എല്ലാ വര്‍ഷവും ഡിസംബര്‍ 12ന് മണിപ്പൂരില്‍ നുപി ലാന്‍ ദിനം ആചരിക്കുന്നു. സ്ത്രീശക്തിയ്ക്ക് മുന്നിലുള്ള അവരുടെ പ്രണാമമാണിത്. കൊളോണിയല്‍ ശക്തികള്‍ക്കെതിരെ സ്ത്രീകള്‍ നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പിന്റെ പേരാണ് നുപി ലാന്‍.

To advertise here,

1891-ലെ ആംഗ്ലോ-മണിപ്പൂരി യുദ്ധത്തിന് ശേഷം മണിപ്പൂര്‍ ബ്രിട്ടീഷ് കൈകളിലായിരുന്നു. 1904-ല്‍ ഇംഫലില്‍ ക്യാപ്റ്റന്‍ നട്ടല്‍, മിസ്റ്റര്‍ ഡണ്‍ലപ് എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ബംഗ്ലാവുകള്‍ക്ക് അഗ്‌നിബാധയേറ്റു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തവേ സ്റ്റേറ്റ് സൂപ്രണ്ടും പൊളിറ്റിക്കല്‍ ഏജന്റുമായിരുന്ന കേണല്‍ മാക്സ്വെല്‍ ലാലുപ് വ്യവസ്ഥ തിരിച്ചുകൊണ്ടുവന്നു. പത്തുദിവസത്തെ നിര്‍ബന്ധിത-വേതനരഹിത തൊഴില്‍ സമ്പ്രദായമായിരുന്നു ലാലുപ് വ്യവസ്ഥ. അതോടെ, മണിപ്പൂരിലെ തൊഴിലാളികള്‍ ഓഫീസര്‍മാര്‍ക്ക് മാളിക പണിയാന്‍ കൂലിയില്ലാതെ തൊഴില്‍ ചെയ്യേണ്ട അവസ്ഥ വന്നു. നിര്‍മാണത്തിനുള്ള തേക്കുമരം ദൂരെ ബര്‍മയിലെ(മ്യാന്‍മര്‍) കാബോ താഴ്‌വരയില്‍ നിന്നെത്തിക്കണം എന്ന് മാക്‌സ്‌വെല്ലിന് നിര്‍ബന്ധവുമായിരുന്നു. ശ്രമകരമായ ഇത്തരം പണികളാണ് തൊഴിലാളികള്‍ സൗജന്യമായി ചെയ്യേണ്ടത്. ഇതിനെതിരെയായിരുന്നു ആദ്യത്തെ നുപി ലാന്‍. 

പുരുഷന്മാര്‍ ചൂഷണം ചെയ്യപ്പെടുന്നത് മണിപ്പൂരി സ്ത്രീകള്‍ക്ക് അംഗീകരിക്കാനായില്ല. യാഥാസ്ഥിതികമായ സമൂഹമായിരുന്നില്ല മണിപ്പൂരിലേത്. സമൂഹത്തില്‍ നിലപാടുകളും നിര്‍ണയാധികാരവും ഉണ്ടായിരുന്നവരായിരുന്നു അവിടുത്തെ സ്ത്രീകള്‍. ഖൈരംബന്ദ് ബസാറില്‍ ഇരുനൂറോളം സ്ഥിരം കച്ചവടകാരികള്‍ തന്നെ ഉണ്ടായിരുന്നു. വെള്ളക്കാര്‍ക്കും മലമുകളില്‍ നിന്നുള്ള പുരുഷന്മാര്‍ക്കും മാത്രമാണ് അതിനുള്ളില്‍ പ്രവേശനം ഉണ്ടായിരുന്നത്. 

1904 സെപ്റ്റംബര്‍ 3-ന് ആയിരക്കണക്കിന് സ്ത്രീകള്‍ കേണല്‍ മാക്‌സ്‌വെല്ലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ തടിച്ചുകൂടി. ലാലുപ് വ്യവസ്ഥയില്‍ തയ്യാറാക്കപ്പെട്ട തൊഴില്‍ ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. അപ്രതീക്ഷിതമായ ജനക്കൂട്ടത്തിനു മുന്നില്‍ മാക്‌സ്‌വെല്‍ സമവായം അഭിനയിച്ചു. ഉത്തരവ് പിന്‍വലിക്കാമെന്ന് വാഗ്ദാനം വിശ്വസിച്ച് സ്ത്രീകള്‍ പിരിഞ്ഞുപോയി. മണിപ്പൂരിലെ രാജാവായി ചുരാ ചന്ദ് സിംഗ്  നിയമിതനായതില്‍ കെറുവുള്ള  മുന്‍ ഭരണകുടുംബത്തിന്റെ അനന്തരാവകാശികളാണ് പ്രക്ഷോഭത്തെ ആളിക്കത്തിച്ചതെന്നായിരുന്നു ബ്രിട്ടീഷ് വ്യാഖ്യാനം. വൈകാതെ, കേണല്‍ മാക്‌സ്‌വെല്‍ പൊളിറ്റിക്കല്‍ ഏജന്റിന്റെ സ്ഥാനത്ത് നിന്ന് നീക്കംചെയ്യപ്പെട്ടു.

പക്ഷേ, വാക്കുപാലിക്കാതെ ബ്രിട്ടീഷുകാര്‍ വേതനം മുടക്കി. മണിപ്പൂരി സ്ത്രീകള്‍ ഒരിക്കല്‍ക്കൂടി തെരുവിലേക്കിറങ്ങി. ഇത്തവണ ഖൈരംബന്ദ് ബസാറായിരുന്നു വേദി. ഒക്ടോബര്‍ 5-ന് നടന്ന, അയ്യായിരത്തോളം സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധം വെള്ളക്കാരെ ഞെട്ടിച്ചു. അവര്‍ പ്രക്ഷോഭത്തെ ഹിംസ കൊണ്ട് അടിച്ചമര്‍ത്താന്‍ പുറപ്പെട്ടു. പക്ഷേ, ഉത്തരവ് പിന്‍വലിക്കപ്പെടും വരെ സ്ത്രീകള്‍ ബസാറില്‍ നിന്ന് പിരിഞ്ഞുപോയില്ല. മുഴുവന്‍ കൂലി ഉറപ്പാക്കുന്നത് വരെ പെണ്‍പോരാളികള്‍ അവിടെ തുടര്‍ന്നു. 

placeholder
(Shutterstock)

1939-ല്‍ രണ്ടാമതൊരു നുപി ലാന്‍ നടന്നു. ഇക്കുറി പോരാട്ടം നാടിനുവേണ്ടിയായിരുന്നു. പട്ടിണിപ്പേക്കോലമായിത്തീര്‍ന്ന ഉറ്റവര്‍ക്കും നിറയാത്ത സ്വന്തം വയറിനും വേണ്ടിയായിരുന്നു. ലോകമഹായുദ്ധത്തിനു മുന്‍പുള്ള കാലം. കോരിച്ചൊരിഞ്ഞ പേമാരിയില്‍ വ്യാപക കൃഷിനാശമുണ്ടായി. ഇറക്കുമതിയുടെ തോത് കുത്തനെ വര്‍ധിപ്പിച്ചതുകൊണ്ട് ആവശ്യത്തിന് അരി കിട്ടാനില്ലെന്നായി. ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ നിഷ്പ്രഭനായ മണിപ്പൂര്‍ രാജാവ് കര്‍ഷകയാതനകള്‍ കണ്ടില്ലെന്ന് നടിച്ചു. 

ഞാറുനടല്‍ തൊട്ട് കൊയ്ത്തും വിപണിയും വരെ വിയര്‍പ്പൊഴുക്കിയ സ്ത്രീകള്‍ക്ക് ഈ അനാസ്ഥ പൊറുക്കാനായില്ല. ഇഴഞ്ഞുനീങ്ങുന്ന നീതിന്യായവ്യവസ്ഥയും അന്യായനികുതികളും പാവങ്ങളുടെ വയറ്റത്തടിക്കുന്നുണ്ടായിരുന്നു. ഇറക്കുമതി തീരുവ കുറച്ചുകൊണ്ട് ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചതോടെ പ്രാദേശിക ചെറുകിടവ്യവസായങ്ങള്‍ വെല്ലുവിളി നേരിടുകയായിരുന്നു. 

ഡിസംബര്‍ 12-ന് മണിപ്പൂരിലെ പെണ്‍പട അരവയര്‍ മുറുക്കി പിന്നെയും അങ്കത്തട്ടിലിറങ്ങി. അരി കയറ്റുമതി നിരോധിക്കണം, റൈസ് മില്ലുകള്‍ പൂട്ടണം എന്ന വാദങ്ങളുമായി അവര്‍ ദര്‍ബാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നിരായുധരായ സ്ത്രീകള്‍ക്ക് നേരെ അധികാരികള്‍ പട്ടാളക്കാരെയയച്ചു. ചോര ചിന്തി. ജീവനുകള്‍ പൊലിഞ്ഞു. എന്നിട്ടും പോരാട്ടം നിലച്ചില്ല. ഒടുവില്‍ ലോക മഹായുദ്ധത്തിന്റെ വരവാണ് രണ്ടാം നുപി ലാന്‍ മുന്നേറ്റത്തിന് പരിസമാപ്തി കുറിച്ചത്.