അമ്മയുടെ സാരിയില്‍ തിളങ്ങി നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. മുംബൈയില്‍ തന്റെ പുതിയ ചിത്രമായ 'ഹോംബൗണ്ടി'ന്റെ പ്രീമിയര്‍ വേദിയിലാണ് ശ്രീദേവിയുടെ മനോഹരമായ നേവി ബ്ലൂ സാരിയിൽ ജാന്‍വിയെത്തിയത്. അന്തരിച്ച നടിയുടെ പ്രശസ്തമായ സാരികളിലൊന്ന് വീണ്ടും ധരിച്ചുകൊണ്ട് അവര്‍ വേദിയില്‍ അമ്മയെ സ്മരിച്ചു. 

2017-ല്‍ അനുഷ്‌ക ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും വിവാഹ സല്‍ക്കാരത്തില്‍ ശ്രീദേവി ധരിച്ച അതേ സാരിയാണിത്. സങ്കീര്‍ണ്ണമായ സ്വര്‍ണ്ണ എംബ്രോയിഡറി കൊണ്ട് അലങ്കരിച്ച നേവി ബ്ലൂ സാരിക്കൊപ്പം കറുത്ത വെല്‍വെറ്റ് ബ്ലൗസാണ് ജാന്‍വി പെയര്‍ ചെയ്തത്. സ്റ്റേറ്റ്‌മെന്റ് കമ്മലുകള്‍, ചോക്കര്‍-സ്‌റ്റൈല്‍ നെക്ലേസ്, സ്ലീക്ക് ബണ്‍ എന്നിവകൊണ്ട് അവർ ഒരുക്കം പൂർത്തിയാക്കി. 

മനീഷ് മല്‍ഹോത്രയുള്ള കളക്ഷനിൽ നിന്നുള്ള സാരിയാണിത്. മുംബൈയില്‍ നടന്ന 'ഹോംബൗണ്ട്' പ്രീമിയറില്‍ ജാന്‍വി, ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേത്വ, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി സിനിമയിലെ അണിയറപ്രവർത്തകരെല്ലാം പങ്കെടുത്തു. കാമുകന്‍ ശിഖര്‍ പഹാരിയയുടെ കുടുംബത്തെ ജാന്‍വി ഊഷ്മളമായി സ്വാഗതം ചെയ്യുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന  വീഡിയോകളില്‍ കാണാം.

ജാൻവി ശിഖറിന്റെ മുത്തശ്ശിയുടെ കാല്‍തൊട്ട് വന്ദിച്ച് അവരെ ആലിംഗനം ചെയ്യുന്നതും റെഡ് കാര്‍പെറ്റില്‍ കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അവരുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഹൃത്വിക് റോഷന്‍, വിക്കി കൗശല്‍, തമന്ന ഭാട്ടിയ, ട്വിങ്കിള്‍ ഖന്ന, ഫറാ ഖാന്‍, മനീഷ് മല്‍ഹോത്ര എന്നിവരുള്‍പ്പെടെ സിനിമാരംഗത്തെ നിരവധി പ്രമുഖരും പ്രീമിയറില്‍ പങ്കെടുത്തു.

റിലീസിന് മുന്‍പ് തന്നെ, 2026-ലെ അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 'ഹോംബൗണ്ട്' തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാഡോക്ക് ഫിലിംസിന്റെ 'പരം സുന്ദരി'യിലാണ് ജാന്‍വി അവസാനമായി അഭിനയിച്ചത്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് നായകന്‍. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi