മനുഷ്യരില്‍ നിന്നകന്ന് കാട്ടില്‍ വന്യമൃഗങ്ങള്‍ക്കൊപ്പം ജീവിച്ച ടാര്‍സനെയും മൗഗ്ലിയെയും പറ്റിയുള്ള കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. മൃഗങ്ങള്‍ മനുഷ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിവലുതാക്കിയ യഥാര്‍ഥസംഭവങ്ങളുമുണ്ടായിട്ടുണ്ട്. യുക്രൈനില്‍ നിന്നുള്ള ഓക്‌സാന മലയ അങ്ങനെയൊരാളാണ്. മൂന്നുവയസ്സുതൊട്ട് ഏകദേശം ഒന്‍പതാം വയസ്സുവരെ അവള്‍ നായകള്‍ക്കൊപ്പമാണ് ജീവിച്ചത്.

To advertise here,

മൂന്നാംവയസ്സിലാണ് മലയയുടെ ജീവിതത്തില്‍ അത് സംഭവിച്ചത്. മദ്യപാനികളായ മാതാപിതാക്കള്‍ അവളെ പുറത്താക്കി. മറ്റാശ്രയങ്ങളൊന്നുമില്ലാതിരുന്ന മലയ തങ്ങളുടെ വളര്‍ത്തുപട്ടിയെ പിന്തുടര്‍ന്ന് നടന്നു. ആ നടത്തവും ജീവിതവും അഞ്ചുകൊല്ലത്തോളം നീളുകയും ചെയ്തു. 

ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, മദ്യപാനികളായ മാതാപിതാക്കള്‍ പുറത്താക്കിയ മലയ തണുപ്പില്‍നിന്ന് രക്ഷനേടാന്‍ വേണ്ടി വളര്‍ത്തുനായയെ പിന്തുടര്‍ന്ന് നായ്ക്കൂട്ടിലേക്ക് പോകുകയായിരുന്നു. അവളവിടെ നായകള്‍ക്കൊപ്പം താമസിച്ചു. അവരുടെ ശീലങ്ങള്‍ പഠിച്ചു. കുരയ്ക്കലും മുരളലും നാലുകാലിലെ നടത്തവുമെല്ലാം. 

ഇന്ന് 40 വയസ്സുണ്ട് മലയക്ക്. തന്റെ അസാധാരണജീവിതത്തെപ്പറ്റി അവര്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്- 'അമ്മയ്ക്ക് കുറേ കുട്ടികളുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അവിടെ കിടക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല. അപ്പോള്‍ ഞാന്‍ നായക്കൊപ്പം ജീവിച്ചു'.

സ്വയം ശരീരം വൃത്തിയാക്കാന്‍  നക്കിത്തുടച്ചു, പച്ചമാംസം തിന്നു, ഭക്ഷണത്തിനായി ചവറ്റുകുട്ടകളിലൂടെ അലഞ്ഞുനടന്നു, അവള്‍ ഒരു മനുഷ്യക്കുട്ടിയെക്കാള്‍ ഒരു നായക്കുട്ടിയെപ്പോലെയാണ് പെരുമാറിയതെന്ന് അവൾ കഴിയുന്ന പരിചരണസ്ഥാപനത്തിന്റെ ഡയറക്ടര്‍ പറയുന്നു. 'വെള്ളം കാണുമ്പോള്‍ അവൾ നാക്ക് കാണിക്കാറുണ്ടായിരുന്നു, കൈകൊണ്ടല്ല നാവുകൊണ്ടാണ് ഭക്ഷണം കഴിച്ചിരുന്നത്' 

തന്റെ നായയും അയല്‍വക്കത്തുള്ള തെരുവുപട്ടികളും തന്നെ അവരിലൊരാളായിട്ടാണ് കണക്കാക്കിയതെന്ന് മലയ പറയുന്നു. 'ഞാന്‍ അവരോട് സംസാരിക്കും, അവര്‍ കുരയ്ക്കും, ഞാനത് ആവര്‍ത്തിക്കും. അതായിരുന്നു ഞങ്ങളുടെ ആശയവിനിമയരീതി' 

മലയയുടെ ഈ ജീവിതത്തെപ്പറ്റി വളരെ വൈകിയാണ് അധികൃതര്‍ അറിയുന്നത്. തുടർന്ന് അവളെ രക്ഷപ്പെടുത്താന്‍ പോലീസ് സംഘത്തെ അയച്ചു. അപ്പോഴേക്കും അവള്‍ സംസാരശേഷി നഷ്ടപ്പെട്ട് നാലുകാലില്‍ ഓടുന്ന അവസ്ഥയിലായിരുന്നു. പോലീസ് അവളെ കൊണ്ടുപോവാതിരിക്കാൻ നായക്കൂട്ടം ക്രൂരമായി ഇടപെടുകയും ചെയ്തു. പിന്നീട് ഉദ്യോഗസ്ഥര്‍ നായകളുടെ ശ്രദ്ധതിരിച്ചശേഷം അവളെ രക്ഷപ്പെടുത്തുകയായിരുന്നു. നടക്കാനും സംസാരിക്കാനുമെല്ലാം പഠിച്ചെങ്കിലും ചില പെരുമാറ്റങ്ങളില്‍ നിന്ന് അവള്‍ക്ക് മുക്തയാവാന്‍ സാധിച്ചിരുന്നില്ല. പ്രായപൂര്‍ത്തിയായപ്പോഴും അവളത് തുടര്‍ന്നു. ആറു വയസ്സുള്ള ഒരു കുട്ടിയുടെ മാനസികശേഷിയേ അവള്‍ക്കുണ്ടായിരുന്നുള്ളൂവെന്നാണ് വിദഗ്ധര്‍ പറഞ്ഞത്. അവള്‍ പിന്നീട് മാതാപിതാക്കളുമായി ഒന്നിച്ചിരുന്നെങ്കിലും മനസ്സിനേറ്റ ആഘാതത്തിൽനിന്ന് മുക്തയാവാൻ മലയക്ക് സാധിച്ചിരുന്നില്ല.