ബനാറസിലെ നെയ്ത്തുകാരുടെ തറികളിൽനിന്ന് നെയ്‌തെടുക്കുന്ന പട്ടുസാരികളാണ് ബനാറസി. പൂർണമായും കൈത്തറിയിൽ നെയ്‌തെടുക്കുന്ന സാരികളാണിവ. പതിനേഴാം നൂറ്റാണ്ടിൽ ഇവിടേക്ക് കുടിയേറിയവരാണത്രെ ബനാറസിനെ പട്ടിന്റെ കേന്ദ്രമാക്കി മാറ്റിയത്. ഇന്ന് ഒരു കോടിയിലേറെ ആളുകളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്.

പ്രൗഢിക്കൊപ്പം ഭംഗി കൂടിയാണ് ബനാറസി സാരികളെ വ്യത്യസ്തമാക്കുന്നത്. കല്യാണങ്ങൾക്കും റിസപ്ഷനും ബനാറസി ധരിക്കുന്നത് ഒരു ചേല് തന്നെ. ബോളിവുഡ് സെലിബ്രിറ്റികൾ പലരും ബനാറസ് സാരികളെ കൂട്ടുപിടിക്കുന്നവരാണ്. സിനിമാപ്രൊമോഷൻ ചടങ്ങുകളിലാണെങ്കിലും വിവാഹച്ചടങ്ങിലാണെങ്കിലും നടി രേഖ ധരിക്കുന്നത് സാരികളാണ്. അവയിലേറെയും ബനാറസി തന്നെ.

ബനാറസി സാരികളോട് ഏറെ പ്രിയമുള്ളയാളാണ് ദീപിക പദുകോൺ. വിവാഹവാർഷികങ്ങളിലും ക്ഷേത്രദർശനങ്ങളിലുമെല്ലാം അവർ ബനാറസി സാരിയാണ് തിരഞ്ഞെടുത്തത്. ഒന്നാം വിവാഹവാർഷികത്തിൽ ദീപികയും രൺവീറും തിരുപ്പതി ക്ഷേത്രത്തിലെത്തിയിരുന്നു. അന്ന് റെഡ്-ഗോൾഡൻ ബനാറസി സാരിയാണ് ദീപിക ധരിച്ചത്. സബ്യസാചിയിൽനിന്നുള്ള സാരിയായിരുന്നുവത്. ഹെവി സെറി വർക്കായിരുന്നു അതിന്റെ പ്രത്യേകത. അതിനൊപ്പം ദീപിക അണിഞ്ഞത് ടെമ്പിൾ ജ്വല്ലറിയും.

ഗർഭിണിയായിരുന്ന സമയത്ത് ദീപിക സിദ്ദിവിനായകക്ഷേത്രം സന്ദർശിച്ചിരുന്നു. അന്നത്തെ ദീപികയുടെ ലുക്ക് ആരാധകരെ ഏറെ ആകർഷിക്കുകയും ചെയ്തു. പച്ചനിറത്തിലുള്ള ബനാറസി സാരിയായിരുന്നു ദീപിക ധരിച്ചത്. ബൂട്ട ഡിസൈനിലുള്ള സാരിയുടെ ബോഡിയിലുള്ള ഗോൾഡൻ വർക്ക് ഭംഗി ഇരട്ടിപ്പിച്ചു. പ്രശസ്തഡിസൈനറായ അനൈറ്റ ഷ്രോഫ്, ദീപികയ്ക്ക് സമ്മാനമായി നൽകിയ സാരിയാണത്. ആറുമാസം കൊണ്ടാണ് ആ സാരി നെയ്‌തെടുത്തത്. കുന്ദൻ കമ്മലുകളാണ് സാരിക്കൊപ്പം ദീപിക ധരിച്ചത്.

അനുഷ്‌ക ശർമയുടെ വെഡിങ് റിസപ്ഷന് ധരിച്ചതും റെഡ് ബനാറസി സാരി തന്നെ. സബ്യസാചിയാണ് അത് അനുഷ്‌കയ്ക്കായി തയ്യാറാക്കിയത്. അധികം വർക്കില്ലാത്ത ഹൈനെക്ക് ബ്ലൗസായിരുന്നു ഹൈലൈറ്റ്. ഒപ്പം ഹെവി ആഭരണങ്ങളും. ന്യൂഡ് ലിപ്സ്റ്റിക്കും സ്‌മോക്കി ഐസും സ്ലീക് ബണ്ണും

സൊനാക്ഷി സിൻഹ തന്റെ വിവാഹ റിസപ്ഷന് റെഡ് ബനാറസി ബ്രൊക്കേഡ് സാരിയാണ് ധരിച്ചത്. ഗോൾഡൻ ബോർഡറും ചാന്ദ് ബുട്ട മോട്ടിഫുകളും സാരിയുടെ ഭംഗി കൂട്ടി. അതിനൊപ്പം എമറാൾഡ്-കുന്ദൻ ആഭരണങ്ങളും ധരിച്ചു. 80,000 രൂപയാണ് സാരിയുടെ വില.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi