ഒരു താരപുത്രി കൂടി സിനിമയിലേക്ക് കടന്നുവന്നിരിക്കുന്നു, വിസ്മയ മോഹൻലാൽ (Vismaya Mohanlal). ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ (Thudakkam) എന്ന ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്. വിസ്മയയ്‌ക്കൊപ്പം മോഹൻലാലും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ആശിഷ് ജോ ആന്റണി, ബോബി കുര്യൻ, സായ്കുമാർ, കെ.ബി.ഗണേഷ് കുമാർ, മനോജ് കെ.ജയൻ, മിയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിസ്മയയുടേത് നീറ്റ് പെർഫോമെൻസ് എന്നും അവർ പറയുന്നു. ജൂഡ് ആന്റണി ചിത്രം നന്നായി എടുത്തു, എൻഗേജിങ് ആണ് സിനിമ…എന്നിങ്ങനെ കമന്റുകൾ നീളുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് 'തുടക്കം' കാത്തിരുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിലെ വിസ്മയയുടെ ബോഡി ലാംഗ്വേജിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ തുടരുകയാണ്. നെർവെസ് ആണെന്ന് അവർ പറയുമ്പോഴും പലർക്കും അംഗീകരിക്കാൻ കഴിയുന്നില്ല. നെർവെസ്‌നെസിനിടെയും തനിക്കുനേരെ വന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അവർ ഭംഗിയായി നേരിടുകയും, അതിനുത്തരം നൽകുകയും ചെയ്തു.
അഭിമുഖങ്ങളിലും വളരെ മനോഹരമായിട്ടാണ് വിസ്മയ ഉത്തരം പറഞ്ഞത്. നെർവെസ് ആണെന്ന് പറുമ്പോഴും, തനിക്ക് മലയാളം ഒഴുക്കോടെ സംസാരിക്കാൻ കഴിയില്ലെന്ന് തുറന്നുപറയുമ്പോഴും, ആ ആത്മാർഥതയെ ആളുകൾ പ്രശംസിച്ചു. എന്നാൽ, അതിനൊപ്പം തന്നെ വിസ്മയയുടെ ബോഡി ലാംഗ്വേജിനെ കളിയാക്കി, സൈബർ ആക്രമണം നടത്തുകയാണ് ചിലർ. ബോഡി ഷെയ്മിങ്ങിനും ഇരയാവുന്നു വിസ്മയ. 'സ്പ്രിങ് വിഴുങ്ങിയോ, എന്തോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക്, ഇതെന്താ ഗുസ്തി ടീമിലെ അംഗമാണോ, സുമോ ഗുസ്തിക്കാരി, വീപ്പക്കുറ്റി'...സൈബർ ആക്രമണം പല വഴിക്കാണ് വിസ്മയയെ തേടിയെത്തുന്നത്.
അതിനിടെ അവരെ പ്രതിരോധിച്ചും ആളുകൾ രംഗത്തുവരുന്നുണ്ട്. ഒരാളുടെ രൂപത്തെയും സംസാരത്തെയും വിമർശിക്കുന്നതല്ല സംസ്‌കാരം എന്നാണ് അവർ പറയുന്നത്.
നേരത്തെ സി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സമരത്തെ പിന്തുണച്ചതിന്റെ പേരിലും കടുത്ത വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടിവന്നിരുന്നു വിസ്മയയ്ക്ക്. അപ്പോഴും തളരാതെ ആ നിലപാടിൽ തന്നെ അവർ ഉറച്ചുനിന്നു. ''ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം'', എന്നാണ് ഒരഭിമുഖത്തിൽ വിസ്മയ പറഞ്ഞത്. നടി രേവതി ഉൾപ്പെടെയുള്ള താരങ്ങൾ അവരെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തു. ''വിസ്മയ, നീ വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടി നിലകൊണ്ടതിൽ എനിക്ക് വലിയ അഭിമാനമുണ്ട്'', രേവതി കുറിച്ചു. ''താങ്കളുടെ ശാന്തമായ കരുത്തും, ലാളിത്യവും, സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും തികച്ചും പ്രശംസനീയമാണ്'', എന്നാണ് മാലാ പാർവതി എഴുതിയത്.
വിസ്മയയുടെ സിനിമയെക്കുറിച്ചുള്ള ചർച്ചകളേക്കാൾ ഇപ്പോൾ നടക്കുന്നത്, അവരുടെ വ്യക്തിത്വത്തിനുമേലുള്ള ചർച്ചകളാണ്. ഓരോ വ്യക്തികൾക്കും ഓരോ വ്യക്തിത്വവും ബോഡി ലാംഗ്വേജുമാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല ചിലർക്ക്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vismaya Mohanlal makes her acting debut in a Jude Anthany Joseph film. The film features Mohanlal alongside Vismaya., Positive initial reception for the film's first half and performance. Vismaya is facing body-shaming and cyberbullying regarding her body language.
Published: 07 Aug 2026, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented