ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് 182 മീറ്റര്‍ (597 അടി) ഉയരമുള്ള സ്റ്റാച്യു ഓഫ് യൂണിറ്റി. ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്റെ സ്മരണയ്ക്ക് ഉരുക്കില്‍ നിര്‍മിച്ച പ്രതിമ. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മനാടായ ഗുജറാത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 7 കിലോമീറ്റര്‍ ചുറ്റളവില്‍ നില്‍ക്കുന്നവര്‍ക്ക് വരെ ഈ പ്രതിമ കാണാനാകും. പട്ടേലിന്റെ 143-ാം ജന്മവാര്‍ഷികമായ 2018 ഒക്ടോബര്‍ 31-ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ ഉദ്ഘാടനം ചെയ്തു.

പ്രതിമാനിര്‍മാണം പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി താന്‍ മുഖ്യമന്ത്രിയായതിന്റെ പത്താം വര്‍ഷത്തിന് തുടക്കമിട്ടത്. പട്ടേലിന്റെ ജന്മവാര്‍ഷികമായ 2013 ഒക്ടോബര്‍ 31-ന് പ്രതിമയുടെ തറക്കല്ലിട്ടു. 2013 ഒക്ടോബറില്‍ തന്നെ ഇന്ത്യന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യന്‍ ശില്‍പിയായ റാം വി. സുതാറാണ് പ്രതിമ രൂപകല്പന ചെയ്തത്.

placeholder
സര്‍ദാര്‍ വല്ലഭായി പട്ടേല്‍

കര്‍ഷകരില്‍ നിന്ന് ഉപയോഗം കഴിഞ്ഞ കാര്‍ഷിക ഉപകരണങ്ങള്‍ സംഭാവനയായി സ്വീകരിച്ച് പ്രതിമയ്ക്ക് ആവശ്യമായ ഇരുമ്പ് ശേഖരിക്കുന്നതിനായി സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന മൂവ്മെന്റ് നടന്നു. 2016 ആയപ്പോഴേക്കും 135 മെട്രിക് ടണ്‍ ഇരുമ്പ് ശേഖരിക്കാനായി. 2013 ഡിസംബറില്‍ സൂറത്തിലും വഡോദരയിലും റണ്‍ ഫോര്‍ യൂണിറ്റി എന്ന പേരില്‍ ധനസമാഹരണത്തിനായി മാരത്തണും നടത്തിയിരുന്നു.  

ഫണ്ടിങ്- ഗുജറാത്ത് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പൊതുമേഖലയും നിര്‍മാണത്തിന് ഫണ്ട് നല്‍കി. 3000 തൊഴിലാളികളും 250 എഞ്ചിനീയര്‍മാരും ഒരുമിച്ച് 57 മാസമെടുത്താണ് പ്രതിമ പൂര്‍ത്തിയാക്കിയത്. ആകെ ചെലവ് ഏകദേശം 3000 കോടിയോളം വരും.   

രൂപകല്പന- മണിക്കൂറില്‍ 180 കിലോമീറ്റര്‍ (110 മൈല്‍) വരെ വേഗതയുള്ള കാറ്റിനെയും 12 കിലോമീറ്റര്‍ ചുറ്റളവിലും 10 കിലോമീറ്റര്‍ താഴ്ചയിലും റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂകമ്പങ്ങളെയും പ്രതിരോധിക്കുന്ന തരത്തിലാണ് പ്രതിമയുടെ നിര്‍മാണം. അത്തരം കാസ്റ്റിംഗിന് ആവശ്യമായ സൗകര്യങ്ങള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ ചൈനയില്‍ നിന്ന് കടല്‍ മാര്‍ഗം കൊണ്ടുവന്ന വെങ്കല പാനലുകളാണ് പ്രതിമയില്‍ പതിപ്പിച്ചിട്ടുള്ളത്. 

58 മീറ്റര്‍ അടിത്തറയും 182 മീറ്റര്‍ വലിപ്പമുള്ള പ്രതിമയും അടക്കം ആകെ ഈ ഘടനയുടെ ഉയരം 240 മീറ്ററാണ് (790 അടി). ഗുജറാത്തിലെ നിയമസഭാസീറ്റുകളുടെ എണ്ണമായതിനാലാണ് 182 എന്ന സംഖ്യ ഉയരം വരണമെന്ന് നിഷ്‌കര്‍ഷിച്ചത്.  

placeholder
പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന നരേന്ദ്ര മോദി/ കടപ്പാട്-PTI

എതിര്‍പ്പുകള്‍- പ്രതിമയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെ തട്‌വി ഗോത്രവിഭാഗക്കാര്‍ എതിര്‍ത്തിരുന്നു. പ്രതിമ അനാച്ഛാദന ചടങ്ങിന് മുന്നോടിയായി ഏതാണ്ട് മുന്നൂറോളം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. കെവാഡിയ, കോത്തി, വഘോഡിയ, ലിംബ്ഡി, നവഗാം, ഗോറ എന്നീ ഗ്രാമങ്ങളിലെ ജനങ്ങളും പ്രതിമാനിര്‍മ്മാണത്തെ എതിര്‍ക്കുകയും അണക്കെട്ടിനായി നേരത്തെ ഏറ്റെടുത്ത 375 ഹെക്ടര്‍ ഭൂമിയുടെ അവകാശം തിരികെനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുതുതായി ഒരു ഗരുഡേശ്വര്വര്‍ ഉപജില്ല രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവരുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെയ്തത്.  

നര്‍മ്മദാ അണക്കെട്ടില്‍ നിന്ന് 3.2 കിലോമീറ്റര്‍ അകലെ ഒരു നദി ദ്വീപിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 2 ഹെക്ടറിലധികം ഭൂമിയില്‍, നര്‍മ്മദാ നദിയില്‍ പണിത 12 കിലോമീറ്റര്‍ നീളമുള്ള കൃത്രിമ തടാകത്തിന് നടുവിലാണ് പ്രതിമയുള്ളത്. ഉദ്ഘാടനം കഴിഞ്ഞ് ഇതേവരെ 1.5 മില്യണിലധികം സന്ദര്‍ശകര്‍ പ്രതിമ കാണാനെത്തിയെന്നാണ് കണക്കുകള്‍.