നടി രേഖയുടെ സിനിമാജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നാണ് 'ഉമ്രാവു ജാനി'ലെ ഉമ്രാവു ജാൻ. 1981-ൽ റിലീസായ സിനിമ 44 വർഷങ്ങൾക്കുശേഷം റി-റിലീസിങ്ങിനൊരുങ്ങുകയാണ്. ജൂണിലായിരിക്കും റി-റിലീസ് എന്നാണ് വാർത്തകൾ.

സിനിമയിൽ നർത്തകിയായിട്ടാണ് രേഖ അഭിനയിച്ചത്. ആ കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും അവരെ തേടിയെത്തി. സിനിമ നിർമിച്ചതും സംവിധാനം ചെയ്തതും തിരക്കഥ എഴുതിയതുമെല്ലാം മുസാഫർ അലിയാണ്.

സിനിമയിലെ രേഖയുടെ ഓരോ കോസ്റ്റിയൂമുകളും ശ്രദ്ധിക്കപ്പെട്ടു. അതിൽ ധരിച്ച ഗാഗ്രയും അനാർക്കലിയുമെല്ലാം ആളുകൾ ഇഷ്ടത്തോടെ നോക്കിക്കണ്ടു. മുസാഫർ അലിയുടെ മുൻപങ്കാളിയും കമ്യൂണിസ്റ്റ് നേതാവുമായ സുഭാഷിണി അലിക്കായിരുന്നു വസ്ത്രാലങ്കാരത്തിന് ക്രെഡിറ്റ് നൽകിയത്.

സത്യത്തിൽ ലീന ദാരുവായിരുന്നു സിനിമയിലെ വസ്ത്രാലങ്കാരത്തിനുപിന്നിൽ. പക്ഷേ, അതിന്റെ പേരിലുള്ള അംഗീകാരം ലഭിക്കാനും പ്രതിഫലത്തിനുമായി ലീനയ്ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടിവന്നുവെന്നതാണ് വസ്തുത.

2020-ലാണ് ലീന മരിക്കുന്നത്. അതിന് കുറച്ചുനാളുകൾക്ക് മുമ്പ്, ചരിത്രകാരനായ സുഭാഷ് ഛെദ ലീനയെ കാണാനെത്തി. അന്ന് അവർ സംസാരിച്ചതുമുഴുവൻ 'ഉമ്രാവു ജാനി'ലെ വസ്ത്രങ്ങളെക്കുറിച്ചാണെന്ന് പറയുന്നു സുഭാഷ്. ''രേഖയുടെയും പ്രേമ നാരായണിന്റെയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് ലീനയാണ്. പക്ഷേ, സിനിമയിലെ കോസ്റ്റിയൂം ഡിസൈനർ എന്ന പേര് ലഭിച്ചത് സുഭാഷിണി അലിക്കായിരുന്നു. ആദ്യം ലീനയ്ക്ക് ക്രെഡിറ്റും ലഭിച്ചിരുന്നില്ല. ഒരുപാട് അതിനുപുറകെ നടന്നശേഷമാണ്, രേഖയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിനുള്ള ക്രെഡിറ്റ് മാത്രം ലീനയ്ക്ക് നൽകിയത്. മാത്രമല്ല, കോസ്റ്റിയൂം ഡിസൈനിങ്ങിനുള്ള പ്രതിഫലവും ലീനയ്ക്ക് ലഭിച്ചില്ല''.

പ്രതിഫലം നൽകില്ലെന്ന് ആദ്യമേ തന്നെ സംവിധായകൻ പറഞ്ഞിരുന്നുവത്രേ. എന്നിട്ടും ലീനയുടെ ഭർത്താവിന്റെ നിർബന്ധം കാരണമാണ്, സിനിമയിൽ പ്രവർത്തിക്കാൻ അവർ തീരുമാനിച്ചത്. പ്രതിഫലം ലഭിക്കില്ലെന്നറിഞ്ഞിട്ടും തന്റെ പണിയിൽ മായം ചേർക്കാനൊന്നും ലീന ശ്രമിച്ചില്ല.

സിനിമയിലെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിന് മുന്നോടിയായി ലീന, ഒരുപാട് യാത്രകൾ നടത്തി. ലക്‌നൗവിലെ ഹവേലികളും മ്യൂസിയങ്ങളും സന്ദർശിച്ചു. അതിനുശേഷമാണ് ഓരോ വസ്ത്രങ്ങളുടെയും സ്‌കെച്ചുകൾ ഉണ്ടാക്കിയതും വസ്ത്രങ്ങൾ നെയ്‌തെടുത്തതും. പണമില്ലെന്ന് മുസാഫർ അലി പറഞ്ഞതിനാൽ, രേഖ സ്വന്തം ആഭരണങ്ങളാണ് ഉപയോഗിച്ചത്.

ഇൻ ആംഖോ കെ മസ്തി മേ, സിന്ദഗി ജബ് ഭീ, ദിൽ ചീസ് ക്യാ ഹെ… തുടങ്ങി മനോഹരമായ ഒട്ടേറെ പാട്ടുകളുമുണ്ട് സിനിമയിൽ. മുഹമ്മദ് സഹൂർ ഖയ്യമാണ് സംഗീതസംവിധാനം നിർവഹിച്ചത്. അദ്ദേഹത്തിനും 'ദിൽ ചീസ് ക്യാ ഹേ' എന്ന പാട്ടിലൂടെ ആശ ഭോസ്ലെയ്ക്കും ദേശീയപുരസ്‌കാരം ലഭിക്കുകയും ചെയ്തു.