'അമ്മയ്ക്ക് അച്ഛനെ ഡിവോഴ്സ് ചെയ്യാമായിരുന്നില്ലേ?' വലുതായപ്പോള്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു


8 min read
Read later
Print
Share

അന്ന് അമ്മ അച്ഛനെ ഉപേക്ഷിച്ചിരുന്നുവെങ്കില്‍ എന്റെയും സഹോദരിയുടെയും സ്ഥിതി എന്താകുമായിരുന്നു? അമ്മയുടെ ജീവിതത്തെപ്പറ്റി എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം എഴുതുന്നു

അമ്മയ്‌ക്കൊപ്പം സന്തോഷ് ഏച്ചിക്കാനം | ഫോട്ടോ : മധുരാജ്‌

കേവലം പതിനാറ് വയസ്സുള്ളപ്പോഴായിരുന്നു എന്റെ അമ്മയുടെ വിവാഹം. പഠിച്ച് ടീച്ചര്‍ ആകണമെന്നൊക്കെ മനസ്സിലുണ്ടായിരുന്നു. അതൊക്കെ യാഥാസ്ഥിതികനായ തന്റെ പിതാവിനുമുന്‍പില്‍ അവതരിപ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്നറിയാവുന്നതുകൊണ്ട് ശ്യാമള എന്ന എന്റെ അമ്മ സ്വപ്‌നങ്ങളെല്ലാം ചുരുട്ടിക്കൂട്ടി മൂലയിലിട്ടു. എന്നിട്ട് 23 കാരനും അറിയപ്പെടുന്ന ഫുട്ബോള്‍ താരവുമായ എ.സി. ചന്ദ്രന്‍നായരെ വിവാഹംകഴിച്ചു. ബേഡഡുക്കയില്‍ പക്കാ നാട്ടിന്‍പുറത്തുകാരിയായി വളര്‍ന്ന ആ പെണ്‍കുട്ടി അങ്ങനെ 50 കിലോമീറ്റര്‍ ദൂരെയുള്ള നീലേശ്വരം പട്ടണത്തിലെത്തി. ആലിലവളപ്പിലെ എമണ്ടന്‍ വീടിന്റെ ഉമ്മറത്തേക്ക് കാലെടുത്തുവെച്ചപ്പോള്‍ നിലവിളക്കിന്റെ നീണ്ട നാളത്തിനപ്പുറം കണ്ണാടിത്തറയില്‍ അമ്മ തന്റെ ചിരിക്കുന്ന കണ്ണുകള്‍ കണ്ടു. അച്ഛന്റെ മാതാപിതാക്കളൊക്കെ മൂപ്പര്‍ക്ക് കേവലം ഏഴുവയസ്സുള്ളപ്പോള്‍ മരിച്ചുപോയിരുന്നു. അച്ഛമ്മയ്ക്ക് ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍ നായര്‍ സമ്മാനിച്ച പതിനാറ് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു എന്റെ അച്ഛന്‍. അതില്‍ എട്ടുപേര്‍ പ്രസവസമയത്തും ബാല്യം പിന്നിടുംമുന്‍പുമൊക്കെയായി മരിച്ചുപോയിരുന്നു. മൂത്ത ചേട്ടന്‍ ബാലന്‍നായരും അച്ഛനും തമ്മില്‍ 30 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. (എന്റെ അച്ഛാച്ചാ, ഭാര്യയെന്നും പറഞ്ഞിട്ട് ഒരു സ്ത്രീയോട് ഇങ്ങനെയൊക്കെ ചെയ്യാമോ?) അമ്മയെത്തുമ്പോള്‍ ആ പടുകൂറ്റന്‍ ബംഗ്ലാവില്‍ അച്ഛനെക്കൂടാതെ അദ്ദേഹത്തിന്റെ മറ്റൊരു ചേട്ടന്‍ ഭാര്യയ്ക്കും മൂന്ന് പെണ്‍മക്കള്‍ക്കുമൊപ്പം അത്ര സുഖത്തോടുകൂടിയല്ലാതെ താമസിക്കുന്നുണ്ടായിരുന്നു. ഇന്നര്‍ പൊളിറ്റിക്‌സാണ് കാരണം.

ചേട്ടനും അനുജനും തമ്മില്‍ സ്വത്തിന്റെ പേരില്‍ ഒന്നുംരണ്ടും പറഞ്ഞ് പരസ്പരം ഷെല്ലാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന സമയം. ഈ ആഭ്യന്തര സംഘര്‍ഷത്തിനിടയില്‍വെച്ചാണ് അമ്മ എന്നെ ഗര്‍ഭം ധരിക്കുന്നത്. എല്ലാമുണ്ടെങ്കിലും ആരുമില്ലാത്ത ചുറ്റുപാടില്‍ ഒരു തകര്‍ന്ന കെട്ടിടംപോലെ അമ്മ ഇരുന്നു. അച്ഛന്‍ പക്ഷേ, ഗാലറിയില്‍നിന്നുയരുന്ന ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയില്‍ പരിഗണനയുടെയും പ്രശംസയുടെയും ധാരാളിത്തത്തില്‍ ആനന്ദതുന്ദിലനായി കേരളത്തിനകത്തും പുറത്തും കറങ്ങിനടന്നു.എതിര്‍കളിക്കാരുടെ വലകളില്‍ ഗോളുകളിട്ട് നിറച്ചു. അച്ഛന്‍ പറയുന്നതുകേള്‍ക്കാന്‍ അദ്ദേഹം നിറച്ചുകൊടുക്കുന്ന ചില്ലുഗ്ലാസുകള്‍ക്കുചുറ്റും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു.അമ്മയ്ക്കാകട്ടെ മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ഞാന്‍ ഒരാള്‍ മാത്രം. അച്ഛനെക്കുറിച്ചുള്ള പരാതിയും താനനുഭവിക്കുന്ന ഏകാന്തതയും വേദനയുമൊക്കെ അമ്മ എന്റെ മുന്നില്‍ തുറന്നുവെച്ചു.എഫ്.എമ്മില്‍ കഥ കേള്‍ക്കുന്ന ആസ്വാദകനെപ്പോലെ ആ പരാതികള്‍ മുഴുവന്‍ ഞാന്‍ ഗര്‍ഭപാത്രത്തിലിരുന്ന് കേട്ടു. 'ലോകത്തിന്റെ പരാതികളാണ് കഥകള്‍' എന്ന് അമ്മയുടെ വയറ്റില്‍നിന്ന് പുറത്തിറങ്ങുംമുന്‍പുതന്നെ എനിക്ക് മനസ്സിലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം എഴുതിയ ഒരു കഥയില്‍ അത് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. എനിക്ക് രണ്ടുവയസ്സ് തികഞ്ഞതും എനിക്ക് ഒരനിയത്തികൂടിയുണ്ടായി. സിന്ധു. എനിക്കാണെങ്കില്‍ ആസ്ത്മ വിട്ടൊഴിഞ്ഞിട്ടുള്ള നേരമില്ല. ''നിന്നെ കാലിലും സിന്ധുവിനെ നെഞ്ചിലും കിടത്തി നിന്റെ അച്ഛന്‍ വരുന്നതും കാത്ത് ഞാന്‍ പാതിരവരെ ആ വീടിനകത്തിരുന്നു. പലപ്പോഴും ശ്വാസം കിട്ടാതെ നീ ചത്തുപോകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സഹായിക്കാന്‍ ഒരാളില്ല. വീട്ടില്‍ രണ്ട് വെയ്പാണ്. അച്ഛന്റെ ചേട്ടനൊന്നും തിരിഞ്ഞുനോക്കില്ല. നിന്റെ അച്ഛനോടുള്ള വാശി. ചേട്ടന്റെ മക്കള്‍ക്ക് നിങ്ങളെ വലിയ കാര്യമായിരുന്നു. പക്ഷേ, പേടി കാരണം അവരും അധികം അങ്ങനെ വന്ന് നിങ്ങളുടെകൂടെ ഇരിക്കൂല. എന്തുചെയ്യാനാണ്. ഉള്ള ദൈവങ്ങളെയൊക്കെ വിളിച്ച് ഞാന്‍ കരഞ്ഞു.'' ചിലപ്പോള്‍ എന്നിലെ എഴുത്തുകാരന്‍ വന്നത് അന്ന് അമ്മ ഒഴുക്കിയ കണ്ണീരില്‍ ചവിട്ടിയാവാം.

അടുക്കളപ്പണിയും കുട്ടികളെ നോക്കലും ഉറക്കമൊഴിപ്പും ഒക്കെയായി എങ്ങനെയെങ്കിലും ഒന്ന് കിടന്നാ മതി എന്ന് തോന്നുന്ന സമയത്തായിരിക്കും പുറത്ത് ജീപ്പുവന്ന് മുരണ്ട് നില്‍ക്കുന്നത്. അതില്‍നിന്ന് മംഗലശ്ശേരി നീലകണ്ഠന്‍ സ്‌റ്റൈലില്‍ അച്ഛനും സംഘവും ഇറങ്ങും. കൈയില്‍ കാര്യങ്കോട്ട് പുഴയില്‍നിന്ന് പിടിച്ച കൂറ്റന്‍ ചെമ്പല്ലിയും ബ്രാണ്ടിക്കുപ്പികളും കാണും. മത്സ്യം അമ്മയെ ഏല്പിക്കുന്നതോടെ അന്നത്തെ ആഘോഷത്തിന്റെ കൊടിയേറും. ഉറക്കംതൂങ്ങുന്ന കണ്ണുകളുമായി അമ്മ അതിന്റെ ചെതുമ്പല്‍ മുഴുവന്‍ കളഞ്ഞ് വെട്ടിക്കഴുകി കഷണങ്ങളാക്കി ഉപ്പും മഞ്ഞളും മുളകും തേച്ച് വെയ്ക്കും. അപ്പോഴേക്കും കോഴി കൂവിത്തുടങ്ങും. പാചകമൊക്കെ അച്ഛനും ചങ്ങാതിമാരുംകൂടി ചെയ്‌തോളും. കാലത്തെണീക്കുമ്പോള്‍ അടുക്കള ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍പോലെ കെടക്കുന്നുണ്ടാവും. അച്ഛനും കൂട്ടുകാരും സെറ്റിയിലും തറയിലുമൊക്കെ കൂര്‍ക്കംവലിച്ച് ഉറങ്ങുന്നതുകാണാം. പിന്നെ ഓരോരുത്തരായി കൃത്രിമമായ കുറ്റബോധവും ബഹുമാനവുമൊക്കെ കാണിച്ച് എണീറ്റുപോകും. അതോടെ അമ്മ വീണ്ടും അടുക്കളയിലേക്ക്. ഉച്ചയ്ക്ക് നാലഞ്ച് വിഭവങ്ങളെങ്കിലും വേണം. അച്ഛന്‍ പത്രവും മറ്റും വായിച്ച് പൂമുഖത്തിരിക്കും. ഞങ്ങള്‍ മക്കളെ വല്ലപ്പോഴും ഒന്ന് നോക്കിയാലായി.
സമൃദ്ധമായി ഊണും കഴിച്ച് ഒന്നുകൂടി മയങ്ങി വെയിലാറുമ്പോള്‍ ഒരു ചായയും കുടിച്ച് ബൂട്ടും എടുത്ത് ഒരു പോക്കാണ്. വീണ്ടും രാത്രി പതിവുപോലെ പാതിരയ്ക്ക് കേറിവരും. ''ഒരു മാറ്റവും ഉണ്ടാവാറില്ലേ?'' പഴയ കാര്യങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു.

''പിന്നെ മാറ്റമുണ്ടാകും. ചെമ്പല്ലിക്കുപകരം കരിമീനായിരിക്കും.''
''അമ്മയ്ക്ക് അച്ഛനെ ഡിവോഴ്സ് ചെയ്യാമായിരുന്നില്ലേ?'' വലുതായപ്പോള്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
''പലതവണ ആലോചിച്ചതാടാ. പക്ഷേ, ഏഴുവയസ്സില്‍ അമ്മയും അച്ഛനും മരിച്ചുപോയ കുഞ്ഞല്ലേ? കണ്ടമാനം സ്വത്തും. അങ്ങനെയൊരുത്തന്‍ പിഴച്ചുപോയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. പിന്നെ എല്ലാം ഇട്ടെറിഞ്ഞ് ഞാനെങ്ങോട്ട് പോകും? വീട്ടിലെത്തിയാല്‍ കല്യാണം കഴിച്ചയച്ചത് നിന്റെ കെട്ട്യോനെ നോക്കാനാണെന്നും പറഞ്ഞ് എന്റെ അച്ഛന്‍ എന്നെ തിരിച്ച് ഇങ്ങോട്ടുതന്നെ അയക്കും. അയിനേക്കാളും നല്ലതല്ലേ പാതിരാത്രിക്കിരുന്ന് ചെമ്പല്ലി നന്നാക്കുന്നത്?'', അമ്മ ചോദിച്ചു. ''നിങ്ങളെ രണ്ടിനേയും കിണറ്റിലിട്ട് ചത്താലോ എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്.'' ''പിന്നെന്തേ ചാവാഞ്ഞേ'' ഞാന്‍ ചോദിച്ചു. ''നിന്റെ അച്ഛന്‍ എന്നെ മാത്രേ ദ്രോഹിച്ചിട്ടുള്ളൂ. കഥയെഴുതി നാട്ടുകാരെ മുഴുവന്‍ ദ്രോഹിക്കാന്‍ ഒരുത്തന്‍ ഈട വേണ്ടേ?'' അമ്മയുടെ ഹ്യൂമര്‍ കേട്ട് ഞാനും ചിരിച്ചു.
''പക്ഷേ, വേറൊരു കാര്യണ്ട്.'' അമ്മ തുടര്‍ന്നു... എന്തൊക്കെ കുറ്റപ്പെടുത്തിയാലും നിന്റെ അച്ഛന്‍ എന്നെ തല്ലിയിട്ടില്ല. സ്‌നേഹമുണ്ട്. പക്ഷേ, കാണിക്കാന്‍ അറിയില്ല. കുടിച്ചിട്ടില്ലെങ്കില്‍ ഇത്രേം നല്ലൊരാളെ ഈ ഭൂമിയില്‍ കാണൂല. ഒരുതുള്ളി അകത്ത് പോയാ കഴിഞ്ഞു പണി. എന്തെല്ലാന്ന് ചെയ്തുകൂട്ടുന്നതെന്ന് അയാക്ക്തന്നെ അറീല. ഞാന്‍ പറഞ്ഞതൊന്നും അനുസരിക്കൂല. ഒടുവില്‍ ഓരോന്നായി വിറ്റ് തീര്‍ത്തു. തലയില്‍ തേക്കുന്ന ബ്രില്‍ക്രീം വാങ്ങാന്‍ 5 സെന്റ് സ്ഥലം വിറ്റോനാണ് നിന്റെ അച്ഛന്‍. അപ്പൊ ഏട എത്തണം. അതോണ്ടെന്തായി. വീടും കുടീം എല്ലാംപോയി ബേഡകത്തേക്കുതന്നെ വീണ്ടും നമ്മളെത്തി. അമ്മാവന്മാരും മുത്തശ്ശനും അമ്മമ്മയും വേലക്കാരും ഉഴവുകാളകളും ആടും കോഴിയും വേട്ടപ്പട്ടികളും എല്ലാം ചേര്‍ന്ന് കൂട്ടുകുടുംബംപോലെയായിരുന്നു അവിടത്തെ അവസ്ഥ. അമ്മയ്ക്ക് ഒരു ചെമ്പല്ലിക്ക് പകരം അന്‍പത് ഐല മുറിക്കേണ്ടിവന്നു. ഇന്ന് നവദമ്പതിമാര്‍വരെ അവരുടെ നിസ്സാര പ്രശ്‌നങ്ങള്‍ക്കുള്ള ഏക പോംവഴിയായി വിവാഹമോചനത്തെ അഭയം പ്രാപിക്കുന്നത് കാണുമ്പോഴാണ് എന്റെ അമ്മയെപ്പോലുള്ളവരുടെ ക്ഷമയുടെയും സഹനത്തിന്റെയുമൊക്കെ ആഴം ഞാന്‍ മനസ്സിലാക്കുന്നത്. ബന്ധങ്ങളുടെ കണ്ണി പൊട്ടുമെന്ന് തോന്നിയപ്പോഴൊക്കെ അവര്‍ തന്റെ കണ്ണീരില്‍ പ്രത്യാശചേര്‍ത്ത് നിരന്തരം വിളക്കി ഒട്ടിച്ചുകൊണ്ടിരുന്നു. അതൊക്കെ എന്തിനാണെന്ന് പുതിയ തലമുറ ചോദിച്ചേക്കാം. അന്ന് അമ്മ അച്ഛനെ ഉപേക്ഷിച്ചിരുന്നുവെങ്കില്‍ എന്റെയും സഹോദരിയുടെയും സ്ഥിതി എന്താകുമായിരുന്നു? എനിക്കാലോചിക്കാന്‍പോലും പറ്റുന്നില്ല.

അച്ഛന്റെ ധൂര്‍ത്തുകാരണം എല്ലാം നശിച്ചു. അമ്മയുടെ ഉപദേശമൊന്നും അച്ഛന്‍ കേട്ടില്ല. സാല്‍ഗോക്കര്‍ ടീമില്‍ സെലക്ഷന്‍ കിട്ടിയെങ്കിലും അവിടെ അധികകാലം നില്‍ക്കാതെ അച്ഛന്‍ തിരിച്ചുവന്നു. എല്ലാം പോയപ്പോള്‍ മുത്തശ്ശന്‍ ആലിലവളപ്പിലെ വീടുവിറ്റ് ഉള്ള കടം വീട്ടി ഞങ്ങളോട് നാട്ടിലേക്ക് വന്നോളാന്‍ പറഞ്ഞു. വലിയ ഭൂപ്രഭുവും കര്‍ഷകനുമൊക്കെയാണ് മുത്തശ്ശന്‍. അടക്കാത്തോട്ടത്തിലും പറമ്പിലും പാടത്തുമൊക്കെ സ്ഥിരം ജോലിക്കാര്‍ നിരവധിപേരുണ്ട്. ഇവര്‍ക്കൊക്കെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം അമ്മയുടെ തലയിലായി. ഒരു ഗതിയും പരഗതിയുമില്ലാതെ തിരിച്ചുവന്ന ആളായതുകൊണ്ട് മുത്തശ്ശന്റെ കണ്ണില്‍ അമ്മയും അച്ഛനും ഞങ്ങളുമൊക്കെ കേവലം അഭയാര്‍ഥികളായിരുന്നു.ദോശയുണ്ടാക്കിയും കഞ്ഞിവെച്ചും പാത്രം കഴുകിയും അമ്മയുടെ നട്ടെല്ല് വീണ്ടും വളഞ്ഞു. അച്ഛന്റെ സ്വഭാവത്തിലും മാറ്റമുണ്ടായി. ബ്രാണ്ടി മാറ്റി വാറ്റാക്കി. ലോകത്തെവിടെയാണെങ്കിലും പാതിരാത്രി കഴിയാതെ അച്ഛന് വീട്ടിലെത്താന്‍ പറ്റില്ല. വന്ന ഉടനെ പുറത്തെ ഡോറില്‍ ഒന്ന് തട്ടും. അപ്പോള്‍തന്നെ തുറന്നേക്കണം. അല്ലെങ്കില്‍ തെറിവിളിയാണ്. മണ്ണെണ്ണ ലാമ്പിനരികില്‍ അച്ഛനെ കാത്ത് അത്താഴംപോലും കഴിക്കാതെ തല കുമ്പിട്ട് തൂങ്ങിപ്പിടിച്ചിരിക്കുന്ന അമ്മയെ രാത്രി ഉറക്കം ഞെട്ടി കണ്ണുതുറക്കുമ്പോഴൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. പിറ്റേന്നുകാലത്ത് തലേദിവസത്തെ അഭ്യാസത്തെപ്പറ്റി പരാതിപറഞ്ഞ് അമ്മ വഴക്കുകൂടുമ്പോള്‍ ചെയ്ത അപരാധങ്ങള്‍ക്കൊക്കെ മാപ്പുപറഞ്ഞ് കരയുന്ന അച്ഛനേയും ഞാന്‍ കണ്ടിട്ടുണ്ട്.
ആറടി ഉയരത്തില്‍ കാതില്‍ കടുക്കനും മുഖത്ത് പന്നി കുത്തിത്തുളച്ച പാടുകളുമൊക്കെയായി മൊത്തത്തിലൊരു ടെറര്‍ ആയിരുന്ന മുത്തശ്ശന്‍ ഷാര്‍പ്പ് ഷൂട്ടറും കൂടിയായിരുന്നു. തികഞ്ഞ ഏകാധിപതി. മുത്തശ്ശന്റെ ഭരണത്തിനെതിരേ അച്ഛന്‍ പ്രതിഷേധത്തിന്റെ സമരപതാക ഉയര്‍ത്തിയപ്പോള്‍ യഥാര്‍ഥത്തില്‍ പെട്ടുപോയത് അമ്മയാണ്. രാത്രിയായാല്‍ പോര്‍വിളിയുമായി ഒരുഭാഗത്തുനിന്ന് അച്ഛനെത്തും. മറുഭാഗത്ത് വെബ്ലിസ്‌കോട്ടിലിന്റെ ടൊല്‍വ് ബോര്‍ തോക്കുമായി മുത്തശ്ശനും. അച്ഛന്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ ഊരി 'വെക്കടാ വെടി' എന്ന മട്ടില്‍ നെഞ്ചുംവിരിച്ച് നില്‍ക്കും.

എല്‍.ജി. തിരയിട്ട തോക്കിന്‍കുഴല്‍ മരുമകന്റെ നെഞ്ചത്തേക്ക് ചൂണ്ടി മുത്തശ്ശനും. ഇതിനിടയിലേക്ക് പാഞ്ഞുവന്ന് കണ്ണീരും യാചനയുമായി രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്ന അമ്മയെ നോക്കി ചെറിയ കുട്ടിയായ ഞാന്‍ ഉറക്കെ നിലവിളിക്കും. എല്ലാറ്റിനും കാരണം അമ്മ തിരിച്ചുവന്നതാണെന്ന് എല്ലാവരും കുറ്റപ്പെടുത്തും. അച്ഛന്റെ തോക്കിനും ഭര്‍ത്താവിന്റെ പ്രാണനും ഇടയില്‍ കിടന്ന് അമ്മ പരക്കം പായുന്നത് കാണുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് ഉശിര് കൂടും. കൊല്ലുമെന്ന് മുത്തശ്ശനും കൊല്ലടാ എന്ന് അച്ഛനും കൊല്ലല്ലേ എന്ന് അമ്മയും. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി എന്റെ നിലവിളിയും.
ഇതിനൊരു അറുതി വന്നത് മരിക്കും മുന്‍പ് മുത്തശ്ശി കൊടുത്ത പത്തേക്കര്‍ സ്ഥലത്ത് ചെറിയൊരു വീടുവെച്ച് അമ്മയുടെ നിര്‍ദേശപ്രകാരം അച്ഛന്‍ മാറിയപ്പോഴാണ്.കീപ്പാടി എന്ന കാട്ടുപ്രദേശത്ത് അതിന്റെ ഘോരമായ വിജനതയില്‍ രണ്ടുവര്‍ഷക്കാലം കൃഷിയില്‍ അച്ഛനെ സഹായിച്ച് ഞാന്‍ കഴിച്ചുകൂട്ടി. ഒന്‍പതിലെത്തിയപ്പോള്‍ അമ്മയും പെങ്ങളും വന്നു. അടുക്കളയിലും പറമ്പിലും അച്ഛനോടൊപ്പം അമ്മയും രാപകലില്ലാതെ അധ്വാനിച്ചു. തെങ്ങുകള്‍ വളരുന്നതുനോക്കി ഞങ്ങള്‍ സന്തോഷിച്ചു. ഇതൊക്കെ കായ്ച്ച് ഉഷാറായാല്‍, അതില്‍നിന്ന് കിട്ടുന്ന വരുമാനംകൊണ്ട് ആരെയുമാശ്രയിക്കാതെ ജീവിക്കാമെന്ന്, പഠനാവശ്യങ്ങള്‍ക്കും നല്ല ഉടുപ്പുകള്‍ക്കും രുചിയുള്ള ആഹാരത്തിനും മറ്റുമായി ഞങ്ങള്‍ മക്കള്‍ വിഷമിക്കുമ്പോഴൊക്കെ അമ്മ ആശ്വസിപ്പിച്ചു.

കൃഷിയാവശ്യത്തിന് വെള്ളമെടുക്കാന്‍ കിണറ്റില്‍ മോട്ടോറൊന്നുമില്ല. ആള്‍മറയുമില്ല. ഭയങ്കര ആഴമാണ്. കിണറിന്റെ വായയ്ക്ക് കുറുകെ ചുമ്മാ ഒരു മരത്തടിയിട്ടിട്ടുണ്ട്. കപ്പിയിലൂടെ കടത്തിയ കയറിന്റെ അറ്റം മണ്‍കുടത്തിന്റെ കഴുത്തില്‍ കെട്ടി വേണം വെള്ളം വലിച്ചുകേറ്റാന്‍. ഒരു കുടം വെളിയിലെത്തിക്കുമ്പോഴേക്കും നടുവിന്റെ സ്‌കൂള് പൂട്ടും. കാല് തെന്നിയാല്‍ പിന്നെ ഒന്നുമാലോചിക്കാനില്ല, കിണറ്റിനകത്ത് ജലസമാധി. ഞാന്‍ വീണുപോകുമോ എന്ന പേടികാരണം അമ്മ ആദ്യമൊക്കെ എന്നെ വെള്ളംകോരാന്‍ സമ്മതിച്ചിരുന്നില്ല. ഓരോ വലിയിലും പിറകില്‍ അമ്മയുടെ നട്ടെല്ല് തെളിഞ്ഞുവരുന്നത് കണ്ട് സങ്കടം സഹിക്കാനാവാതെ ഞാന്‍ ഒരുദിവസം ബലമായി കയര്‍ പിടിച്ചുവാങ്ങി. ആട്ടുകല്ലിന് ചുവട്ടിലും തൊഴുത്തിലും വിറകുപുരയിലും അങ്ങനെ സഹായിക്കാന്‍ സാധിക്കുന്ന സ്ഥലത്തൊക്കെ ഞാന്‍ അമ്മയുടെ കൂട്ടിനെത്തി. പതിന്നാലുകാരനായ എന്റെ കൈയില്‍ തഴമ്പ് വന്നുമൂടി. കത്തിയുടെ മുനകൊണ്ട് ഞാനതിനെ അടര്‍ത്തി അമ്മയ്ക്ക് കാണിച്ചുകൊടുത്തു. ''നമ്മള്‍ രക്ഷപ്പെടും,'' അമ്മ എന്നെ ചേര്‍ത്തുപിടിച്ചു.
അവസാന പിടിവള്ളിയെന്ന നിലയില്‍ കീപ്പാടിയില്‍ അച്ഛനും കഠിനമായി അധ്വാനിച്ചു. നാനൂറിലധികം തെങ്ങുകള്‍ കുലച്ച് അതില്‍ ഇളനീര്‍ തൂങ്ങിനിന്നപ്പോള്‍, എന്റെ കീറിയ ഷര്‍ട്ടിലേക്ക് വേദനയോടെ നോക്കി അമ്മ വീണ്ടും പറഞ്ഞു: ''നമ്മള്‍ രക്ഷപ്പെടും...'' പക്ഷേ, രക്ഷപ്പെട്ടില്ല.ഒരതിര്‍ത്തിത്തര്‍ക്കവും അതിന്റെ അനുബന്ധമായുണ്ടായ ഭയാനകമായ സംഭവങ്ങളും കാരണം ആ സ്ഥലവും നിസ്സാരപൈസയ്ക്ക് വിറ്റുപോയി. കുലച്ച് കായ്ച്ചുനിന്ന തെങ്ങില്‍തോപ്പില്‍നിന്ന് ഒരിളനീര്‍പോലും കുടിക്കാന്‍ യോഗമില്ലാതെ അമ്മ ഞങ്ങളോടൊപ്പം ആ വീടിന്റെ പടിയിറങ്ങി. ഞാന്‍ ചോദ്യരൂപേണ അമ്മയുടെ മുഖത്തേക്ക് നോക്കി. എന്റെ മനസ്സിലെ ചോദ്യമെന്താണെന്ന് പറയാതെത്തന്നെ അമ്മയ്ക്കറിയാമായിരുന്നു. വെയിലുകൊള്ളാതിരിക്കാന്‍ നരച്ച വോയില്‍സാരിയുടെ മുന്താണി എന്റെ തലയിലേക്കിട്ട് അമ്മ മുടിയില്‍ തലോടി: ''വിഷമിക്കേണ്ട, വാ കീറിയിട്ടുണ്ടെങ്കില്‍ ഇരയുമുണ്ട്.'' പൊതുവേ, പച്ചപ്പാവമെന്ന് കരുതിയിരുന്ന അമ്മയ്ക്കുള്ളില്‍ ഒരിടത്തും തോല്‍ക്കാത്ത ഒരു പോരാളി മറഞ്ഞിരിപ്പുണ്ടെന്ന് അന്നെനിക്ക് തോന്നി. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ഒഴിഞ്ഞുകിടന്ന അച്ഛന്റെ ഏച്ചിക്കാനം തറവാട്ടുവീട്ടിലെത്തിയപ്പോള്‍, എനിക്ക് അക്കാര്യം പൂര്‍ണമായും ബോധ്യപ്പെട്ടു.

കൂറ്റന്‍ നാലുകെട്ട്. ഇരുട്ടും ഏകാന്തതയും കൂടെ പട്ടിണിയോളമെത്തിയ സാമ്പത്തികചുറ്റുപാടുകളും. പഠനത്തോടൊപ്പം ഞാന്‍ ജോലിക്കിറങ്ങി. മാസാമാസം ഞാന്‍ കൊണ്ടുകൊടുക്കുന്ന അഞ്ഞൂറുരൂപകൊണ്ട് അമ്മ വീട്ടുകാര്യങ്ങള്‍ ഭംഗിയായി നടത്തി. മണി മാനേജ്മെന്റ് എങ്ങനെയാണെന്ന് ഞാന്‍ പഠിച്ചത് അമ്മയില്‍നിന്നാണ്. വിളമ്പിയ പാത്രത്തില്‍നിന്ന് ഒരു വറ്റുപോലും വെറുതേ കളയാന്‍ അമ്മ സമ്മതിക്കില്ല. ആ ശീലം ഇന്നും എന്നെ വിട്ടുപോയിട്ടില്ല. 'ബിരിയാണി' എഴുതിക്കൊണ്ടിരിക്കുമ്പോള്‍, ആ കഥയ്ക്കുള്ളിലൂടെ ഈ പഴയ ഓര്‍മകളൊക്കെ ഒരിടിമിന്നല്‍പോലെ കടന്നുപോയിട്ടുണ്ടാവാം.
അഞ്ഞൂറുരൂപകൊണ്ട് ഒരുമാസമെത്തിക്കാന്‍ പറ്റില്ലെന്നറിയാവുന്നതുകൊണ്ടുതന്നെ, അമ്മ പറമ്പില്‍ പച്ചക്കറി നട്ടു. പശുവിനെ വളര്‍ത്തി. പാല് വിറ്റു. ഒരു പരാതിയും പറഞ്ഞില്ല. അതിനിടയില്‍ വിശന്നുവന്നവരെ ഊട്ടി. ഇതില്‍നിന്നൊക്കെ മിച്ചംപിടിക്കുന്ന ചെറിയ തുകകൊണ്ട് മറ്റുള്ളവര്‍ക്ക് തന്നാല്‍ക്കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുത്തു. എന്റെ കഥകളിലെല്ലാം പ്രതീക്ഷയുടെ ഒരു മിന്നലാട്ടം കാണാമെന്ന് പലരും പറയാറുണ്ട്. ഇതൊന്നും മനഃപൂര്‍വം ചെയ്യുന്നതല്ല. അമ്മ എനിക്ക് മുന്നില്‍ കത്തിച്ചുവെച്ച പ്രതീക്ഷയുടെ ചിമ്മിനിവിളക്കില്‍നിന്ന് ഞാന്‍ പകര്‍ത്തിയെടുത്ത വെളിച്ചംതന്നെയാണത്. 'കൊമാല' എന്ന കഥയില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയിലേക്ക് പോകാനൊരുങ്ങുന്ന വിശ്വന്‍ കുണ്ടൂര്‍ 'മരണം ഒന്നിനും പരിഹാരമല്ലെന്നും ഓരോ മനുഷ്യന്റെയും ആത്യന്തികമായ കടം മരിക്കാന്‍ പോകുന്നവന്റെ വായില്‍ ഇറ്റിച്ചുകൊടുക്കുന്ന ഒരു തുള്ളി വെള്ളമാണെന്നു'മൊക്കെ ഞാനെഴുതുന്നത് സര്‍ഗാത്മകതയുടെ പേനയ്ക്കുള്ളില്‍ അനുഭവംകൊണ്ട് അമ്മ നിറച്ചുതന്ന മഷികൊണ്ടാണ്.

എഴുത്തിനെപ്പറ്റിയോ പുസ്തകങ്ങളെപ്പറ്റിയോ വലിയ ധാരണയൊന്നുമില്ലെങ്കിലും ദിവസവും പത്രം വായിക്കുന്ന ശീലം പണ്ടേ അമ്മയ്ക്കുണ്ട്. എഴുത്തിന്റെ മനോരോഗവുമായി നടന്ന കാലത്ത് എന്റെ ബന്ധുക്കളും നാട്ടുകാരുമൊക്കെ ഇവന്‍ രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്ന് എഴുതിത്തള്ളിയപ്പോള്‍, കൂടെനിന്നത് അമ്മ മാത്രമാണ്. പുലരുംവരെ നാലുകെട്ടിന്റെ നരച്ച മുറിയില്‍ ഒറ്റയ്ക്കിരുന്ന് വായിച്ചും എഴുതിയുമൊക്കെ ഞാന്‍ കെടന്ന് പെടാപ്പാടുപെടുന്നത് ഏതോ നല്ല കാര്യത്തിനാണെന്ന ഒരു തോന്നല്‍ അമ്മയ്ക്കുണ്ടായിരുന്നിരിക്കണം. രാത്രി മൂന്നുമണിയൊക്കെയാകുമ്പോള്‍, മേല്‍നിലയിലെ ഇരുമ്പഴിക്കുള്ളിലൂടെ അമ്മയുടെ അറിയിപ്പ് വരും: ''മതിയെടാ... ചിമ്മിണിയെണ്ണ ഇനി കൊറച്ചേ ബാക്കിയുള്ളൂ.'' ആദ്യമായി കിട്ടിയ അവാര്‍ഡുകൊണ്ട് ഞാനൊരു ഡൈനിങ് ടേബിള്‍ വാങ്ങിച്ചപ്പോഴാണ് എഴുതിയാല്‍ പ്രശസ്തിമാത്രമല്ല, ഇച്ചിരി കാശുംകൂടി കിട്ടുമെന്ന് അമ്മയ്ക്ക് മനസ്സിലായത്. അമ്മ ഒരു ഗംഭീര നറേറ്റര്‍കൂടിയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. നിസ്സാരകാര്യത്തെപ്പോലും അമ്മ തന്റെ വിവരണംകൊണ്ട് വലിയൊരു സംഭവമാക്കിക്കളയും. ഉദാഹരണത്തിന് വഴിയില്‍വെച്ച് മുന്‍പരിചയമുള്ള ഒരാളെ കണ്ടുമുട്ടിയെന്ന് കരുതുക. വീട്ടില്‍നിന്നിറങ്ങിയ നിമിഷംമുതല്‍ തുടങ്ങും. പോകുന്ന നേരത്ത് വഴിവക്കിലെ മരത്തിന്റെ കൊമ്പിലിരുന്ന് ചിലച്ച ഓലവാലന്‍കിളിവരെ അതിലുണ്ടാവും. നാട്ടിലുള്ള ആര്‍ക്കെങ്കിലും ഒരപകടം പറ്റി പെട്ടെന്ന് കാര്യമറിയാന്‍ വിളിച്ചാലും ഇതുതന്നെ സ്ഥിതി. കഥ ആരംഭിക്കുകയായി. കാര്യമറിയാന്‍ നമുക്ക് ക്ലൈമാക്സുവരെ കാത്തിരിക്കേണ്ടിവരും. നീ കഥാകൃത്തായത് വെറുതേയല്ലെന്ന് അമ്മയിലെ ആഖ്യാതാവിനെ തിരിച്ചറിഞ്ഞ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ബഷീര്‍, എം.ടി., ചാര്‍ലി ചാപ്ലിന്‍, സരമാഗു, മാര്‍ക്കേസ്... അങ്ങനെ, ഒട്ടുമിക്ക എഴുത്തുകാരുടെയും കലാകാരന്മാരുടെയും ജീവിതത്തില്‍ അമ്മയോടും അമ്മൂമ്മമാരോടുമുണ്ടായിരുന്ന അത്യഗാധമായ ആത്മബന്ധത്തെപ്പറ്റി നമ്മള്‍ വായിച്ചിട്ടുണ്ട്. എന്താവാം അതിന് കാരണം? മറ്റൊന്നുമല്ല, ദുരിതത്തിന്റെ പെരുമഴ അവര്‍ കുടയില്ലാത്തവരോടൊപ്പം നിന്ന് നനഞ്ഞു. ഓടിപ്പോയില്ല... ഒരു വേള അവര്‍തന്നെ മക്കള്‍ക്ക് കുടയായി. മഴയായ മഴയൊക്കെയും ഒറ്റയ്ക്ക് നനഞ്ഞുതീര്‍ത്തു. അതിലൊരാളായ എന്റെ അമ്മേ, നിങ്ങടെ വയറ്റില്‍ പിറക്കാന്‍ കഴിഞ്ഞതിനോളം വലിയൊരു സന്തോഷവും അഭിമാനവും എനിക്ക് വേറെയില്ല.

Content Highlights: writer santhosh aechikkanam writes about his mother's life

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ruchiyorma

2 min

പഞ്ചമിചേച്ചിയുടെ അരിയുണ്ടയും കള്ളുഷാപ്പും

Sep 26, 2023


ormappothi

6 min

വീടൊരു തോള്‍സഞ്ചി

Aug 28, 2023


രാഗരസം

1 min

അബോധത്തില്‍ അലിഞ്ഞു ചേര്‍ന്ന ആനന്ദഭൈരവി

Sep 27, 2023