വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഒടുവിൽ മറുപടിയുമായി നടൻ വിവേക് ഒബ്‌റോയ്. ചിത്രീകരണത്തിനിടെയുണ്ടായ അപകടം കാരണമാണ് താൻ അഭിനയം നിർത്തിയതെന്ന വാദങ്ങൾ അദ്ദേഹം തള്ളി. പരിക്കുകൾ ഗുരുതരമായിരുന്നെങ്കിലും, അത് ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിനോ ശാരീരിക അധ്വാനമുള്ള വേഷങ്ങൾ ചെയ്യുന്നതിനോ തടസ്സമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബോളിവുഡിലെ തന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടിയായി ചൊവ്വാഴ്ചയാണ് വിവേക് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. 2004-ൽ 'യുവ'എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടമാണ് തന്നെ സിനിമയിൽ നിന്ന് പുറത്താക്കിയതെന്ന് പലരും കരുതിയിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

"സെറ്റിലുണ്ടായ അപകടം കാരണം എനിക്ക് ശാരീരിക വെല്ലുവിളിയുള്ള വേഷങ്ങൾ ചെയ്യാൻ കഴിയില്ലെന്നും, അത് സിനിമ വിടാൻ കാരണമായെന്നും അടുത്തിടെ ചില ചർച്ചകൾ കണ്ടു. ആ അപകടം ഗുരുതരമായിരുന്നു എന്നത് സത്യമാണ്. കാലിന് ഒന്നിലധികം ഒടിവുകൾ സംഭവിക്കുകയും 18 ഇഞ്ച് നീളമുള്ള ടൈറ്റാനിയം റോഡ് ശസ്ത്രക്രിയയിലൂടെ വെക്കേണ്ടി വരികയും ചെയ്തു. ശാരീരികമായും മാനസികമായും ആ ഘട്ടം മറികടക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു."

"ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഫിസിയോതെറാപ്പിസ്റ്റും നാനാവതി ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി വിഭാഗം മേധാവിയുമായ ഡോ. അലി ഇറാനിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും സഹായത്തോടെ ഏകദേശം മൂന്ന് മാസത്തിനുള്ളിൽ എനിക്ക് പൂർണ്ണ ആരോഗ്യം തിരിച്ചുകിട്ടി. അവരുടെ വൈദഗ്ധ്യം കാരണമാണ് അത്രയും വലിയൊരു പരിക്കിന് ശേഷവും എനിക്ക് നൃത്തം ചെയ്യാനും ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാനും സാധിച്ചത്. അവരോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു" എന്നും താരം കൂട്ടിച്ചേർത്തു.

തന്റെ കരിയറിലെ ഒരു ചെറിയ തടസ്സം മാത്രമായിരുന്നു ആ അപകടമെന്ന് വിവേക് പറഞ്ഞു. "അപകടത്തിന് ശേഷമാണ് ഓംകാര (2006), ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല (2007), മിഷൻ ഇസ്താംബുൾ (2008), പ്രിൻസ് (2010), ക്രിഷ് 3 (2013) തുടങ്ങിയ വെല്ലുവിളിയുള്ള വേഷങ്ങൾ ഞാൻ ചെയ്തത്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ എന്റെ ജോലി തുടരാൻ ഡോ. ഇറാനിയുടെ ചികിത്സ എന്നെ സഹായിച്ചു."

ഏറ്റവും ഒടുവിലായി റിതേഷ് ദേശ്മുഖ്, അഫ്താബ് ശിവദാസാനി എന്നിവർക്കൊപ്പം 'മസ്തി 4' എന്ന ചിത്രത്തിലാണ് വിവേക് ഒബ്‌റോയി അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi