നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു. പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി, ഒരു ചിറക് റണ്‍വേയിലിടിക്കുകയായിരുന്നു. ഉടനെ തന്നെ തീഗോളമായി മാറുകയും ചെയ്തു. കാഠ്മണ്ഡുവില്‍നിന്ന് പൊഖാറയിലേക്ക് പോയ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കത്തിക്കരിഞ്ഞ വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹാവശിഷ്ടങ്ങളും സ്ഥലത്ത് ചിതറിക്കിടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേപ്പാളിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളമാണ് ത്രിഭുവന്‍. എന്നാല്‍, ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നയിടം എന്ന കുപ്രസിദ്ധിയും ഈ വിമാനത്താവളത്തിനുണ്ട്.
1962 മുതല്‍ 2023 വരെ, 72 അപകടങ്ങളാണ് ഇവിടെ നടന്നത്. 935 പേര്‍ മരിച്ചു. മുപ്പതുവര്‍ഷത്തിനിടയില്‍ ഉണ്ടായത് 27 അപകടങ്ങളും. ഏറ്റവും ഒടുവില്‍ നടന്ന പ്രധാനപ്പെട്ട അപകടം 2023 ജനുവരിയിലായിരുന്നു. അന്ന് 72 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച അപകടം നടന്നത് 1992-ലാണ്. 113 പേരാണ് ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുവീണ് മരിച്ചത്.
കാഠ്മണ്ഡു താഴ്‌വരയിലാണ് ഈ വിമാനത്താവളം. വിമാനത്തിനുള്ളില്‍നിന്ന് നോക്കുമ്പോള്‍ അതിമനോഹരമായ കാഴ്ചയാണ്. ചുറ്റും ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതം, താഴ്‌വരകള്‍. എന്നാല്‍, പൈലറ്റുമാരെ സംബന്ധിച്ചിടത്തോളം, ഇവിടുത്തെ ടേക്കോഫും ലാന്‍ഡിങ്ങും ഒരു വെല്ലുവിളി തന്നെയാണ്.
ഹിമാലയം ഇവിടെനിന്ന് ഏറെ അകലെയാണെങ്കിലും, ഇവിടുത്തെ കാലാവസ്ഥയെയും കാറ്റിന്റെ ദിശയെയും അത് നന്നായി ബാധിക്കാറുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാവ്യതിയാനങ്ങളും ഇവിടെ സാധാരണമാണ്. അതുമാത്രമല്ല എപ്പോഴാണ് കാറ്റിന്റെ ദിശയും വേഗതയും മാറുന്നതെന്നും പറയാന്‍ പറ്റില്ല. ഇത്തരം കാര്യങ്ങളൊക്കെ വിമാനങ്ങളുടെ ലാന്‍ഡിങ്ങിനെയും ടേക്കോഫിനെയും ബാധിക്കാറുമുണ്ട്.
ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും, ഒരു റണ്‍വേ മാത്രമേയുള്ളൂ ഇവിടെ. അതും നല്ല ഉയരത്തിലാണുള്ളത്. മറ്റ് വിമാനത്താവളങ്ങളിലെ റണ്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍, റണ്‍വേയുടെ നീളവും വളരെ കുറവാണ്.
Content Highlights: tricky and dangerous thribhuvan airport, nepal
Published: 24 Jul 2024, 03:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented