1992-ലാണ് മണിരത്‌നം സംവിധാനം ചെയ്ത 'റോജ' പുറത്തുവരുന്നത്. അരവിന്ദ സ്വാമിയും മധുബാലയും നാസറും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമ തമിഴിലും ഹിന്ദിയിലും വമ്പന്‍ ഹിറ്റായി. വെറും ഇരുപത്തിയഞ്ചുകാരനായ ഒരു പയ്യനെയാണ് മണിരത്‌നം സംഗീതം ചെയ്യാനേല്‍പ്പിച്ചത്. അത് സാക്ഷാല്‍ എ.ആര്‍. റഹ്‌മാനായിരുന്നു. 'റോജ'യിലെ സംഗീതം കാലങ്ങള്‍ക്കിപ്പുറം ഇന്നും പുതുമ ചോരാതെ ആസ്വദിക്കപ്പെടുന്നു. 

To advertise here,

സുന്ദരപാണ്ഢ്യപുരം എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവളാണ് റോജ. ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ഋഷികുമാറുമായി അവളുടെ വിവാഹം നടക്കുന്നു. ബാരാമുല്ലയിലേക്ക് ഭര്‍ത്താവിനൊപ്പം പോയ റോജയുടെ ജീവിതം കീഴ്‌മേല്‍ മറിയും.  അവിടെ വെച്ച് തീവ്രവാദികളുടെ പിടിയില്‍കപ്പെടുന്ന ഋഷിയെ മോചിപ്പിക്കാനുള്ള റോജയുടെ ശ്രമങ്ങളും സംഘര്‍ഷങ്ങളുമാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒടുവില്‍ സൈനികസഹായത്തോടെ അവള്‍ ഋഷിയെ മോചിപ്പിക്കുന്നു. അവരിരുവരും ഒരുമിക്കുന്നതാണ് കഥാന്ത്യം.

placeholder
റോജ പോസ്റ്റർ (Wikipedia)

തീവ്രവാദികളില്‍ നിന്നും രക്ഷപ്പെടാന്‍ പരിക്കുകളുമായി കുന്നും മലയുമിറങ്ങുന്ന ഋഷിയെ റോജ കണ്ടെത്തുന്നത് ഒരു ഡാമിനടുത്തു വെച്ചാണ്. കാശ്മീരിലുള്ള ഏതോ ഡാമാണിതെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. എന്നാല്‍ ഈ ഡാം തമിഴ്‌നാട്ടിലാണ്. ഊട്ടിയിലെ കാമരാജ് സാഗർ ഡാമാണിത്.

തമിഴ്നാട്ടിലെ ഹൊഗ്ഗനക്കല്‍ വെള്ളച്ചാട്ടമാണ് വിഖ്യാതമായ 'ചിന്ന ചിന്ന ആസൈ' എന്ന ഗാനത്തിന് വേദിയായത്. കാരയാര്‍ ഡാമും ഗാനത്തിന് ഉപയോഗിച്ചിട്ടുണ്ട്. മനാലി ഉള്‍പ്പെടെ ഹിമാചലില്‍ പല പ്രദേശങ്ങളിലും സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. മനാലിയിലെ ഹഡിംബദേവി ക്ഷേത്രത്തില്‍ വെച്ചാണ് നായകനെ തട്ടിക്കൊണ്ടുപോകുന്ന രംഗം ചിത്രീകരിച്ചത്.