അമേരിക്കയെ നടുക്കിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണം. മൂന്ന് വിമാനങ്ങൾ ഹൈജാക്ക് ചെയ്ത ഭീകരര്‍ രണ്ടെണ്ണം വേള്‍ഡ് ട്രേയ്ഡ് സെന്ററിലും ഒന്ന് പെന്റഗണിലും നാലാമത്തേത് പെന്‍സില്‍വാനിയയിലും ഇടിച്ചിറക്കി. രണ്ടായിരത്തി എഴുനൂറിലധികം പേര്‍ ന്യൂയോര്‍ക്കിലും 184 പേര്‍ പെന്റഗണിലും പെന്‍സില്‍വാനിയയില്‍ 40 പേരുമാണ് മരിച്ചത്. കത്തിയെരിഞ്ഞ മൃതദേഹങ്ങള്‍ പലതും കണ്ടുകിട്ടിയില്ല. 19 ഭീകരവാദികളും മരിച്ചു.

To advertise here,

ആക്രമണത്തിന്റെ സൂത്രധാരന്‍ അല്‍-ഖായിദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ ആണെന്ന് വ്യക്തമായി. ഉത്തരവാദിത്തം ആ സംഘടന ഏറ്റെടുക്കുകയും ചെയ്തു. അമേരിക്കയുടെ മണ്ണില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നീതിക്കായി മുറവിളി നടത്തി. അമേരിക്കയെ വെറും കടലാസ്സ് പുലിയായി താഴ്ത്തിക്കണ്ട ഒസാമയെ വധിക്കുക എന്നത് അമേരിക്കയുടെ അഭിമാനപ്രശ്‌നമായി. 

ചരിത്രം കണ്ട ഏറ്റവും വലിയ മനുഷ്യവേട്ടയുടെ കഥ അവിടെ തുടങ്ങുകയായി. ഒസാമയെ കണ്ടെത്താന്‍ അമേരിക്ക പല വഴി തിരഞ്ഞു. വന്‍കരകള്‍ക്കപ്പുറം കടലുകള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറം ഒളിച്ചു കഴിയുന്ന ഒരാളെ കണ്ടെത്തുക അത്ര എളുപ്പമല്ലല്ലോ. 

വേട്ടയുടെ നാള്‍വഴികള്‍
9 /11 ആക്രമണകാലത്ത് പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് ഡബ്ല്യൂ ബുഷ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ലാദനെ കണ്ടെത്തുന്നവര്‍ക്കോ കൊലപ്പെടുത്തുന്നവര്‍ക്കോ 25 മില്യണ്‍ ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചു. അല്‍-ഖായിദയുടെ ആസ്ഥാനം അഫ്ഘാനിസ്ഥാന്‍ ആയിരുന്നു. അഫ്ഘാനില്‍ അമേരിക്കന്‍ സൈനികര്‍ എത്ര തിരഞ്ഞിട്ടും ലാദനെ കണ്ടെത്താനായില്ല. അഫ്ഘാന്‍ പാക് അതിര്‍ത്തിയിലെ ടോറ ബോറ പർവതമേഖലയില്‍ അയാളുടെ സാന്നിധ്യമുണ്ടെന്ന് വിവരം കിട്ടിയെങ്കിലും തിരച്ചില്‍ വിഫലമായി. 

placeholder
ഓപ്പറേഷന്റെ പുരോഗതി വിലയിരുത്തുന്ന
ഒബാമയും ഉദ്യോഗസ്ഥരും /Getty Images

2009-ല്‍ ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റു. സമാധാനപ്രിയനും മിതഭാഷിയുമായ ഒബാമയുടെ കാലത്ത് അന്വേഷണത്തെപ്പറ്റി അധികം വാര്‍ത്തകള്‍ വന്നില്ല. അമേരിക്ക ഉഴപ്പുകയാണോയെന്ന് ലോകത്തിനു തോന്നി. 

അങ്ങനെയിരിക്കെ 2011 മെയ് 1-ന് ഒബാമ ഔദ്യോഗികമായി ഒരു വിവരം ലോകത്തെ അറിയിച്ചു. ബിന്‍ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ നേവി ഉദ്യോഗസ്ഥന്മാര്‍ നടത്തിയ ആക്രമണത്തിലാണ് മരണം. അമേരിക്കയിലെ തെരുവ് വീഥികളിലേക്ക് ജനം ഇരച്ചെത്തി. രാവ് നീണ്ടുനിന്ന ആഹ്ളാദപ്രകടനം. ഒരു മനുഷ്യന്റെ മരണത്തില്‍ ലോകമാകെ സന്തോഷം പ്രകടിപ്പിച്ചത് അന്നാദ്യമായിട്ടാകും.

അഭയം നല്‍കിയ പാകിസ്താന്‍ 
പാകിസ്താനിലെ അബൊട്ടാബാദിലാണ് ബിന്‍ലാദന്‍ താമസിച്ചിരുന്നത്. ചുറ്റും സുരക്ഷാ സംവിധാനമുള്ള മൂന്നു നില വീട്ടിലായിരുന്നു താമസം. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദില്‍ നിന്ന് വെറും 56 കിലോമീറ്റര്‍ മാത്രം അകലെയാണ് കൊടുംതീവ്രവാദി സുഖവാസം നടത്തിയിരുന്നത്. തൊട്ടടുത്തായിരുന്നു പാക് മിലിട്ടറി ബേസും.

placeholder
 മരണവാർത്ത ആഘോഷിക്കുന്ന
അമേരിക്കൻ ജനത/Getty Images

ലാദന്‍ പാകിസ്താനിലുണ്ടെന്ന് അമേരിക്കയ്ക്ക് വിവരം കിട്ടുന്നത് 2010-ലാണ്. കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. മാര്‍ച്ച് 2022-ലാണ് അബൊട്ടാബാദിലാണെന്ന് കണ്ടെത്തുന്നത്. പാകിസ്താനുമായി നേരിട്ട് സംഘര്‍ഷം വേണ്ടെന്നുവെച്ച ഒബാമയാണ് സര്‍ജിക്കല്‍ റെയിഡ് എന്ന ആശയം മുന്നോട്ടുവെക്കുന്നത്. 

79 കമാണ്ടോകളും ഒരു ട്രെയിന്‍ഡ് ഡോഗും അടങ്ങിയ സംഘമാണ് ഓപ്പറേഷന് ലാദന്റെ വീട്ടിലിറങ്ങിയത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം ഇല്ലാതാക്കിയാണ് സംഘം അകത്തുകയറിയത്  എല്ലാവരും നൈറ്റ് വിഷന്‍ സാധ്യമാക്കുന്ന പ്രത്യേക കണ്ണടകള്‍ ധരിച്ചിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് നിലകളിലും ഓഫീസര്‍മാരെത്തി. ലാദനും ഒരു മകനും അടുത്ത അനുയായികളും കൊല്ലപ്പെട്ടു. ഒരു സ്ത്രീയും മരണത്തിനിരയായി. 

ലാദന്റെ മൃതദേഹം അപ്പോള്‍ തന്നെ സംഘം കടലില്‍ സംസ്‌കരിച്ചു. മതവിശ്വാസപ്രകാരം ഭൂമിയില്‍ അടക്കിയാല്‍ ആ സ്ഥലത്ത്  ഭാവിയില്‍ തീവ്രവാദികള്‍ സ്മാരകം പണിതുയര്‍ത്തിയേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എവിടെയാണ് ലാദന്റെ മൃതദേഹം സംസ്‌കരിച്ചതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. 

placeholder
അബൊട്ടാബാദിലെ ലാദന്റെ വീട്/ Wikipedia

'ഓപ്പറേഷന്‍ നെപ്‌റ്യൂണ്‍ സ്പിയർ'  എന്ന് പേരിട്ട ബിന്‍ലാദന്‍ വേട്ടയുടെ വിശദാംശങ്ങള്‍ പലതും ഇനിയും പുറത്തുവന്നിട്ടില്ല. രക്ഷരൂക്ഷിതമായ ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഹിംസ പ്രോത്സാപ്പിക്കുമെന്നുള്ളതിനാല്‍ പുറത്തുവിടുന്നില്ലെന്ന് ഒബാമ വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ രാജ്യം തീവ്രവാദത്തിന് എതിരാണെന്നാണ് പാകിസ്താന്‍ എന്നും വാദിക്കുന്നത്. ഇപ്പോള്‍ പഹല്‍ഗാം ആക്രമണത്തിലും പാകിസ്താനികള്‍ പ്രതികളായിട്ടു കൂടി പങ്കില്ല എന്നാണ് അവരുടെ വാദം. പക്ഷേ ലാദന്റെ മരണത്തോടെ പാകിസ്താന് ലോകമധ്യത്തില്‍ വിശ്വാസ്യത ഇല്ലാതായിട്ടുണ്ട്.