധം: 

ചെറിയ ടിന്‍ എടുക്കുക( പെയിന്റിന്റെ ആയാലും മതി). ടിന്നിന്റെ നടുഭാഗത്ത് ഒരു സ്റ്റീല്‍ ഗ്ലാസ് വെക്കുക. ഗ്ലാസിന്റെ ചുറ്റിലുമായി ജീരകം, പഞ്ചസാര, മൈലാഞ്ചിയില എന്നിവ പരത്തിയിടുക. ടിന്നിന്റെ വായ്ഭാഗം വെള്ളം നിറച്ചൊരു സ്റ്റീല്‍പ്പാത്രം കൊണ്ട് അടയ്ക്കുക. (പൂര്‍ണമായി അടയണം) ഈ ടിന്‍ കുറച്ച് കനലിന് മുകളില്‍ വെയ്ക്കുക. പാത്രം ചൂടാവുന്നതിനനുസരിച്ച് അകത്തുള്ള കൂട്ട് നന്നായി വേവും. മുകളില്‍ വെച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് ആവി താഴെയുള്ള ഗ്ലാസില്‍ ഉറ്റിവീഴുകയും ചെയ്യും. പതിനഞ്ചോ ഇരുപതോ മിനിറ്റിന് ശേഷം ഗ്ലാസ് പുറത്തെടുത്ത് ഇതിലുള്ള നീര് പാത്രത്തിലൊഴിക്കുക. തുടര്‍ന്ന് മൈദ ചേര്‍ത്ത് നഖത്തിലിടാം. നല്ല ചുവപ്പ് നിറം കിട്ടും. ഇങ്ങനെ കിട്ടുന്ന നീര് എത്ര ദിവസം വേണമെങ്കിലും എടുത്തുവെയ്ക്കാവുന്നതാണ്. ആവശ്യത്തിന് മൈദ ചേര്‍ത്ത് ഉപയോഗിക്കാം. 

മൈലാഞ്ചിയുടെ നിറം കൂട്ടാന്‍

നാലു കഷ്ണം പുളി, പഞ്ചസാര എന്നിവ ചേര്‍ത്തു 10 മിനിറ്റ് വെയ്ക്കുക. എന്നിട്ട് ആവശ്യത്തിന് മൈലാഞ്ചി പൊടിച്ചതും യൂക്കാലിപ്‌സ് എണ്ണയും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് നല്ല നിറം കിട്ടുന്നതിന് സഹായിക്കും.
കാപ്പിവെള്ളവും നാരങ്ങയുടെ നീരും വിനാഗിരിയും മൈലാഞ്ചിയുടെ കൂടെ ചേര്‍ത്തുപയോഗിക്കുക.
മൈലാഞ്ചി ഇടുന്നതിനു മുന്‍പായി കൈയില്‍ അല്‍പ്പം യൂക്കാലിപ്‌സ് എണ്ണ പുരട്ടുക. ഇതും നിറം വര്‍ധിപ്പിക്കും.

അറബിക് ഡിസൈനുകള്‍, മുഗള്‍, രാജസ്ഥാനി, സര്‍ദോസി, നിറം മങ്ങിയ മൈലാഞ്ചി ഡിസൈന്‍ എന്നു തുടങ്ങി നൂറുകണക്കിന് മെഹന്ദി ഡിസൈനുകളാണ് പ്രചാരത്തിലുള്ളത്. ഈ ഡിസൈനുകളുടെ പുറത്ത് വിവിധ നിറത്തിലുള്ള ഗ്ലിറ്ററിങ് വസ്തുക്കള്‍ പിടിപ്പിച്ച് മെഹന്ദിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം. രാജസ്ഥാനി ഡിസൈനുകള്‍ കൈ നിറയെ മൈലാഞ്ചി ഇടുന്ന രീതിയാണ്. മനുഷ്യരുടെയും പൂക്കളുടെയും ചിത്രങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. അറബിക് ഡിസൈനില്‍ ഷേയ്ഡുകളാണ് കൂടുതല്‍.