എന്നും എന്റെ ഓർമയിൽ നിറംമങ്ങാതെ നിൽക്കുന്ന ഒരു വർഷമാണ് 1981. അല്പം ആലങ്കാരികമായി പറഞ്ഞാൽ സർപ്രൈസുകളുടെ ഒരുവർഷംകൂടിയാണ് 1981 എന്നും വിശേഷിപ്പിക്കാം. പെട്ടെന്ന് ഒരേസമയം ഒരു വരവറിയിപ്പുമില്ലാതെ എന്നിലേക്ക് കടന്നുവന്നത് നാല് സിനിമകളാണ്. ആന്റണി ഈസ്റ്റുമാന്റെ 'വയൽ', ജേസിയുടെ 'താറാവ്', പി. ചന്ദ്രകുമാറിന്റെ 'സംഭവം', ജോഷിയുടെ 'രക്തം' എന്നീ ചിത്രങ്ങളായിരുന്നു അത്. ആദ്യമായി തിരക്കഥാരംഗത്തേക്ക് വരുന്ന ഒരാളുടെ പാഴ്കിനാവിൽപ്പോലും ഒരിക്കലും കടന്നുവരാത്ത ഒരതിശയമാണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ, എന്നിലേക്ക് ആ 'ഭാഗ്യം'കടന്നുവരാൻ നിമിത്തമായത് എന്റെ ഏറ്റവും അടുത്ത സുഹൃത്തും സംവിധായകനുമായ ആന്റണി ഈസ്റ്റുമാന്റെ ഐശ്വര്യപൂർണമായ കൈനീട്ടമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

കൈനീട്ടമെന്ന് പറഞ്ഞത് ആന്റണി സംവിധാനം ചെയ്ത 'വയൽ' എന്ന ചിത്രത്തിന്റെ തിരക്കഥാകാരനാക്കി പ്രഖ്യാപിച്ചുകൊണ്ട് എന്റെ കൈവെള്ളയിൽവെച്ചുതന്ന രണ്ടായിരം രൂപ അഡ്വാൻസ് തുകയെക്കുറിച്ചാണ് (ഇതിൽ ചെറിയൊരു കടംവീട്ടലിന്റെ കഥകൂടിയുണ്ട്). ആന്റണി ഈസ്റ്റുമാനെക്കുറിച്ചുള്ള കുറിപ്പെഴുതാനിരുന്നപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കയറിവന്ന ചില അനർഘനിമിഷങ്ങളുണ്ട്. ഞാൻ തിരക്കഥ എഴുതിയാൽ ചിലപ്പോൾ സിനിമ ഓടാതെ വന്നാലോ എന്നുള്ള ഭയംകൊണ്ട് മാർക്കറ്റ് വാല്യുവുള്ള മറ്റാരെയെങ്കിലുംകൊണ്ട് എഴുതിക്കാൻ പറഞ്ഞപ്പോൾ ആന്റണി തൃശ്ശൂർ ഭാഷയുടെ രസച്ചരടോടെ ഉരുവിട്ട വാചകങ്ങൾ ഓർമയിൽ മായാതെ നിൽക്കുന്നു.

''നീ എന്തിനാടാ ചെക്കാ ഇങ്ങനെ പേടിക്കണത്. ശ്ശെടാ. പടം പൊട്ടാനാണ് വിധിയെങ്കിൽ പൊട്ടും. ഇവിടെ ഇറങ്ങുന്ന എല്ലാ പടവും ഓടുന്നുണ്ടോ? പ്രൊഡ്യൂസറുടെ തലവര നല്ലതാണെങ്കിൽ ഹിറ്റടിക്കും. ഇല്ലെങ്കിൽ (നെറ്റിയിൽ വരച്ച്) ഗോപി. എനിക്ക് നല്ല വിശ്വാസമുണ്ട്. നമ്മുടെ ഈ പടം വിജയിക്കും. പിന്നെ എന്തിനാടാ നീ ഇങ്ങനെ വിഷമിച്ച് പ്രയാസപ്പെട്ടിരിക്കുന്നത്. എഴുന്നേറ്റ് നിന്ന് അഡ്വാൻസ് വാങ്ങെടാ ചെക്കാ.''ആന്റണി ഇങ്ങനെയാണ്. എന്താണ് മനസ്സിൽ വരുന്നത് അത് തുറന്നുപറയും. അതിൽ ചെറുപ്പവലുപ്പമൊന്നുമില്ല. ആന്റണി വീണ്ടും തുടർന്നു.

''എടാ, നീ ഇങ്ങോട്ട് നോക്കിയേ, ഞാൻ എല്ലാ കാര്യവും തീരുമാനിച്ചുറപ്പിച്ചാണ് വന്നിരിക്കുന്നത്... എന്റെ കഥയ്ക്ക് നീ തിരക്കഥയും സംഭാഷണവും കുറിക്കുന്നു. ഞാൻ അത് സംവിധാനിക്കുന്നു. നമ്മുടെ ശിവൻ കുന്നമ്പിള്ളി നിർമാണിക്കുന്നു. സോമൻ, ശുഭ, സിൽക്ക് സ്മിത, ശങ്കരാടി തുടങ്ങിയവരുടെ നടനം. വളരെ ലോ ബഡ്ജറ്റ് സിനിമയാണ്. കഥയും കിതയുമൊക്കെ നിന്നോട് ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ? നീ ഇന്നുതന്നെ പോയി എഴുതാൻ തുടങ്ങിക്കോ.''

ആന്റണിയുടെ സിനിമയാണ് ഞാൻ ആദ്യം എഴുതാനിരുന്നത്. മറ്റുള്ളതെല്ലാം ആർട്ടിസ്റ്റിന്റെ കോൾഷീറ്റനുസരിച്ചുള്ള എഴുത്തായിരുന്നു. പ്രേംനസീർ, മധു, സോമൻ, സുകുമാരൻ, ഷീല, ശാരദ, ശ്രീവിദ്യ, അംബിക തുടങ്ങിയ മലയാളസിനിമയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളാണ് നാല് ചിത്രങ്ങളിലും അഭിനയിച്ചത്. നാല് ചിത്രങ്ങളും എൺപത്തിയൊന്നിൽ തന്നെ റിലീസായി. ആന്റണിയുടെ സിനിമ ഒഴിച്ചുള്ള മറ്റ് മൂന്നും വൻവിജയമായി മാറിയപ്പോൾ വയലിന്റെ നിർമാതാവ് കഷ്ടിച്ച് രക്ഷപ്പെട്ടു എന്നുവേണമെങ്കിൽ പറയാം.

'വയലി'നുശേഷം ആന്റണിക്ക് അടുത്ത സിനിമ വരാൻ അല്പം കാത്തിരിക്കേണ്ടിവന്നു. അതിലൊന്നും ആന്റണി നിരാശനായില്ല. അപ്പോഴാണ് വലിയൊരു ബാനറിന്റെ പടം ആന്റണിയെ തേടിയെത്തിയത്, എവർഷൈൻ പ്രൊഡക്ഷൻസ്. 

നെടുമുടിവേണു ആദ്യമായി ഒരു വൃദ്ധകഥാപാത്രമായി അഭിനയിച്ച 'അമ്പട ഞാനേ'എന്ന ചിത്രം. നല്ല തമാശയും വൈകാരികമുഹൂർത്തങ്ങളുമൊക്കെയുള്ള ആ ചിത്രം പ്രദർശനവിജയം നേടുകയും ചെയ്തു. അതേത്തുടർന്ന് മൃദുല, വണ്ണത്തേര്, ഐസ്‌ക്രീം തുടങ്ങിയ സിനിമകളും സംവിധാനം ചെയ്‌തെങ്കിലും ഒന്നും സാമ്പത്തികമായി വിജയിച്ചില്ല.

'വയലി'നുശേഷം പിന്നെ ഞങ്ങൾക്കൊരുമിച്ച് ഒരു സിനിമയും ചെയ്യാനായില്ല. നാലഞ്ചുവർഷക്കാലം ജോഷി, ചക്കരയുമ്മ സാജൻ തുടങ്ങിയവരുടെ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കുമായി ഞാൻ ഓടിനടന്നിരുന്നതുകൊണ്ടാണ് അതിന് കഴിയാതിരുന്നത്. ഇതിനിടയിൽ അല്പം സമയമുണ്ടാക്കി ആന്റണിയെ ഒന്ന് കരകയറ്റാനായി ഒരു സിനിമ ചെയ്യാനുള്ള കഥയും ആർട്ടിസ്റ്റുകളെയുമെല്ലാം ഞാൻ കണ്ടുവച്ചെങ്കിലും ഒരു നിർമാതാവും അതിന് തയ്യാറായില്ല. പരാജയപ്പെട്ട സംവിധായകന്റെ കൂടെക്കൂടി സ്വയം പരാജയം ഏറ്റുവാങ്ങാൻ ആരും തയ്യാറാവില്ലല്ലോ. സിനിമയിൽമാത്രം കാണുന്ന തെറ്റായ ഒരു പ്രവണതയാണത്. ഈ കാലയളവിൽ ഒരു ഇടവേളയുണ്ടായെങ്കിലും ആന്റണിയുടെ കൈയിൽ സിനിമയ്ക്ക് പറ്റിയ നല്ല കഥകളുണ്ടെന്നറിഞ്ഞ് പല നിർമാതാക്കളും സംവിധായകരും അവനെ തേടിയെത്തി.

രചന, ഈ ലോകം ഇവിടെ കുറേ മനുഷ്യർ, ഇവിടെ ഈ തീരത്ത്, തസ്‌കരവീരൻ, മൃദുല, മാണിക്യൻ, ക്ലൈമാക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ കഥ ആന്റണിയുടെതായിരുന്നു. രചനയും തസ്‌കരവീരനും ഈ ലോകം ഇവിടെ കുറേ മനുഷ്യരും വിജയചിത്രങ്ങളായിരുന്നു. ഇതിനിടയിൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത 'പാർവതീപരിണയ' ത്തിന്റെ നിർമാതാവുമായി. അതേത്തുടർന്ന് സിബിമലയിൽ സംവിധാനം ചെയ്ത സുരേഷ്‌ഗോപി നായകനായ 'അക്ഷര'ത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാകാൻ കഴിഞ്ഞെങ്കിലും ആന്റണിക്ക് സാമ്പത്തികനേട്ടമൊന്നും ഉണ്ടായില്ല. 

വർഷങ്ങൾ പലത് കടന്നുപോയെങ്കിലും ആന്റണിക്ക് പിന്നീട് സിനിമയൊന്നും ചെയ്യാനായില്ല. അതോടെ അവന്റെ ജീവിതത്തിന്റെ പദഘടന വളരെ സങ്കീർണമായി മാറി. എറണാകുളം നോർത്തിലുള്ള ഒരു ലോഡ്ജ് മുറിയിൽ ഒറ്റയാനെപ്പോലെ ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ കുറഞ്ഞുകുറഞ്ഞുവന്നു. എന്നാൽ ഈ കാലയളവിലാണ് ഞാനും അവനും തമ്മിലുള്ള സൗഹൃദം വല്ലാതെ വളരുന്നത്. എന്നും രാത്രിയിൽ പത്തുമണിയോടെ ഞങ്ങൾ തമ്മിലുള്ള ഫോൺവിളി ഒരു ദിനചര്യപോലെയായിരുന്നു.

ആദ്യമൊന്നും അവന്റെ സ്വകാര്യതയൊന്നും അങ്ങനെ തുറന്നുപറയാറില്ല. ചില ദുഃഖങ്ങൾ സ്വകാര്യതകളാണ്. അത് പങ്കുവെച്ചാൽ വില കുറഞ്ഞുപോകുമെന്ന വിശ്വാസക്കാരനായിരുന്നു ആന്റണി. പിന്നീടത് മാറിമാറിവന്നു. എല്ലാ രഹസ്യങ്ങളും വിശ്വസിച്ച് തുറന്നുപറയാവുന്ന ഒരാളായി ഞാൻ മാറുകയായിരുന്നു. ''ജീവിതത്തിൽ ഒത്തിരി സൗഹൃദങ്ങളൊന്നും വേണമെന്നില്ലെടാ. നിന്നെപ്പോലെ സുതാര്യതയുള്ള ഒരാളുണ്ടായാൽ മതി.''

ആന്റണി ഇങ്ങനെയൊക്കെ പറയുന്നതുകേൾക്കുമ്പോൾ ഞാൻ ചില പരിഹാരക്രിയകളിലേക്ക് കടക്കും. ''നീ ഇനി ഇവിടെ നിൽക്കാതെ നാട്ടിൽ പോയി നിന്റെ മകന്റെകൂടെ താമസിക്ക്.'' അതൊന്നും അവൻ ചെവിക്കൊള്ളില്ല. വല്ലാത്ത വാശിയും ഈഗോയുമാണവന്. അതിന്റെ പേരിൽ ഞങ്ങൾതമ്മിൽ പിണങ്ങാറുണ്ട്. വായകൊണ്ടുള്ള പിണക്കമല്ലാതെ മനസ്സുകൊണ്ട് ഞങ്ങൾ പിണങ്ങാറില്ല. ''എടാ, നമ്മൾ ആരുടെയും ചെരിപ്പാകാൻ നിൽക്കരുത്. എല്ലാംകൂടി ചവിട്ടിക്കൂട്ടി നമ്മളെ ഒരു പരുവമാക്കും.''

അവന്റെ മൊഴികളിൽ ഒത്തിരി അർഥതലങ്ങളുണ്ടെന്ന് എനിക്ക് തോന്നി. അപ്പോൾ എന്റെ ഓർമകൾ നീണ്ട അൻപതുവർഷങ്ങൾക്ക് മുൻപുള്ള ഞങ്ങളുടെ ആ പഴയകാലത്തിലേക്ക് ചിറകുവിരിക്കുകയായിരുന്നു. യൗവനാരംഭത്തിൽ സ്വദേശമായ ഇരിങ്ങാലക്കുടയിൽനിന്ന് ഫോട്ടോഗ്രഫിയിൽ പ്രാവീണ്യം നേടിക്കൊണ്ടാണ് ആന്റണി എറണാകുളത്തെത്തിയതും വളരെ ബുദ്ധിമുട്ടി കലൂർ ബസ്സ്റ്റാന്റ് ബിൽഡിങ്ങിൽ സ്വന്തമായി ഈസ്റ്റുമാൻ സ്റ്റുഡിയോ തുടങ്ങിയതും. പിന്നീട് ഞങ്ങളുടെ ചിത്രപൗർണമി കൂട്ടായ്മയിൽ വന്നുചേർന്നു. ആ ഒരു ഇഴയടുപ്പത്തിൽനിന്ന് പുതുമുഖമായ സിൽക്ക് സ്മിതയെ നായികയാക്കി ആദ്യമായി 'ഇണയെത്തേടി' എന്ന ചിത്രം സംവിധാനം ചെയ്തതും, അതിന് ഞാൻ നിമിത്തമായതുകൊണ്ട് ഒരു കടംവീട്ടലെന്നപോലെ എന്നെക്കൊണ്ട് ആദ്യമായി തിരക്കഥ എഴുതിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ എന്റെ മനസ്സിലൂടെ മിന്നിമറയുകയായിരുന്നു.

പിന്നേയും വർഷങ്ങൾ പലത് കടന്നുപോയി. ആന്റണി അപ്പോഴും അതേ ലോഡ്ജിലെ അന്തേവാസിയായിരുന്നു. 2006 ജനുവരി. ഒരുദിവസം രാവിലെ ഞാൻ കലൂരുള്ള എന്റെ വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ ഗെയിറ്റിനുമുൻപിൽ ഒരു ഓട്ടോ വന്നുനിൽക്കുന്നതുകണ്ടു. ഇത്ര രാവിലെ ആരാണ് വരുന്നത്? സമയം ഏഴുമണിപോലുമായില്ലല്ലോ!

ഞാൻ ഓട്ടോയിലേക്ക് നോക്കിയപ്പോൾ ആന്റണിയെയാണ് കണ്ടത്. അവൻ നിസ്സംഗനായി താടിയുംതടവി പതുക്കെ നടന്ന് അകത്തേക്ക് കയറിവന്ന് എനിക്കെതിരേ കിടക്കുന്ന കസേരയിൽ വന്നിരുന്നു. അങ്ങനെ എപ്പോഴും വരുന്ന ആളല്ല ആന്റണി. പെട്ടെന്ന് സാമ്പത്തികപ്രശ്‌നം എന്തെങ്കിലുമുണ്ടോ? ഞാൻ അവനെ ശ്രദ്ധിച്ചു. അവന്റെ കണ്ണും മുഖവുമൊക്കെ വീർത്തിരിപ്പുണ്ട്. 
''ങും, എന്തുപറ്റി? ഇന്നലെ രാത്രി നീ ഉറങ്ങിയില്ലേ?''
''ഇല്ല. ഇന്നലെ രാത്രി ഞാൻ ആത്മഹത്യചെയ്യാൻ ശ്രമിച്ചു. ദയനീയമായി പരാജയപ്പെട്ടു.''

ആത്മഹത്യയെക്കുറിച്ച് വളരെ ലാഘവത്തോടെ സംസാരിക്കുന്നതുകണ്ടപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ''നീ ആത്മഹത്യചെയ്യാൻ പോയെന്നോ? അതിന് കാക്ക മലർന്നുപറക്കണം. ആത്മഹത്യചെയ്യുന്നവരെയൊക്കെ പുച്ഛിക്കുന്ന നീ രാവിലെ കയറിവന്ന് വെറുതേ മനുഷ്യനെ ചിരിപ്പിക്കാൻ നോക്കല്ലേ.''
''ഇല്ലടാ. ഞാൻ സത്യമാണ് പറയുന്നത്. എന്റെ അവസ്ഥ നിനക്കറിയാല്ലോ. ഞാൻ മരിക്കാൻതന്നെ തീരുമാനിച്ചതാ. അർധരാത്രി കഴിഞ്ഞ് രണ്ടുമണിയോടെ ഞാൻ ലോഡ്ജിലെ ഫാനിൽ ഷീറ്റുകെട്ടി... അപ്പോൾ റോഡിലൂടെ വണ്ടി പോകുന്ന ശബ്ദം കേട്ടു. എനിക്ക് ഭയമായി. ആരെങ്കിലും കണ്ടാൽ മോശമല്ലേ. ഞാൻ പലതും ചിന്തിച്ചുനോക്കി. അപ്പോൾ എന്റെ സിക്‌സ്ത് സെൻസ് വർക്ക് ചെയ്തു. ഞാൻ ആത്മഹത്യചെയ്താൽ നാളത്തെ പത്രത്തിൽ അച്ചടിച്ചുവരില്ലേ? ആളുകൾ എന്തുവിചാരിക്കും?''

''നീ എന്താ പുതിയ കഥ വല്ലതും ഉണ്ടാക്കുന്നുണ്ടോ? അതിന്റെ ക്ലൈമാക്സാണോ നീ പറഞ്ഞത്? അല്ലെങ്കിൽ നിനക്ക് വേറെയെന്തെങ്കിലും കുഴപ്പമുണ്ടോ?'' ഞാൻ കളിയാക്കുകയാണെന്ന് മനസ്സിലായപ്പോൾ അവൻ എന്റെ കൈ കവർന്നുപിടിച്ചു: ''നീ എന്താ ഈ പറയുന്നത്? നിനക്ക് എന്നെ വിശ്വാസമില്ലേടാ?''

''നീ വേറെ എന്തെങ്കിലും പറയ് ആന്റണി. വെറുതേ രാവിലെ വന്ന്...''
അവൻ ദയനീയമായി എന്നെ നോക്കുന്നതുകണ്ടപ്പോൾ ഞാൻ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു. ''നീ വല്ല ദുഃസ്വപ്‌നോം കണ്ടതായിരിക്കും. അല്ലെങ്കിൽ നിന്റെ മനസ്സിലെ വിഭ്രാന്തികൊണ്ട് ഓരോന്ന് തോന്നുന്നതായിരിക്കും.''

അവൻ പിന്നേയും ഓരോന്ന് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു. ''ആന്റണി, ഞാൻ സീരിയസ്സായിട്ട് ഒരു കാര്യം പറയാം. നീ ലോഡ്ജിൽ ഒറ്റയ്ക്ക് താമസിക്കുന്നത് അപകടമാണ്. നിന്റെ ആത്മഹത്യയൊക്കെ അവിടെ നിൽക്കട്ടെ. അല്ലാതെതന്നെ പാതിരാത്രിയിൽ പെട്ടെന്ന് ഒരു അറ്റാക്ക് വന്നാൽ നിനക്ക് തുണയ്ക്കാരെങ്കിലുമുണ്ടോ? രണ്ടുമൂന്നുദിവസം കഴിഞ്ഞ് ചീഞ്ഞുനാറുമ്പോഴായിരിക്കും ജനം അറിയുന്നത്. ഇതിൽപ്പരം നാണക്കേട് വേറെ എന്താണുള്ളത്?''

എന്റെ വാക്കുകളുടെ ശക്തിയിൽ അവൻ വല്ലാതെ തളരുന്നതുപോലെ എനിക്ക് തോന്നി. ''ഞാൻ ഇന്നുതന്നെ നിന്റെ മകൻ ഗഞ്ചിയെ വിളിച്ചുപറയാം. അവൻ വരുമ്പോൾ നീ അവന്റെ കൂടെ പോകണം. അതാണ് നിനക്ക് നല്ലത്.''

ഞാൻ അന്നുതന്നെ മകനെ വിളിച്ച് സംസാരിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ മകൻ വന്ന് ആന്റണിയെയുംകൂട്ടി നാട്ടിലേക്കുപോയി. പോകുന്നവഴിക്ക് എന്നെ വന്നുകണ്ട് യാത്രാമൊഴി ചൊല്ലാനും മറന്നില്ല.

ഗഞ്ചി വലിയ ബിൽഡറാണ്. മോഡുലാർ ആർക്കിടെക്ചർ. ആന്റണിക്ക് മകന്റെ വീട്ടിൽ രാജകീയമായ ജീവിതമായിരുന്നു. മകന്റെ വീട്ടിൽ ചെന്നിട്ടും രാത്രിയുള്ള ഞങ്ങളുടെ ഫോൺവിളിക്ക് വിരാമമുണ്ടായില്ല. ആന്റണി യൂട്യൂബിൽ കഥകളും ലേഖനങ്ങളുമൊക്കെ എഴുതി വീണ്ടും സജീവമായി വന്നപ്പോഴാണ് പെട്ടെന്ന് ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് 2022 ജൂലായ് ഒന്നാംതീയതി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. പിന്നെ വീട്ടിലേക്ക് തിരിച്ചുവരാൻ അവനായില്ല. മരണത്തിന്റെകൂടെ പോകുന്നതിന്റെ തലേന്നുവരെ ഞാൻ അവനോട് സംസാരിച്ചതാണ്.

ആശുപത്രിക്കിടക്കയിൽ വെച്ച് അവന്റെ ഒരു മോഹം എന്നോട് പറഞ്ഞു: ''എനിക്കൊന്നുമില്ലെടാ. രണ്ടുദിവസം കഴിഞ്ഞാൽ ഞാൻ ഡിസ്ചാർജാകും. എന്റെ കൈയിൽ ഒരു ന്യൂജൻ കഥയുണ്ട്. സ്‌ക്രിപ്റ്റും എഴുതിക്കഴിഞ്ഞു. എനിക്ക് അവസാനമായി ഒരു സംവിധായകന്റെ കുപ്പായമണിയണമെന്നുണ്ട്. നിർമാതാവിനെ ഞാൻ സംഘടിപ്പിച്ചുവെച്ചിട്ടുണ്ട്. ഞാൻ ഇവിടന്ന് ഇറങ്ങിയിട്ട് ആ സ്‌ക്രിപ്റ്റുമായി നിന്റെയടുക്കൽ വരാം. നിന്റെ ഇളയമകൻ 'ബസുക്കാ' സംവിധായകനോട് അതൊന്ന് വായിച്ചുനോക്കിയിട്ട് അഭിപ്രായം അറിയിക്കാൻ പറയണം.''

എല്ലാം കേട്ട് ഞാൻ ഓക്കെ പറഞ്ഞു. എന്നാൽ പിറ്റേന്ന് രാവിലെ കേട്ട വാർത്ത എന്നെ വല്ലാതെ തളർത്തി. മകൻ ഗഞ്ചിയുടെ ഫോണാണ്. ''അപ്പൻ പോയി.'' അവന്റെ സ്വരം ഈറനണിഞ്ഞിരുന്നു.