എ.ആർ. റഹ്‌മാൻ- മണിരത്‌നം...സംഗീതപ്രേമികൾക്ക് പ്രണയമഴ സമ്മാനിച്ച ജോഡി. 34 വർഷം മുമ്പ് ആസ്വാദകരെ ഒരു മഴ നനയിപ്പിച്ചായിരുന്നു ആ കോമ്പോയുടെ തുടക്കം. 'പുതുവെള്ളൈമഴൈ ഇങ്ക് പൊഴികിൻട്രത്,' ഉണ്ണിമേനോനും സുജാതയും പാടിയ റോജയിലെ ആ പാട്ട് ഇന്നും ആസ്വദകരുടെ പ്രിയപ്പെട്ട പ്ലേ ലിസ്റ്റിലുണ്ട്. ഇപ്പോഴിതാ റഹ്‌മാനും മണിരതനവും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരികയാണ്. വിജയ് സേതുപതിയും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ജോണർ ഏതാണെന്ന് വെളിപ്പെട്ടിട്ടില്ല.

To advertise here,

റഹ്‌മാൻ- മണിരത്‌നം കോമ്പോയിൽ പിറന്ന മികച്ച ചില ഗാനങ്ങൾ പരിചയപ്പെടാം.

1992-ൽ റോജയിലൂടെയായിരുന്നു റഹ്‌മാൻ, മണിരത്‌നം ചിത്രത്തിന്റെ ഭാഗമാവുന്നത്. അതിനുമുമ്പ് ഇളയരാജയായിരുന്നു മണിരത്‌നം സിനിമകളുടെ സ്ഥിരം സംഗീത സംവിധായകൻ. റഹ്‌മാന്റെ സംഗീത സംവിധായകനായുള്ള അരങ്ങേറ്റവും റോജയിലൂടെയായിരുന്നു. ചിത്രത്തിൽ ഏഴ് ഗാനങ്ങളുണ്ട്. ഇതിൽ ‘ചിന്ന ചിന്ന ആസൈയും’ ‘കാഥൽ റോജാവെയും’ ‘പുതുവെള്ളൈമഴൈ ഇങ്ക് പൊഴികിൻട്രതു’മെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടായി ഇന്നും നിലകൊള്ളുന്നു. ‘ചിന്നൈ ചിന്നൈ ആസൈ’ ആണ് ചിത്രത്തിനായി ആദ്യമായി കമ്പോസ് ചെയ്തത്. മികച്ച സംവിധായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ഈ സിനിമ വഴി റഹ്‌മാന് ലഭിച്ചു.

അടുത്തവർഷമിറങ്ങിയ തിരുട തിരുട ചിത്രത്തിലും മികച്ച പാട്ടുകൾ വന്നു. ‘വീരപാണ്ടി കോട്ട’യിലെയും ‘ചന്ദ്രലേഖ’യുമാണ് ഈ സിനിമയിൽ എടുത്തുപറയേണ്ട പാട്ടുകൾ. പ്രശാന്തും ആനന്ദും അഭിനയിച്ച് ചിത്രം തിയേറ്ററിൽ ഹിറ്റായില്ലെങ്കിലും ഈ പാട്ടുകൾ പ്രശംസ പിടിച്ചുപറ്റി.

ബോംബെയാണ് എടുത്തുപറയേണ്ട മറ്റൊരു ചിത്രം. ഈ സിനിമയിലെ പാട്ടുകളെല്ലാം വൻ ഹിറ്റായി. ‘കണ്ണാളനേ’ എന്ന ഗാനം ഇപ്പോഴും മെലഡി പ്രിയരുടെ ഇഷ്ടഗാനമാണ്. ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ തയ്യാറാക്കിയ 'മരിക്കുംമുൻപ് നിങ്ങൾ കേൾക്കേണ്ട ആയിരം പാട്ടുകൾ' എന്ന പട്ടികയിൽ ‘കണ്ണാളനേ’ ഗാനം ഇടംപിടിച്ചിരുന്നു. ഈ സിനിമയിലെ ‘ഉയിരേ ഉയിരേ’ പാട്ടും ‘ഹമ്മാ ഹമ്മാ’യും ഇപ്പോഴും ആസ്വാദകരുടെ ഇഷ്ടഗാനങ്ങളാണ്.

1998-ൽ പുറത്തിറങ്ങിയ ദിൽസേ ആണ് മറ്റൊരു ചിത്രം. മണിരത്‌നം സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ‘ചൈയ്യാ ചൈയ്യാ’, ‘ജിയ ജലേ’, ‘ഏ അജ്‌നബി’ അടക്കമുള്ള ഈ സിനിമയിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘സ്‌നേഹതിനേ സ്‌നേഹിതനേ’... പ്രണയിനികളുടെ പ്രിയപ്പെട്ട പാട്ട്. ഈ പാട്ടും പിറന്നത് റഹ്‌മാൻ- മണിരത്‌നം കോമ്പിനേഷനിൽ നിന്നാണ്. 2000-ത്തിൽ പുറത്തിറങ്ങിയ അലൈപായുതേ സിനിമയിലാണ് ഈ പാട്ട്. ഈ സിനിമയിലെ ‘പച്ചൈ നിറമേ’ എന്ന ഗാനവും മികച്ചതാണ്.

കണ്ണത്തിൽ മുത്തമിട്ടാൽ ആണ് എടുത്തുപറയേണ്ട മറ്റൊരു ചിത്രം. ‘വെള്ളൈ പൂക്കളും’ ‘കണ്ണത്തിൽ മുത്തമിട്ടാലു’മെല്ലാം എക്കാലത്തേയും ഹിറ്റുകളാണ്. ഈ സിനിമയിലൂടെ ദേശീയ അവാർഡും റഹ്‌മാൻ സ്വന്തമാക്കി.

ഗുരു, രാവണൻ, കടൽ, ഓ ക്കെ കൺമണി, പൊന്നിയൻ സെൽവം അടക്കമുള്ള ചിത്രങ്ങളിലൂടെയും മണിരത്‌നം- റഹ്‌മാൻ കോമ്പോ ആസ്വാദകർക്ക് മികച്ച പാട്ടുകൾ സമ്മാനിച്ചു.

കഴിഞ്ഞവർഷം പുറത്തിറങ്ങിയ തഗ് ലൈഫാണ് ഇരുവരും ഒരുമിച്ച അവസാന സിനിമ. പുതിയൊരു ചിത്രത്തിനായി ഇരുവരും വീണ്ടും ഒരുമിക്കുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi