2022-ൽ പുറത്തിറങ്ങിയ സിനിമയാണ് 'ഗംഗുബായ് കത്യാവാഡി'. ആലിയ ഭട്ടിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്ന്. ഈ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും ആലിയ സ്വന്തമാക്കി.
ബോളിവുഡിൽ നടിയാവണമെന്ന ആഗ്രഹവുമായി, പതിനാറാമത്തെ വയസ്സിൽ അവൾ കാമുകനോടൊപ്പം ഒളിച്ചോടുന്നു. കാമുകൻ അവളെ ആയിരം രൂപയ്ക്ക് കാമാത്തിപുരയിലെ വേശ്യാലയത്തിന് വിൽക്കുന്നു. ലൈംഗികതൊഴിലാളിയാവാൻ നിർബന്ധിക്കപ്പെടുന്ന അവൾ, പിന്നീട് ഗംഗുവായി മാറുന്നു. നിഷ്‌കളങ്കയായ ചെറിയ പെൺകുട്ടിയിൽനിന്ന്, ഒരു ചേരി ഭരിക്കുന്ന ഗംഗുഭായിലേക്കുള്ള മാറ്റം വളരെ മനോഹരമായിട്ടാണ് ആലിയ അവതരിപ്പിച്ചത്. സിനിമയിലെ വസ്ത്രങ്ങളെല്ലാം ആ കഥാപാത്രത്തോട് വളരെയധികം ചേർന്നുപോകുന്ന രീതിയിലാണ് തയ്യാറാക്കിയത്.
ജീവിതത്തിലെ ഓരോ ഘട്ടത്തിലേക്കുമുള്ള കഥാപാത്രത്തിന്റെ യാത്രയും, വ്യക്തിത്വത്തിലുണ്ടാവുന്ന മാറ്റങ്ങളുമെല്ലാം ഗംഗുഭായുടെ വസ്ത്രങ്ങളിലും കാണാം. തന്റെ നാടിന്റെ സുരക്ഷിതത്വത്തിൽ ജീവിക്കുമ്പോൾ, ആ കഥാപാത്രം ധരിക്കുന്നത് അജ്രക് പ്രിന്റുള്ള വസ്ത്രങ്ങളും ഓക്‌സിഡൈസ്ഡ് ആഭരണങ്ങളുമാണ്.
ഗംഗുഭായ്ക്ക് അധികാരം കൈവരുമ്പോൾ വെള്ളസാരികളിലേക്ക് മാറുന്നു. സിനിമയിൽ ആലിയയുടെ കഥാപാത്രത്തിനായി വസ്ത്രങ്ങളൊരുക്കിയത് കോസ്റ്റിയൂം ഡിസൈനറായ ശീതൾ ഇഖ്ബാൽ ശർമയാണ്.
വസ്ത്രങ്ങൾ തയ്യാറാക്കിയതിനെക്കുറിച്ച് ശീതൾ പറയുന്നതിങ്ങനെ, ''50-കളിലെയും 60-കളിലെയും കാമാത്തിപുരയിലെ വേശ്യാലയങ്ങൾ. ഇതുമാത്രമാണ് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി പറഞ്ഞത്. അവിടെയുള്ള വേശ്യാലയത്തിൽ വളർന്ന്, അവരുടെ നേതാവായി മാറിയ സ്ത്രീയുടെ കഥയാണെന്നും പറഞ്ഞു. ഒരു ചെറിയ ഗ്രാമത്തിൽനിന്ന് പട്ടണത്തിലെത്തുന്ന പെൺകുട്ടി. ലൈംഗികതൊഴിലാളിയായി മാറുന്നു, പിന്നീട് അവരുടെ നേതാവായും, അതുകഴിഞ്ഞ് രാഷ്ട്രീയത്തിലുമിറങ്ങുന്നു. അങ്ങനെയാണ് പ്രധാനകഥാപാത്രത്തിന്റെ വളർച്ച. അപ്പോഴും ആലിയ ഭട്ട് ആണ് പ്രധാനകഥാപാത്രമെന്ന് പറഞ്ഞിരുന്നില്ല. ലുക്ക് ടെസ്റ്റിനായി വന്നപ്പോഴാണ് അവരാണെന്ന് അറിയുന്നത്. ആദ്യം ആലിയയുടെയും അജയ് ദേവ്ഗണിന്റെയും കഥാപാത്രങ്ങൾക്ക് മാത്രം വസ്ത്രങ്ങൾ ഒരുക്കാനാണ് പറഞ്ഞത്. പക്ഷേ സിനിമയിലുള്ള എല്ലാ കഥാപാത്രങ്ങൾക്കും ഡിസൈൻ ചെയ്യാമെന്ന് ഞാൻ അങ്ങോട്ടു പറഞ്ഞു. ബൻസാലി ആദ്യം സമ്മതിച്ചില്ല. കാരണം ഓരോ ദിവസവും 500 പേർ വരെയുണ്ടാവും അഭിനയിക്കാൻ. അവസാനം അദ്ദേഹം ഓകെ പറഞ്ഞു.
ഗംഗുഭായ് എന്ന നേതാവിന് വെള്ളനിറം മതിയെന്ന് ബൻസാലി പറഞ്ഞിരുന്നു. വെള്ളയിൽ കൂടുതലായി എന്താണ് ചെയ്യുകയെന്ന് ഞാൻ ചിന്തിച്ചു. ''വെള്ളയിൽ തന്നെ പലതരം ഷെയ്ഡുകളുണ്ടല്ലോ എന്നാണ് ബൻസാലി പറഞ്ഞത്. മേഘം, വെള്ളച്ചാട്ടം, വെള്ള റോസാപ്പൂവ്, പാൽ, ഉപ്പ്...എല്ലാം വെവ്വേറെ വെള്ളയാണല്ലോ എന്നും അദ്ദേഹം പറഞ്ഞു. സിൽക്ക്, മൾമൾ, കോട്ടൺ, ബനാറസി, ഖാദി തുടങ്ങി എല്ലാ മെറ്റീരിയലും ഞങ്ങൾ ഉപയോഗിച്ചു. അതിനൊപ്പം ത്രീ-ഫോർത്ത് സ്ലീവുള്ള ബ്ലൗസുകളും''.
വസ്ത്രങ്ങളിൽ പലപ്പോഴും മാറ്റങ്ങൾ വേണ്ടിവന്നു. സെറ്റിൽവെച്ച് തന്നെ അതൊക്കെ ശരിയാക്കുകയും ചെയ്തുവെന്ന് ശീതൾ പറയുന്നു. ''ക്ലൈമാക്‌സ് സീനിൽ വെള്ള മൾമൾ സാരിയാണ് ആലിയ ധരിച്ചത്. ബാക്കിയുള്ള ആർട്ടിസ്റ്റുമാർ ധരിച്ചതും വെള്ള തന്നെ. ഷോട്ട് എടുക്കുമ്പോഴാണ് ബൻസാലി പറയുന്നത്, ഗംഗുഭായ് അവരിൽനിന്നും വ്യത്യസ്തയായി നിൽക്കണമെന്ന്. അപ്പോൾ തന്നെ ചുവന്ന കോട്ടൺ തുണി വാങ്ങി, ബോർഡറിൽവെച്ച് സ്റ്റിച്ച് ചെയ്യുകയായിരുന്നു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi
Content Highlights: alia bhatt`s powerful performance in gangubai kathiawadi, showcasing her journey from a naive girl to a powerful leader
Published: 18 Jun 2025, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented