അതിശയിപ്പിക്കുന്ന അടരുകളാൽ തുന്നിച്ചേർത്ത കുപ്പായമാണ് ഇന്ദ്രൻസിന് ജീവിതം. വിചിത്രവും വിസ്മയകരവുമായി തുടരുന്ന യാത്ര. കുമാരപുരത്ത് പാലവിള വീട്ടിൽ സുരേന്ദ്രൻ നാലാംക്ലാസിൽ പഠനം അവസാനിപ്പിച്ച് തയ്യൽപരിശീലനത്തിന് ഇറങ്ങുമ്പോൾ കാലം കാത്തുവെച്ച തിരക്കഥയെക്കുറിച്ച് സൂചനകളില്ലായിരുന്നു. കനലുപോലെ പൊള്ളിച്ച അനുഭവങ്ങൾ വിവരിക്കവേ ഒരിക്കൽ ഇന്ദ്രൻസ് പറഞ്ഞു, ''ജീവിതം പലപ്പോഴും സിനിമാക്കഥകളെക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞതാകും, ഭാവനകൾക്ക് മുകളിൽ ഉയർന്നുനിൽക്കും.''
തയ്യൽക്കടക്കാരനിൽനിന്ന് സിനിമയുടെ വസ്ത്രാലങ്കാരകനായുള്ള മാറ്റം, പ്രാരബ്ധങ്ങൾ നിറഞ്ഞ കാലത്തായിരുന്നു. കഥാപാത്രങ്ങൾക്ക് വേഷങ്ങളൊരുക്കുമ്പോഴും വേഷങ്ങളണിയാൻ കൊതിച്ച മനസ്സ് ഉള്ളിൽ തുടിച്ചു. അമെച്ചർ നാടകരംഗത്തുള്ള പരിചയമാണ് സിനിമാഭിനയത്തിന് തുണയായത്. കെ. സുരേന്ദ്രൻ എന്നപേരിൽ തുടങ്ങിയ സിനിമയിലെ വസ്ത്രാലങ്കാരം, ഇന്ദ്രൻസ് എന്ന പേരിലേക്ക് മാറാൻ അധികകാലം വേണ്ടിവന്നില്ല. തയ്യൽക്കടയുടെ പേര് സ്വന്തം പേരായി എടുത്തണിയുകയായിരുന്നു. ചെറുതും വലുതുമായ വേഷങ്ങളിലൂടെ അയാൾ ടെലിസീരിയലുകളിലും സിനിമയിലും സ്വന്തമായൊരു ഇടം കണ്ടെത്തി.
'ചൂതാട്ടം' സിനിമയിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി. പത്മരാജൻചിത്രങ്ങളിലൂടെ കോസ്റ്റ്യൂമറായും അഭിനേതാവായും വളർന്നു. ആർ. സുകുമാരൻ, ലോഹിതദാസ്, സിബി മലയിൽ, അടൂർ ഗോപാലകൃഷ്ണൻ, ടി.വി. ചന്ദ്രൻ തുടങ്ങി പേരെടുത്ത സംവിധായകർ സമ്മാനിച്ച വേഷങ്ങൾ പകർന്നാടി. രാജസേനൻസിനിമകളിലൂടെ ഇന്ദ്രൻസ് ചിരിയുടെ പുതിയ മുഖം സ്വന്തമാക്കി. നീർക്കോലിയും കൊടക്കമ്പിയും ഡ്രൈവർ പൊന്നപ്പനും...പ്രേക്ഷകർ ആഘോഷിച്ച കഥാപാത്രങ്ങൾ പിറന്നു. പുതുകാലത്തിൽ പല വേഷങ്ങളിലൂടെ സ്വയം നവീകരിച്ച് ഇന്ദ്രൻസ് ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.
ഹോം, പട, മാലിക്, മേപ്പടിയാൻ, അഞ്ചാംപാതിര, ഉടൽ, ആശാൻ... ഓരോ സിനിമ കഴിയുമ്പോഴും സ്വയം നവീകരിച്ച് ഇന്ദ്രൻസ് പ്രേക്ഷകരെ നിരന്തരം അദ്ഭുതപ്പെടുത്തി. സിനിമയ്ക്കകത്തും പുറത്തും നാട്യങ്ങളില്ലാതെ മുന്നോട്ടുപോകുന്ന നടൻ, മലയാളത്തിന്റെ മുറ്റം കടന്ന് തമിഴിലും സജീവമാകാൻ ഒരുങ്ങുകയാണ്... സിനിമ സമ്മാനിച്ച സന്തോഷങ്ങളും അതിശയങ്ങളും വിവരിച്ച് ഇന്ദ്രൻസ് സംസാരിക്കുന്നു.
പദ്മരാജൻസിനിമകളുടെ വസ്ത്രാലങ്കാരജോലി ഏറ്റെടുക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം തേടിയതായി കേട്ടിട്ടുണ്ട്. നടനാകാനുള്ള ആഗ്രഹം അത്രമേൽ ശക്തമായിരുന്നോ?
അഭിനയത്തോട് അടങ്ങാത്ത മോഹവും താത്പര്യവുമായിരുന്നു, എന്നാൽ അന്ന് ജീവിതം മുന്നോട്ടുപോകണമെങ്കിൽ തയ്യൽജോലിതന്നെ ചെയ്യേണ്ടിവന്നു. പദ്മരാജൻസാറിന്റെ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്യുന്നതിനുമുൻപ് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം തേടിയെന്നത് ശരിയാണ്. 'പെരുവഴിയമ്പലം' സിനിമയാകാൻ ഒരുങ്ങിയ സന്ദർഭത്തിലായിരുന്നു അത്. നോവൽ സിനിമയാക്കുന്നതായും, അഭിനയിക്കാൻ പുതുമുഖങ്ങൾക്കവസരം എന്നുമുള്ള പത്രത്തിലെ പരസ്യം കണ്ടാണ് അപേക്ഷ അയച്ചത്. കഥാപാത്രത്തിന്റെ രൂപവും ഭാവവും പ്രായവും നിറവുമൊക്കെ പരസ്യത്തിൽ വ്യക്തമാക്കിയിരുന്നെങ്കിലും ഒരാഗ്രഹത്തിന്റെ പുറത്ത് അപേക്ഷ അയയ്ക്കുകയായിരുന്നു.
സിനിമയിലേക്ക് തിരഞ്ഞെടുക്കാത്തതിൽ അന്ന് വിഷമമൊന്നും തോന്നിയില്ല. പെരുവഴിയമ്പലം തിയേറ്ററിൽ എത്തിയപ്പോൾ ആദ്യദിവസം ആദ്യ ഷോതന്നെ കണ്ടു. അശോകൻ എന്ന പയ്യന്റെ രൂപവും അഭിനയവും കണ്ട് അതിശയിച്ചുപോയി. ഇതിനാണല്ലോ ഞാനപേക്ഷിച്ചതെന്നാലോചിച്ചപ്പോൾ നാണംതോന്നി.
പദ്മരാജൻ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് എങ്ങനെയാണ്?
വേഷമൊരുക്കാൻ വന്നതാണെങ്കിലും വേഷം കെട്ടാനായി കൊതിച്ച മനസ്സായിരുന്നു എന്റെത്. അസോസിയേറ്റ് ഡയറക്ടറായ ഉണ്ണിച്ചേട്ടനും (സുരേഷ് ഉണ്ണിത്താൻ) അസിസ്റ്റന്റ് ഡയറക്ടർമാരായ വേണുഗോപനും പൂജപ്പുര രാധാകൃഷ്ണനും ബ്ലെസ്സിയുമൊക്കെപ്പറഞ്ഞ് എന്റെ അഭിനയമോഹം പദ്മരാജൻസാറും അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു കുഞ്ഞ് കഥാപാത്രം എനിക്ക് തരാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.
കോസ്റ്റ്യൂം റെഡിയാക്കാൻവേണ്ടി തരുന്ന ലിസ്റ്റിൽ എനിക്ക് കിട്ടാൻ സാധ്യതയുള്ള കഥാപാത്രം ഏതായിരിക്കുമെന്ന് ഉണ്ണിച്ചേട്ടനോട് രഹസ്യമായി ചോദിച്ചറിഞ്ഞുവയ്ക്കും. ഒഴിവുസമയങ്ങളിൽ സാറ് ഫ്രീയായിരിക്കുമ്പോൾ പതുക്കെ അടുത്തുചെല്ലും, ഡ്രെസ്സ് റെഡിയാക്കിവയ്ക്കാൻ ചോദിക്കുന്നപോലെ പോസ്റ്റ്മാൻ ആരാണ് സർ, വെയിറ്റർ ആരാണ് സർ, വാച്ചർ ആരാണ് സർ എന്നൊക്കെ ചോദിക്കുമ്പോൾ സാറിന് കാര്യം മനസ്സിലാവും. ഉണ്ണിത്താനോട് ചോദിച്ചിട്ട് അതിലേതെങ്കിലുമൊന്ന് സുരേന്ദ്രന്റെ അളവിൽ തയ്ച്ചോളാൻ അദ്ദേഹം പറയും.
സാറിന്റെ ഓർഡർ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഉണ്ണിച്ചേട്ടൻ കൂടുതൽ ഡയലോഗുള്ളതുനോക്കി നല്ലൊരു കഥാപാത്രം എനിക്ക് തരും.
സിനിമയാണ് സ്വന്തം വഴിയെന്ന് ഉറപ്പിക്കുന്നതും വസ്ത്രാലങ്കാരജോലിയിലേക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നതും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ സിനിമയ്ക്ക് ശേഷമാണോ?
പദ്മരാജൻസാറിന്റെ സിനിമയിലേക്കുള്ള വിളിവന്നപ്പോൾ പോകാൻ ആദ്യമൊന്ന് മടിച്ചു. സിനിമയിൽ ജോലിചെയ്തുള്ള ആദ്യ അനുഭവങ്ങൾ മോശമായതിനാൽ, അമ്മയാണ് കൂടുതലായി എതിർത്തത്. സിനിമയ്ക്ക് പുറകേ നടന്നാൽ അടുപ്പുകത്തില്ലെന്ന് അമ്മ ഉറച്ചുവിശ്വസിച്ചു. പിന്നീട് തയ്യൽക്കട നടത്തിപ്പിന്റെ ഉത്തരവാദിത്വം അനുജൻമാരെ ഏൽപ്പിച്ചാണ് 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളു'ടെ വസ്ത്രാലങ്കാരം ഏറ്റെടുക്കുന്നത്.
പദ്മരാജൻസാറിന്റെ സിനിമകളിൽ ജോലിചെയ്തുതുടങ്ങിയപ്പോൾ പുതിയ അറിവുകൾ കിട്ടിക്കൊണ്ടിരുന്നു. വസ്ത്രാലങ്കാരത്തെക്കുറിച്ചുള്ള എന്റെ ധാരണ പാടേമാറി. ഒരു ഫ്രെയിമിൽ വരുന്ന കഥാപാത്രങ്ങളെ പലതരം നിറങ്ങളൊക്കെക്കൊണ്ട് അലങ്കരിക്കുന്നതിനാണ് അതുവരെ ഞാൻ ശ്രമിച്ചത്. കഥാപാത്രത്തിന്റെ സ്വഭാവവും അവർ ധരിക്കുന്ന വസ്ത്രങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പദ്മരാജൻസാറിന്റെ സിനിമയിലൂടെ പഠിച്ചു. സാമ്പത്തികനിലയും പ്രായവും മാത്രമല്ല, ഒരാളുടെ ഉള്ളിലെ ചിന്തയും സ്വപ്നവും അവർ ഉപയോഗിക്കുന്ന നിറങ്ങളിലൂടെ കാണാമെന്ന് അദ്ദേഹമെനിക്ക് മനസ്സിലാക്കിത്തന്നു. കോസ്റ്റ്യൂമറായും നടനായും അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച് വളരുകയായിരുന്നു.
തിരക്കുള്ള കോസ്റ്റിയൂമറായി സിനിമയിൽ നിറഞ്ഞുനിന്നൊരു കാലമുണ്ടായിരുന്നു. ക്യാമറയ്ക്ക് പിന്നിലെ ആ നാളുകളെക്കുറിച്ച്…
സിനിമയിൽ വസ്ത്രാലങ്കാരസഹായിയായിരുന്നപ്പോഴും മെയിൻ കോസ്റ്റ്യൂമറായപ്പോഴും ഒരുപാട് അവഗണനകൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഷൂട്ടിങ്ങിനുപോകുമ്പോഴും തിരികേ വരുമ്പോഴും ലൊക്കേഷൻ ഷിഫ്റ്റ് സമയത്തും പോകുന്ന വണ്ടികളിൽ ഓടിച്ചെന്ന് കയറും, അവരെന്നെ ഇറക്കിവിടും. ''അടുത്ത വണ്ടീൽ വാ, അല്ലെങ്കിൽ പുറകേ ജീപ്പ് വരും, അതീൽ കേറിവാ...'', എന്നൊക്കെ പറയും. കേറിയ വണ്ടികളിൽ സീറ്റുണ്ടായിട്ടും ഇറക്കിവിട്ടിട്ടുണ്ട്.
ചിലപ്പോ പോയ വണ്ടി തിരികേവന്ന് സോറി പറഞ്ഞ് കേറ്റിക്കോണ്ട് പോയിട്ടുമുണ്ട്. ഷിഫ്റ്റ് കഴിഞ്ഞ് ചെന്നയുടനെ ആർട്ടിസ്റ്റിന് കൊടുക്കേണ്ട ഡ്രസ്സോ ചെരുപ്പോ ആഭരണങ്ങളോ ഒക്കെ റെഡിയാക്കി ഓടിച്ചെന്ന് കയറുമ്പോ, പിടിച്ചിറക്കും. അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് മാറിനിൽക്കും. എനിക്ക് കാഴ്ചയ്ക്കൊരു ഗമയില്ലാത്തോണ്ടാണ്, എന്റെ തൊഴിലിനുപോലും വിലകിട്ടാഞ്ഞതെന്ന് തോന്നിയിട്ടുണ്ട്. ഏത് മേഖലയിലായാലും അപ്പിയറൻസ് പ്രധാനമാണ്, അന്നൊക്കെ രൂപംകൊണ്ട് പല സ്ഥലങ്ങളിലും പിന്തള്ളപ്പെടുകയും, ഒതുങ്ങിനിൽക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.
വസ്ത്രാലങ്കാരവും അഭിനയവും തയ്യൽക്കടയും ഇവയെല്ലാം ഒന്നിച്ചുകൊണ്ടുപോവുക എന്നത് വലിയ വെല്ലുവിളിയായിരുന്നില്ലേ?
പദ്മരാജൻസാറിന്റെ സിനിമയുടെ വസ്ത്രാലങ്കാരക്കാരൻ എന്ന ലേബലിൽ കൂടുതൽ സിനിമകളിലേക്ക് ഞാൻ എത്തപ്പെട്ടു. എന്റെ അഭിനയമോഹം അറിയാവുന്നവർ എനിക്ക് ചെറുവേഷങ്ങൾ സമ്മാനിച്ചു. സിനിമയ്ക്ക് പുറകേയുള്ള ഓട്ടത്തിനിടയിലും കടയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. സിനിമയിൽനിന്ന് തുടരത്തുടരെ ജോലികൾ വന്നുകൊണ്ടിരുന്നെങ്കിലും അതിനനുസരിച്ചുള്ള വരുമാനമൊന്നും തുടക്കത്തിൽ ലഭിച്ചിരുന്നില്ല. കടയുടെ നടത്തിപ്പ് അനുജൻമാർ ഭംഗിയായി കൊണ്ടുപോകുന്നത് കാണുമ്പോൾ മനസ്സ് സന്തോഷിക്കും. സിനിമയുടെ ഇടവേളകളിലെല്ലാം കടയിലേക്ക് ഓടിയെത്തുന്ന ജീവിതമായിരുന്നു അന്നെന്റെത്.
ചെറുവേഷങ്ങളിൽ തട്ടിത്തടഞ്ഞു പോകുമ്പോഴാണ് ഭദ്രൻ-മോഹൻലാൽ ചിത്രം സ്ഫടികം വരുന്നത്. ആടുതോമയെ മനസ്സുകൊണ്ടാരാധിക്കുന്ന കഥാപാത്രം, അഭിനയജീവിതത്തിനൊരു മുതൽക്കൂട്ടാവുകയായിരുന്നല്ലേ?
ഭദ്രൻസാറിന്റെ പടത്തിന് കോസ്റ്റ്യൂംചെയ്യുന്നകാര്യം സൂചിപ്പിച്ചത് ഗാന്ധിമതി ബാലൻസാറാണ്. കേട്ടപ്പോൾ ആദ്യമൊരാവേശം തോന്നിയെങ്കിലും നടക്കാൻപോകുന്നത് വലിയൊരു സിനിമയാണെന്നും സംവിധായകൻ വലിയ വാശിക്കാരനാണെന്നും മനസ്സിലാക്കിയപ്പോൾ അതിൽനിന്ന് മാറുന്നതാണ് നല്ലതെന്ന് മനസ്സ് പറഞ്ഞു.
കൂടെനിന്നാൽ നല്ലൊരു വേഷം ചെയ്യാം. മാമുക്കോയയൊക്കെ ചെയ്യുമ്പോലത്തെ റോളാണെന്നും ബാലൻസാറ് പറഞ്ഞതോടെ ഞാൻ 'സ്ഫടിക'ത്തിനൊപ്പം ചേർന്നു.
സെറ്റിൽ ഞങ്ങളേറ്റവും കഷ്ടപ്പെട്ടത് തിലകൻസാറിന്റെ കഥാപാത്രം ചാക്കോമാസ്റ്റർക്കുള്ള വേഷമുണ്ടാക്കലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണട, ഷാൾ, ഷർട്ട്, അതിന്റെ ബട്ടൺ, കഫ്ലിങ്സ്, മുണ്ട്, ഹാഫ് ഷൂസ്, വാക്കിങ് സ്റ്റിക്.
തിലകൻസാറും ഭദ്രൻസാറും രണ്ടുരീതിയിലുള്ള ആവശ്യങ്ങളായിരുന്നു ഉന്നയിച്ചത്. ഭദ്രൻസാറ് ഷർട്ടിന്റെ കൈയുടെ നീളത്തിനും കോളറിനുമൊക്കെ ഒരു കണക്ക് പറയും. ഭദ്രൻസാറ് ഓക്കെ പറയുമ്പോ, തിലകൻസാറ് തിരിയും. ചാക്കോമാഷ് ക്ലാസിലേക്ക് വരുമ്പോ വരാന്തയിൽ ലാടം പതിച്ച ഷൂസിന്റെ ശബ്ദം കേൾക്കണം. ആ ഷൂസിട്ടുവേണം പഠിക്കാത്ത കുട്ടികളുടെ കാൽവിരൽ ചവിട്ടിഞെരിക്കാൻ. തിലകൻസാറാണെങ്കിൽ അത് ഇട്ടുനോക്കീട്ട്, ''എടുത്തോണ്ട് പോ... ഇത് ഞാനെങ്ങനെയിടും... ലാടം പതിച്ചതിട്ടോണ്ട് ഞാനെങ്ങനെ നടക്കും... ഞാൻ മാടല്ല, മനുഷ്യനാ...'' എന്നുപറഞ്ഞ് ഓടിക്കും. ചാക്കോമാഷിന്റെ വെള്ള ഷർട്ടിനുവേണ്ടി പലതരത്തിലുള്ള തുണികളും തയ്ച്ചു. ഭദ്രൻസാറിന് തൃപ്തിയാകുമായിരുന്നില്ല. അദ്ദേഹത്തെ തൃപ്തിപ്പെടുത്താനായി അറുപത്തഞ്ച് ഷർട്ട് തയ്ക്കേണ്ടിവന്നിട്ടുണ്ട്.
തോമാച്ചൻ ചാക്കോമാഷിന്റെ ഷർട്ടിന്റെ കൈ മുറിച്ചുകളയുന്ന സീനെല്ലാം വസ്ത്രാലങ്കാരകനെ പെടുത്തുന്നതായിരുന്നു. ഷർട്ടിന്റെ കൈ മുറിക്കുന്ന സീനെടുക്കുന്നതിനുമുൻപ്, മുറിച്ചശേഷം അതിട്ട് നിൽക്കുന്ന ഷോട്ടെടുത്തു. ഒരെണ്ണത്തിന്റെ കൈ മുറിച്ചു. ശരിയായില്ല. അടുത്തതും മുറിച്ചു. അങ്ങനെ പലരും മാറിമാറി, അന്ന് പതിമൂന്ന് ഷർട്ടിന്റെ കൈ വെട്ടി. ലാൽസാറ് വന്ന് ഷോട്ടെടുക്കുന്ന ദിവസം റിഹേഴ്സലിലും ഷോട്ടിലുമായി മുപ്പത്തിരണ്ടെണ്ണത്തിന്റെ കൈ വെട്ടി. ബുദ്ധിമുട്ടുകളൊക്കെ സഹിച്ചെങ്കിലും കോസ്റ്റ്യൂമർ എന്നനിലയ്ക്ക് ഞങ്ങൾക്കതൊരു പാഠശാലയായിരുന്നു. ആ സിനിമയോടെ, എത്ര വലിയ സിനിമയും ചെയ്യാമെന്ന ഒരു ധൈര്യം വന്നു.
സ്ഫടികത്തിലെ കഥാപാത്രം ഇന്നുമെനിക്കേറെ പ്രിയപ്പെട്ടതാണ്. ഷൂട്ടിങ് തുടങ്ങിയദിവസംതന്നെ എന്റെ കോസ്റ്റ്യൂമുകൾ റെഡിയാക്കിവെച്ചിരുന്നു. വെള്ള ഫുൾ ഷർട്ടും മുണ്ടും നിസ്കാരത്തൊപ്പിയുമായിരുന്നു എന്റെ കോസ്റ്റ്യൂം. ആദ്യ ഷോട്ട് എടുക്കുന്നതിനുമുൻപായി ഗുരുനാഥന്മാരെയൊക്കെ മനസ്സിൽ കണ്ട്, ഭദ്രൻസാറിന്റെ കാലിൽ തൊട്ട് തൊഴുതു.
തടസ്സങ്ങളൊന്നുമില്ലാതെ സീൻ തീർന്നു. ഭദ്രൻസാറ് 'ഗുഡ്' പറഞ്ഞു. അന്ന് വൈകീട്ട് ഭദ്രൻസാറ് റൂമിലേക്ക് ചെല്ലാൻപറഞ്ഞു. സാറെന്നെ അടുത്തേക്ക് വിളിച്ച് നൂറുരൂപ തന്നു. ''സുരേന്ദ്രൻ നന്നായിട്ടഭിനയിച്ചു. കോയ കലക്കി. നീ ഉയർന്നുവരും. വലിയ നടനാവും. അതിനുള്ള എന്റെ സമ്മാനമാണിത്.'' കേട്ടിട്ടും വിശ്വസംവരാത്തപോലെ ഞാൻ സാറിന്റെ മുഖത്തുതന്നെ നോക്കിനിന്നു.
കോസ്റ്റിയൂമറിൽനിന്ന് നടനായുള്ള മാറ്റം എന്നുമുതൽക്കാണ്. മാസികയിലെല്ലാം ആദ്യമായി ഫോട്ടോ അച്ചടിച്ചുവന്നത് ഓർമയിലുണ്ടോ?
'മാലയോഗം' സിനിമയുടെ കോസ്റ്റ്യൂം റെഡിയാക്കാനായുള്ള ആർട്ടിസ്റ്റുകളുടെ ലിസ്റ്റിൽ എന്റെ പേരുമുണ്ടായിരുന്നു.
ജയറാമും പാർവതിയും മുരളിയും ഇന്നസെന്റുമൊക്കെയായിരുന്നു ചിത്രത്തിലെ പ്രധാനികൾ. ആറ്റിങ്ങൽ, കിളിമാനൂർ ഭാഗത്തായിരുന്നു മാലയോഗത്തിന്റെ ഷൂട്ടിങ്. ഇന്നസെന്റ്ചേട്ടന്റെ സഹായിയായി കൂടെ നടക്കുകയും അദ്ദേഹം പറയുന്നതെല്ലാം ഒന്നൂടെ ഏറ്റുപറയുകയും ചെയ്യുന്ന കഥാപാത്രമായിരുന്നു എനിക്ക്. മേക്കപ്പും കോസ്റ്റ്യൂമും ഇട്ട് അഭിനയിക്കുന്ന എന്റെ ഒരു സീനിന്റെ സ്റ്റിൽ ആദ്യമായി സിനിമാവീക്കിലികളിൽ വരുന്നത് മാലയോഗത്തിലാണ്. അന്നത്തെ ഫിലിം മാഗസിനിലും നാനയിലും ചിത്രഭൂമിയിലുമൊക്കെ എന്റെ ഫോട്ടോയും ഇന്റർവ്യൂവും വന്നു. അന്ന് ഒരുപാട് വീക്കിലികൾ വാങ്ങി കൂട്ടുകാർക്കും കുടുംബക്കാർക്കുമൊക്കെ വിതരണംചെയ്തു. വീട്ടിലെല്ലാവരും കൂടിയിരുന്ന് പലതവണ വായിച്ചു. അമ്മ കണ്ണുതുടച്ചു.
വീട്ടിൽ എല്ലാവരുംകൂടിയിരുന്നാണ് അഭിമുഖം വായിച്ചുകേട്ടത്. കുമാരപുരത്ത് പാലവിളവീട്ടിൽ കൊച്ചുവേലു എന്ന കൂലിവേലക്കാരന്റെ ഏഴ് മക്കളിൽ മൂന്നാമനാണ് സുരേന്ദ്രൻ. തടിയറുപ്പുകാരനായ കൊച്ചുവേലു കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത് എന്നൊക്കെയായിരുന്നു തുടക്കം. വീട്ടിലുള്ളവരൊക്കെ സന്തോഷത്തോടെയും അഭിമാനത്തോടെയുമൊക്കെയാണ് കേൾക്കുന്നതെങ്കിലും, അച്ഛന്റെ ഉള്ളിലെവിടെയോ അതിലെ വരികൾ ചെറിയൊരു നോവ് നിറച്ചു. അഭിമുഖങ്ങളിലെല്ലാം വരുന്ന ഇല്ലായ്മയുടെ കഥകൾ അച്ഛനെ വിഷമിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. താൻ കാരണമാണ് മക്കളെല്ലാം കഷ്ടപ്പെടേണ്ടിവന്നതെന്ന ചിന്ത അച്ഛനെ വല്ലാതെ മുറുക്കിയിരുന്നു. പിന്നീടങ്ങോട്ട് അഭിമുഖങ്ങളിലൊന്നും പഴയ കാര്യങ്ങൾ വരാതിരിക്കാനും വന്നാൽതന്നെ അതച്ഛന്റെ കണ്ണിൽപ്പെടാതിരിക്കാനും ശ്രദ്ധിച്ചു.
കോസ്റ്റ്യൂമറായല്ലാതെ ഒരു സിനിമയിൽ അഭിനയിക്കാനായിമാത്രം ചെന്നത് ഹരികുമാർസാറിന്റെ 'എഴുന്നള്ളത്തി'ലാണ്. സിദ്ദിഖിന്റെയും മുകേഷിന്റെയുമെല്ലാമൊപ്പം ഒരു വാച്ചുകടക്കാരന്റെ വേഷത്തിൽ ഞാൻ അഭിനയിച്ചു. രണ്ടായിരം രൂപയാണ് അന്നെനിക്ക് പ്രതിഫലമായി ലഭിച്ചത്.
സിനിമയിൽ കോമഡി ട്രാക്ക് ഉറപ്പിച്ച് മുന്നോട്ട് പോകുമ്പോൾത്തന്നെ, വ്യത്യസ്തവും ശക്തവുമായ ചില വേഷങ്ങൾ തേടിയെത്തുകയായിരുന്നോ?
കോമഡി കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്തുശീലിച്ച എനിക്കുനേരേ വ്യത്യസ്തവേഷങ്ങളുമായി എത്തിയവർ ഒരുപാടുണ്ട്. എന്നെപ്പോലൊരാൾക്ക് ഒരിക്കലും കിട്ടാൻ സാധ്യതയില്ലാത്ത കഥാപാത്രത്തെ നൽകി അഭിനയത്തിന്റെ ശരിയായ ദിശയിലേക്ക് മാറ്റിനടത്തിയ സംവിധായകനാണ് എം.പി. സുകുമാരൻ നായർ സാർ. അടൂർസാറിന്റെയും ടി.വി. ചന്ദ്രൻസാറിന്റെയും സിനിമകളിലഭിനയിക്കാൻ അവസരം കിട്ടിയതും എം.പി. സുകുമാരൻ സാറിന്റെ സിനിമകളിലൂടെയാണ്. അദ്ദേഹം എന്നെ നിരന്തരം നിരീക്ഷിച്ചു, നിയന്ത്രിച്ചു, തിരുത്തി. ആ മൂശയിലിട്ട് ഞാനെന്ന നടനെ പാകപ്പെടുത്തി.
തമാശവേഷങ്ങളിൽനിന്ന് പറിച്ചുമാറ്റി പ്രാധാന്യമുള്ള വേഷങ്ങൾ തന്ന് എന്നെ കൈപിടിച്ചുകൊണ്ടുപോകാൻ വേറേയും ചിലർ വന്നു. ശയനം, ദൃഷ്ടാന്തം, രാമാനം, ജലാംശം എന്നീ സിനിമകളിലൊക്കെ കരുത്തും കാമ്പുമുള്ള കഥാപാത്രങ്ങൾ ലഭിച്ചു. ആ സിനിമകളെല്ലാം എന്നെ വലിയ സിനിമാഫെസ്റ്റിവലുകളിലേക്ക് കൊണ്ടുപോയി.
ഗൗരവമുള്ള കഥാപാത്രങ്ങൾക്കൊപ്പമാണ് ഇപ്പോൾ കൂടുതലായും കാണുന്നത്. ബോധപൂർവമാണോ ഈ മാറ്റം?
ശരീരത്തിന് പരിമിതികളുണ്ട്... എങ്കിലും വലിയ കഥാപാത്രങ്ങളെ ഉൾക്കൊള്ളാനും സ്വീകരിക്കാനും മനസ്സിനെ പാകപ്പെടുത്തി ശക്തി സംഭരിച്ചുവരികയാണ്. കഥാവശേഷൻ, നിഴൽക്കുത്ത്, ശയനം തുടങ്ങിയ സിനിമകളെല്ലാം കഴിഞ്ഞപ്പോൾ ഗോഷ്ടികാണിക്കാതെ ശ്രദ്ധിച്ച് മുന്നോട്ടുപോയാൽ വ്യത്യസ്തമായ പല വേഷങ്ങളും ചെയ്യാൻ കഴിയുമെന്ന് സ്വയം തിരിച്ചറിഞ്ഞു. ആളൊരുക്കം, പാതി, മണ്ട്രോത്തുരുത്ത്... അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ പിന്നീട് വന്നുകൊണ്ടിരുന്നു. ഗൗരവമുള്ള കഥാപാത്രങ്ങൾ പലതും ആവേശത്തോടെ സ്വീകരിക്കുകയായിരുന്നു. പ്രാർഥിച്ച ദൈവങ്ങൾ കൈവിട്ടില്ല എന്ന് കരുതാനാണ് ഇഷ്ടം.
കോമഡി ചെയ്യാനാണ് താത്പര്യം, ക്യാമറയ്ക്കുമുന്നിൽ കുസൃതിയൊക്കെ കാണിച്ച് ചിരിച്ചും ചിരിപ്പിച്ചും അഭിനയിക്കുക എന്നത് പ്രത്യേക സന്തോഷവും ഊർജവും ലഭിക്കുന്ന കാര്യമാണ്. അത്തരം വേഷങ്ങളെല്ലാം സ്വീകരിക്കാൻ ഉത്സാഹംകൂട്ടുന്ന മനസ്സാണ് ഇന്നും എന്റെത്. എന്നാൽ, അടുത്തകാലത്തായി തേടിവരുന്നതെല്ലാം ഗൗരവമുള്ള വേഷങ്ങളാണ്. ചിരിയില്ലാത്ത ചില കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ, ആ വഴിയിലൂടെ വീണ്ടും വീണ്ടും നടത്താനാണ് പലരും ശ്രമിക്കുന്നത്. ഗൗരവമുള്ള വേഷങ്ങൾ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടിവരും. അഭിനയിച്ച് അവസാനിപ്പിച്ചാലും, കഥാപാത്രത്തിന്റെ നിഴൽ പിന്നെയും കുറച്ചുനാൾ ഒപ്പംതന്നെ ഉണ്ടാകും. ഇന്ന് സിനിമയിലെ തമാശകളുടെ രീതിയിലും അവതരണശൈലിയിലുമെല്ലാം കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്, കഥയുടെ സ്വാഭാവിക ഒഴുക്കിനോട് ചേർന്നുനിൽക്കുന്ന തമാശകളാണ് ആളുകളിന്ന് രസിക്കുന്നത്. കാലത്തിന്റെ മാറ്റമാണ് അതെല്ലാം. കോമഡിയോട് എന്നും ഒരിഷ്ടക്കൂടുതലുണ്ട്, തേടിവരുന്ന ചിരിവേഷങ്ങളൊന്നും വിട്ടുകളയാറില്ല.
ചുവരിലെ ചിരി
ഒരുദിവസം ബ്രോഡ്വേയിലെ ഫാൻസി സ്റ്റോറുകളിൽനിന്ന് സാധനങ്ങൾ വാങ്ങി മെയിൻറോഡിലേക്ക് കയറിയപ്പോൾ, റോഡിന്റെ മറുഭാഗത്ത് നിൽക്കുന്ന എന്നെ കണ്ട് ഞാൻ ഞെട്ടി.
ആ വലിയ ചുവരിൽ സിക്സ് ഷീറ്റ് പോസ്റ്ററിൽ ഞാൻ നിലംതൊടാതെ ചാടിനിൽക്കുന്നു. ഉർവശി കഥയെഴുതി സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത 'ഉത്സവമേള'ത്തിന്റെ പോസ്റ്റർ. റോഡ് മറികടന്ന് പോസ്റ്ററിന്റെ മുൻപിൽ പോയിനിന്നു. കലൂരും പാലാരിവട്ടത്തും തുടങ്ങി ആലുവവരെ എല്ലാ ചുവരിലും ഞാനെന്നെ തിരഞ്ഞ് കണ്ടുപിടിച്ചു. തിരുവനന്തപുരത്തും ഉത്സവമേളത്തിന്റെ പോസ്റ്റർ ഇറങ്ങിയോ എന്ന ആകാംക്ഷയായിരുന്നു മനസ്സിൽ. നാട്ടിലെത്തി, അടുത്ത ദിവസം സ്കൂട്ടറെടുത്ത് കറങ്ങി. സ്ഥിരമായി സിനിമാപോസ്റ്റർ ഒട്ടിക്കുന്നിടത്തൊക്കെ ഉത്സവമേളത്തിന്റെ പോസ്റ്ററുകൾ നിറഞ്ഞിരുന്നു. ഉത്സവമേളത്തിൽ കതിന ഗോപാലനെന്ന കഥാപാത്രമായിരുന്നു. അമ്പലത്തിലെ ഒരു വെടിക്കാരൻ. പപ്പുച്ചേട്ടനും മാളച്ചേട്ടനും കൈലാസ് നാഥും ചേർന്ന് എന്നെ ചുമന്നുകൊണ്ടുപോകുന്ന പോസ്റ്റർ ഇന്നും മനസ്സിലുണ്ട്.
ടൈറ്റിൽ കാർഡ്
ജയറാമിന്റെ ആദ്യസിനിമയായ 'അപരന്റെ' ടൈറ്റിൽ കാർഡിലാണ് വസ്ത്രാലങ്കാരം ഇന്ദ്രൻസ് എന്ന് ആദ്യമായി എഴുതിക്കാണിക്കുന്നത്. ചിത്രീകരണത്തിന്റെ തിരക്കൊഴിഞ്ഞ സമയത്ത് ഞാൻ പത്മരാജൻസാറിനോട് ചോദിക്കുകയായിരുന്നു.
ടൈറ്റിൽ കാർഡിൽ എന്റെ കടയുടെ പേര് വെച്ചോട്ടെ എന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു. ഇന്ദ്രൻസ് എന്ന പേര് എന്റെ വിളിപ്പേരായിമാറുമെന്ന് അന്നൊന്നും ഞാൻ കരുതിയില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Transformation from a local tailor to a celebrated Malayalam actor. Early struggles in the costume design department during the formative years. Actor Indrans talking about his film journey
Published: 08 Apr 2026, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented