
ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആനന്ദ് അംബാനിയുടെയും രാധികാ മെര്‍ച്ചന്റിന്റേയും വിവാഹം ജൂലായ് 12 നാണ്. അതിനുമുന്നോടിയായി മേയ് 29 മുതല്‍ ജൂണ്‍ ഒന്ന് വരെ അത്യാഡംബര കപ്പല്‍ യാത്രയില്‍ പ്രൗഢഗംഭീരമായ പ്രിവെഡ്ഡിങ് പാര്‍ട്ടി നടന്നു. ബോളിവുഡ് താരങ്ങളടക്കം ആയിരത്തില്‍പ്പരം വിശിഷ്ടാതിഥികള്‍ ഉള്‍ക്കൊണ്ടതായിരുന്നു ഇറ്റലിയില്‍ നിന്നാരംഭിച്ച് ഫ്രാന്‍സില്‍ സമാപിച്ച ആഘോഷം. പ്രശസ്ത അമേരിക്കന്‍ ഗായിക കേറ്റി പെറി, ഫ്രെഞ്ച് ഗായകന്‍ ഡേവിഡ് ഗെറ്റ, ദ ബാക്ക് സ്ട്രീറ്റ് ബോയ്‌സ് എന്ന ഗായകസംഘം, ആന്‍ഡ്രിയ ബോചെലി എന്നിവരുടെ സംഗീത നൃത്തപരിപാടികളാണ് ഈ അംബാനിക്കല്യാണത്തിന് ഇമ്പം കൂട്ടാനെത്തിയിരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് രാധികാ മെര്‍ച്ചെന്റ് രണ്ടാമത്തെ പ്രിവെഡ്ഡിങ് പാര്‍ട്ടിയിലണിഞ്ഞ വസ്ത്രങ്ങളാണ്.
ഒന്നാം ദിവസം: പ്രണയലേഖനം അങ്ങനെയെഴുതണം
പ്രിവെഡ്ഡിങ് പാര്‍ട്ടിയുടെ ആദ്യദിനം 'നക്ഷത്രരാവ്' എന്ന തീമിലായിരുന്നു. രാധികയുടെ 22ാം പിറന്നാളിന് ആനന്ദ് അംബാനി നല്‍കിയ പ്രണയലേഖനം പ്രിന്റ് ചെയ്ത, വെളുപ്പും കറുപ്പും നിറത്തിലുള്ള ഷിഫോൺ ഗൗണാണ് അവിടെ തിളങ്ങിയത്. ഈ വേഷത്തിനൊപ്പം ഡയമണ്ട് നെക്ക്‌ലേസും കമ്മലും രാധികയണിഞ്ഞു. പ്രിവെഡ്ഡിങ് ആഘോഷങ്ങള്‍ക്കിടയില്‍ പ്രണയത്താല്‍ നെയ്ത വസ്ത്രത്തിനുപിന്നിലെ കഥയെക്കുറിച്ചും രാധിക പറഞ്ഞു.
'എന്റെ 22ാം പിറന്നാളില്‍ എനിക്കു സമ്മാനിച്ച പ്രണയലേഖനമാണിത്. അവന് ഞാന്‍ എത്രമാത്രം വിലപ്പെട്ടതാണെന്ന് ഇതിൽ പറയുന്നു. ഇതെന്റെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും കാണിച്ചുകൊടുത്ത് പറയണം ഇങ്ങനെയായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹമെന്ന്.'
രാധികയുടെ അതിമനോഹരമായ ഗൗണ്‍ ഡിസൈന്‍ ചെയ്തത് ലണ്ടണിലെ റോബെര്‍ട്ട് വണ്‍ എന്ന ഡിസൈനാറാണ്.
രണ്ടാം ദിവസം: ഗോള്‍ഡന്‍ ടോഗാ
പുരാതന ഗ്രീക്ക്-റോമന്‍ വസ്ത്രപാരമ്പര്യത്തിന്റെ ആശയം ഉള്‍ക്കൊണ്ടുള്ള കോസ്റ്റ്യൂം പാര്‍ട്ടിയാണ് ടോഗ. പ്രിവെഡ്ഡിങ് ആഘോഷങ്ങളുടെ രണ്ടാം നാളിലെ, ടോഗാ പാര്‍ട്ടിയില്‍ ടോഗാ വസ്ത്രമണിഞ്ഞാണ് രാധികയെത്തിയത്. 3-ഡിയില്‍ രൂപം നല്‍കിയ ഗോള്‍ഡന്‍ നിറത്തിലുള്ള അലുമിനിയം ബ്രെസ്റ്റ് പ്ലേറ്റും വെള്ള നിറത്തിലുള്ള സ്‌കേര്‍ട്ടുമായിരുന്നു വേഷം. ന്യൂയോര്‍ക്കിലെ ഗ്രേസ് ലിങ് എന്ന ഡിസൈനറാണ് രാധികയ്ക്ക് ഈ വേഷമൊരുക്കിയത്. 30 പേര്‍ ചേര്‍ന്നാണ് ഈ വസ്ത്രം നിര്‍മിച്ചെടുത്തത്. ഗോള്‍ഡന്‍ ആഭരണങ്ങള്‍ക്കൊപ്പം ലൂസ് ഹെയര്‍ ലുക്കിലായിരുന്നു സ്റ്റൈല്‍ ചെയ്തത്.
മൂന്നാം ദിവസം: നീലമാലാഖ
പാര്‍ട്ടിയുടെ മൂന്നാം ദിവസത്തെ മാസ്‌കരേഡ് ബാള്‍ പാര്‍ട്ടിയില്‍ നീല, സില്‍വര്‍ നിറങ്ങളിലുള്ള ഗൗണായിരുന്നു രാധികയുടെ വേഷം. ഷലീന നഥാനിയായിരുന്നു ആ ദിവസത്തെ സ്റ്റൈലിസ്റ്റ്. നീല നിറത്തിലുള്ള രത്‌നത്തിനു ചുറ്റും ഡയമണ്ടുകള്‍ ചേര്‍ന്ന നെക്ക് ലേസ് രാധികയുടെയും ആനന്ദിന്റെയും ജന്മ നക്ഷത്രക്കല്ലുകള്‍ ചേര്‍ത്ത് നിര്‍മിച്ചതാണ്.
നാലാം ദിവസം: വിന്റേജ് സിന്‍സ് 1950

നാലാം ദിവസം രാധിക വിന്റേജ് ലുക്കിലാണ് എത്തിയത്. 1950 കളെ ഓര്‍മിപ്പിക്കുന്ന ചുവപ്പു നിറത്തിലെ ക്രിസ്റ്റ്യന്‍ ഡിയോര്‍ ട്രെന്‍ഡ് സെറ്റിങ് കോക്ക്‌ടെയില്‍ വസ്ത്രത്തിനൊപ്പം പിങ്ക് നിറത്തിലുള്ള ഏര്‍മെസ് മിനി കില്ലി ബാഗും സിംപിള്‍ പോണി ഹെയര്‍സ്‌റ്റൈലുമായിരുന്നു രാധികയുടെ വേഷം.
ഐവറി നിറത്തിലുള്ള ഓഫ്‌ഷോള്‍ഡര്‍ ഗൗണ്‍ ആയിരുന്നു രാധികയുടെ മറ്റൊരു വേഷം. വെള്ള നിറത്തിലുള്ള സാറ്റിന്‍ തുണിയില്‍ ഡ്രേപ് ചെയ്ത ഗൗണിന് ഓവര്‍സ്‌കേര്‍ട്ട് നല്‍കിയിരിക്കുന്നു. വെള്ള സില്‍ക്കിലും ക്രിസ്റ്റലിലും തീര്‍ത്ത റോസാപ്പൂക്കളാണ് ഗൗണിന്റെ ഹൈലൈറ്റ്. റോസാപ്പൂക്കളിലുള്ള കിരീടവും രാധികയെ രാജകുമാരിയാക്കിമാറ്റി. രാധികയുടെ ഈ രാജകീയ വേഷത്തിനു പുറകിലെ കൈകള്‍ പാരീസിലെ റ്റമാറ റാല്‍ഫ് എന്ന ഫാഷന്‍ ഡിസൈനറുടേതാണ്.
മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ചായിരിക്കും ആനന്ദിന്റെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന വിവാഹച്ചടങ്ങുകള്‍. മാർച്ചിലായിരുന്നു ജാംനഗറിലെ വസതിയില്‍വെച്ചുനടന്ന പ്രീവെഡ്ഡിങ് പാര്‍ട്ടിയുടെ ഒന്നാം ഘട്ടം.
Content Highlights: gorgeous outfits of radhika merchant for the second prewedding party
Published: 15 Jun 2024, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented