ഖാലിദ് മുഹമ്മദ് എഴുതി ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത 'സുബൈദ' (2001) എന്ന സിനിമ പറയുന്നത് ഒരു യഥാര്‍ഥ ജീവിതകഥയാണ്. ജോധ്പൂരിലെ മഹാരാജാവായിരുന്ന ഹന്‍വന്ത് സിങ് മാര്‍വാറിന്റെയും സുബൈദയുടെയും. 1923 ജൂണ്‍ 16-ന് റാത്തോഡ് രാജവംശത്തില്‍ ജനിച്ച ഹന്‍വന്ത് സിങ് മാര്‍വാര്‍ സിംഹാസനത്തിന്റെ അവകാശിയായിരുന്നു. 1947-ല്‍ പിതാവിന് ശേഷം ജോധ്പൂരിലെ മഹാരാജാവായി.  

1926-ല്‍ ബോംബെയിലെ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച സുബൈദ ബീഗം ഇന്ത്യയിലെ ആദ്യകാലത്തെ ഒരു  സിനിമാകുടുംബത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു. അമ്മ ഫാത്തിമബീഗം ഇന്ത്യയിലെ ആദ്യത്തെ വനിതാ ചലച്ചിത്ര സംവിധായികയും.

1920-കളുടെ അവസാനത്തിലും 1930-കളുടെ തുടക്കത്തിലുമായി സുബൈദ ഒരു താരമായി മാറി. ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രമായ 'ആലം ആര' (1931) യില്‍ ടൈറ്റില്‍ റോള്‍ ചെയ്തതിനാണ് അവര്‍ പ്രധാനമായും ഓര്‍മ്മിക്കപ്പെടുന്നത്.

രാജാവും സുബൈദയും തമ്മിലുള്ള ബന്ധം രാജസ്ഥാനിലെ പ്രഭുകുടുംബങ്ങളില്‍ ഒരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു. ഒരു നടിയെ, അതും മറ്റൊരു മതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്യുന്നത് അപകീര്‍ത്തികരമായാണ് കണക്കാക്കപ്പെട്ടത്. എന്നിട്ടും ഹന്‍വന്ത് ഉറച്ചുനിന്നു.

ഒടുവിൽ 1950-ൽ ഹിന്ദുമതം സ്വീകരിച്ച സുബൈദ, വിദ്യാറാണി എന്ന പേര് സ്വീകരിച്ച് ഹന്‍വന്തിനെ വിവാഹം കഴിച്ചു.

ഹന്‍വന്ത് സിങ് നേരത്തേ രാജകീയരീതിയില്‍ കൃഷ്ണകുമാരി രാജകുമാരിയെ വിവാഹം കഴിച്ചിരുന്നു. ഗജ് സിങ് എന്ന മകനുള്‍പ്പെടെ ദമ്പതിമാര്‍ക്ക് മൂന്ന് മക്കളുമുണ്ടായി. 1948-ല്‍ സ്‌കോട്ടിഷ് നഴ്‌സായ സാന്ദ്ര മക്ബ്രൈഡിനെയും അദ്ദേഹം ഭാര്യയാക്കി. പിന്നീട് സാന്ദ്ര മക്ബ്രൈഡുമായുള്ള വിവാഹബന്ധം അദ്ദേഹം വേർപെടുത്തി. എന്നാല്‍ സുബൈദയോടുള്ള പ്രണയം തുടര്‍ന്നു.

1951-ല്‍ ഈ ദമ്പതികള്‍ക്ക് ഹുക്കം സിങ് എന്നൊരു മകനുണ്ടായി. അവരുടെ സന്തോഷത്തിന് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. അക്കൊല്ലം തന്നെ ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ തുടങ്ങി. 1952-ന്റെ തുടക്കത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മഹാരാജാവ് തയ്യാറെടുക്കുകയായിരുന്നു. ഹന്‍വന്ത് തന്റെ പ്രദേശത്ത് ജനപ്രിയനായിരുന്നു; അദ്ദേഹം വിജയിക്കുമെന്ന് പലരും പ്രവചിച്ചു.

1952 ജനുവരി 25-ന് രാത്രി, അനുയായികളെ കാണാനായി ഉദയ്പൂരിലേക്ക് പറക്കാന്‍ അദ്ദേഹം തീരുമാനിച്ചു. യാത്രകളില്‍ അദ്ദേഹത്തെ പതിവായി അനുഗമിച്ചിരുന്ന സുബൈദയെയും ഒപ്പംകൂട്ടി. വിമാനം ഒരു ബീച്ച്ക്രാഫ്റ്റ് ബോണാന്‍സയായിരുന്നു: മഹാരാജാവ് പലപ്പോഴും സ്വയം പറത്തിയിരുന്ന ഒരു ചെറിയ, ഒറ്റഎഞ്ചിന്‍ വിമാനം.

ജനുവരി 26-ന് പുലര്‍ച്ചെ രാജസ്ഥാനിലെ ഗോഡ്വാര്‍ മേഖലയിലെ സുമേര്‍പൂരിനടുത്ത് വിമാനം തകര്‍ന്നുവീണു. ഹന്‍വന്തും സുബൈദയും തല്‍ക്ഷണം കൊല്ലപ്പെട്ടു. പിന്നീട് ഹുക്കം സിങ്ങിനെ വളര്‍ത്തിയത് ഹന്‍വന്തിന്റെ ആദ്യഭാര്യ രാജ്മാതാ കൃഷ്ണകുമാരിയാണ്.

ഏകദേശം അരനൂറ്റാണ്ടിന് ശേഷം, ഹന്‍വന്തിന്റെയും സുബൈദയുടെയും ദുരന്ത പ്രണയകഥ സിനിമയായി. സുബൈദയുടെ ആദ്യവിവാഹത്തിലെ മകനായ പത്രപ്രവര്‍ത്തകന്‍ ഖാലിദ് മുഹമ്മദ് എഴുതിയ, യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സാങ്കല്‍പ്പിക പുനരാഖ്യാനമായിരുന്നു അത്.

കരിഷ്മ കപൂര്‍ സുബൈദയെ അവതരിപ്പിച്ചപ്പോള്‍, മനോജ് ബാജ്‌പേയി മഹാരാജാ വിജേന്ദ്ര സിങ്ങിനെ (ഹന്‍വന്ത് സിങ്) അവതരിപ്പിച്ചു. ഏഴ് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും, ഹന്‍വന്തിന്റെയും സുബൈദയുടെയും കഥ രാജസ്ഥാനിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ കഥകളിലൊന്നായി നിലനില്‍ക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi