ഗായകൻ സുബീൻ ഗർഗിന്റെ അപ്രതീക്ഷിതമരണത്തിന്റെ ഞെട്ടലിൽ തന്നെയാണ് ആരാധകരിപ്പോഴും. ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി ഗുവാഹാട്ടിയിലെ വീട്ടിലേക്കെത്തുന്നത്.

അതിനിടെ സുബീൻ തന്റെ അന്ത്യാഭിലാഷങ്ങളെക്കുറിച്ച് പറഞ്ഞ വാചകങ്ങൾ ഏറെ ചർച്ചയായി. 'മായാബിനി രതിർ ബകുത്' എന്ന അസമീസ് ഗാനം സുബീൻ എക്കാലവും തന്റെ ഹൃദയത്തോട് ചേർത്തുവെച്ചിട്ടുള്ളതാണ്. ഒരു സ്റ്റേജ് പരിപാടിക്കിടെ ഈ പാട്ട് തനിക്കൊപ്പം പാടാൻ അദ്ദേഹം കാണികളോട് അഭ്യർഥിച്ചു. താൻ മരിച്ചാൽ എല്ലാവരും ഈ പാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''ഈ പാട്ട് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭ്രമമാണ്. ഞാൻ മരിച്ചുകഴിഞ്ഞാൽ, അസം മുഴുവൻ ഈ പാട്ട് പാടണമെന്ന് ഞാനാഗ്രഹിക്കുന്നു''.

അദ്ദേഹം ആഗ്രഹിച്ചതുപോലെ ആരാധകർ ആ പാട്ട് വീണ്ടും പാടുകയാണ്. ആ പാട്ടിലൂടെ തങ്ങളുടെ പ്രിയഗായകനെ ഓർക്കുകയും ചെയ്യുന്നു.

തന്റെ അവസാനനിമിഷം ബ്രഹ്മപുത്ര നദീതീരത്ത് ആവണമെന്ന് ആഗ്രഹിച്ചയാളാണ് സുബീൻ. ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ, ''ബ്രഹ്മപുത്ര നദീതീരത്തുള്ള ഒരു ഇടത്തരം വീട്ടിൽ താമസിക്കണം. ഞാൻ കണ്ടതിൽവെച്ചേറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണത്. അവിടെ താമസിച്ച് മരണത്തിലേക്ക് പോവണം എനിക്ക്. മരിച്ചുകഴിഞ്ഞാൽ, ഒന്നുകിൽ എന്റെ മൃതദേഹം ദഹിപ്പിക്കാം, അല്ലെങ്കിൽ ബ്രഹ്മപുത്രയിലേക്ക് വലിച്ചെറിയാം. അത്രയും മനോഹരമായ ഒരു അന്ത്യം''.

സെപ്റ്റംബർ 19-നാണ് സുബീൻ ഗർഗ് സിംഗപ്പൂരിൽവെച്ച് മരിച്ചത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി അവിടെത്തിയതായിരുന്നു അദ്ദേഹം. അതിനിടെ സ്‌കൂബ ഡൈവിങ്ങിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംസ്ഥാനബഹുമതിയോടെ സെപ്റ്റംബർ 23-നാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടക്കുക.

അസമീസ് ഗായകനായ സുബീന്റെ കരിയറിൽ വഴിത്തിരിവായത്, 'ഗ്യാങ്സ്റ്ററി'ലെ 'യാ അലി' എന്ന പാട്ടാണ്. അതിനുശേഷം ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഗായകനായി അദ്ദേഹം മാറി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi