സാമൂഹികനിലയും മതവും സ്വയം പ്രകടിപ്പിക്കാനുള്ള സ്ത്രീകളുടെ താത്പര്യങ്ങളുമെല്ലാം എല്ലാകാലത്തും ഫാഷന്‍ ലോകത്ത് നിര്‍ണായകമായിട്ടുണ്ട്. മാറുന്ന കാലത്തിനൊത്ത് സ്ത്രീകള്‍ പലതരം വസ്ത്രങ്ങള്‍ പരീക്ഷിച്ചു. ചിലര്‍ ഫാഷന്‍ ഐക്കണുകളായി സ്വയം മാറി. പുതിയ ട്രന്‍ഡുകള്‍ സൃഷ്ടിക്കാന്‍ ചിലര്‍ മുമ്പില്‍ നടന്നു. മറ്റുള്ളവര്‍ അതേറ്റുപിടിച്ചു. പുതിയ ആശയങ്ങളും സെലിബ്രിറ്റി ട്രന്‍ഡുകളും ഫാഷന്‍ ചരിത്രത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
ഫാഷനിലെ സ്ത്രീസ്വാതന്ത്ര്യവാദം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് വലിയ പ്രചോദനമായിട്ടുണ്ട്. ലോകത്തെ ഫാഷന്‍ ചരിത്രം നോക്കിയാല്‍ എക്കാലത്തും ഓര്‍ത്തുവെക്കുന്ന ചില പേരുകളാണ് അനെറ്റ് കെല്ലര്‍മാന്‍, ലൂയിസ കാപെറ്റിലോ, മിഷെലിന്‍ ബെര്‍ണാര്‍ഡിനി തുടങ്ങിയവര്‍. സ്ത്രീസ്വാതന്ത്ര്യവാദത്തില്‍ ഊന്നിയുള്ള ഫാഷന്‍ ട്രന്‍ഡുകള്‍ക്ക് ചുവടുപിടിച്ച ചില വ്യക്തികളിതാ...
ബ്രിഗിറ്റ് ബാര്‍ഡോത്
ഫ്രഞ്ച് നടിയും ഗായികയും നര്‍ത്തകിയുമായ ബ്രിഗിറ്റ് ബാര്‍ഡോത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു ഫാഷന്‍ ഐക്കണാണ്. വിമോചിതയായ ആധുനിക സ്ത്രീയെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബ്രിഗിറ്റിന്റെ ഫാഷന്‍ സ്വത്വം. 1950 കളിലെയും 1960 കളിലെയും ഏറ്റവും അറിയപ്പെടുന്ന ലൈംഗിക പ്രതീകങ്ങളിലൊന്നായിട്ടാണ് അവരെ കരുതിപ്പോരുന്നത്. മോണോക്രോമാറ്റിക് ടോപ്പുകളും പാന്റുകളും/പെന്‍സില്‍ സ്‌കേര്‍ട്ടുകളും സ്വെറ്ററും അടങ്ങിയ ഫ്രഞ്ച് ശൈലികള്‍ ആക്സസറൈസ് ചെയ്യുന്നതില്‍ ബാര്‍ഡോത് പ്രശസ്തയായിരുന്നു. കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ അക്കാലത്ത് ഈ വേഷം ഒരു ട്രെന്‍ഡ്‌സെറ്ററായിരുന്നു. ലൈംഗിക സ്വാതന്ത്ര്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രശസ്തയായ ബ്രിഗിറ്റ് ഫാഷനില്‍ ഫെമിനിസമെന്ന ആശയം സ്ഥാപിക്കുന്നതില്‍ വിജയിച്ചു.

ബെറ്റി പേജ്
1950-കളില്‍ പിന്‍-അപ്പ് ഫോട്ടോകളുടെ പേരില്‍ പ്രശസ്തയായ അമേരിക്കന്‍ മോഡലാണ് ബെറ്റി പേജ്. പിന്‍ അപ്പുകളുടെ രാജ്ഞി എന്നും അറിയപ്പെട്ടു. ബെറ്റിയുടെ എല്ലാ വസ്ത്രങ്ങളിലും അവള്‍ ശ്രദ്ധേയയായിരുന്നു. ആളുകളുടെ ഫാഷന്‍ മനോഭാവത്തെ നേരിട്ട് സ്വാധീനിക്കുന്നതായിരുന്നു ബെറ്റിയുടെ രീതികള്‍. അവരുടെ വസ്ത്രധാരണശൈലിയില്‍ ശാക്തീകരണവും സ്വത്വബോധവുമുണ്ടായിരുന്നുവെന്നാണ് നിരീക്ഷകരുടെ പക്ഷം. ബെറ്റിയുടെ സ്റ്റൈലിങ് രീതികള്‍ യുവാക്കളും പുരോഗമനവാദികളും സ്വതന്ത്രവാദികളുമായ സ്ത്രീകള്‍ ഇഷ്ടത്തോടെ ധരിച്ചു. ഒട്ടേറെ ഫോട്ടോഗ്രാഫര്‍മാര്‍ക്കുമുമ്പില്‍ ബെറ്റി തന്റെ ഫാഷന്‍ നിലപാടുകള്‍ തുറന്നുവെച്ചു.
ബെറ്റിയുടെ നീണ്ട കറുത്ത മുടിയും നീലക്കണ്ണുകളും ബാങ്‌സ് ഹെയറും തലമുറകളായി കലാകാരന്മാരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
(വ്യാപകമായി പ്രചാരത്തിലുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് പിന്‍ അപ്പുകള്‍. അമേരിക്കയില്‍ ഗ്ലാമര്‍ മോഡലുകള്‍, നടിമാര്‍, ഫാഷന്‍ മോഡലുകള്‍ എന്നിവയാണ് പിന്‍ അപ്പുകളില്‍ ഇടംപിടിച്ചിരുന്നത്.)

മേരി ക്വാന്റ്
ബ്രിട്ടിഷ് ഫാഷന്‍ ഡിസൈനറും ഫാഷന്‍ ഐക്കണുമായിരുന്നു മേരി ക്വാന്റ്. മിനിസ്‌കര്‍ട്ടിനും ഹോട്ട്പാന്റ്‌സിനും ഇത്രയധികം ജനപ്രീതി നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത് ഈ ഡിസൈനറാണ്. 1960കളിലെ ലണ്ടന്‍ ആസ്ഥാനമായുള്ള മോഡ്, യൂത്ത് ഫാഷന്‍ പ്രസ്ഥാനങ്ങളിലെ ഒരു പ്രധാനവ്യക്തിത്വമായിരുന്നു. ലണ്ടനിലെ സ്വിങ്ങിങ് സിക്സ്റ്റീസ് സംസ്‌കാരത്തില്‍ പ്രധാന പങ്ക് വഹിച്ചു.
യുവതലമുറയെ തന്റെ ഡിസൈനുകളിലേക്ക് ആകര്‍ഷിക്കാനും ഇന്നുവരെ ആരും പരീക്ഷിക്കാത്ത തലത്തിലേക്ക് ഫാഷന്‍ ലോകം വ്യാപിപ്പിക്കാനും മേരിക്ക് സാധിച്ചു. ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്കുവേണ്ടി മേരി തയ്യാറാക്കായി മിനിസ്‌കേര്‍ട്ടുകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയതും ഫാഷനിലെ ഫെമിനിസത്തിന്റെ പ്രതീകമായി മാറിയതും.

മര്ലിന് മണ്‍റോ
എന്നും വശ്യസൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് മര്‍ലിന്‍ മണ്‍റോയെ ലോകം കാണുന്നത്. ടെലിവിഷന്‍ പോലും ജനകീയമല്ലാതിരുന്ന 1950-ളിലും 60-കളിലും മര്‍ലിന്‍ മണ്‍റോയുടെ സൗന്ദര്യവും സ്‌റ്റൈലും ലോകപ്രശസ്തമായിരുന്നു. അമേരിക്കന്‍ അഭിനേത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണുമായ മര്‍ലിന്‍ മുപ്പതോളം ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും, നടിയായും, ജ്വലിക്കുന്ന ശരീരമായും ഹോളിവുഡിനെ ലഹരി പിടിപ്പിച്ചു. ഫാഷന്‍ ലോകത്തെ ഏറ്റവും മികച്ച ട്രന്‍ഡ് സെറ്ററുകളില്‍ ഒരാളാണ് മര്‍ലിന്‍. ഫാഷനിലെ ഫെമിനിസത്തെ ഉയര്‍ത്തിക്കാട്ടുകയും സമാനതകളില്ലാത്ത സ്‌റ്റൈലിങ് സെന്‍സിലൂടെ ഭാവി ഫാഷന്‍ പോലും നിര്‍ണയിക്കാനും മര്‍ലിന് സാധിച്ചു. ഫാഷന്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ളൊരു രത്‌നമായി ഇന്നും ആളുകളുടെ മനസ്സില്‍ അവശേഷിക്കുന്നു.
Content Highlights: fashion history, women who changed fashion bettie page marilyn monroe
Published: 20 Jun 2024, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented