1935-ല്‍ ഈജിപ്തിലെ ലക്‌സറിനു സമീപത്തുനിന്ന് ആ സ്ത്രീയുടെ മമ്മി കണ്ടെടുത്തതുമുതല്‍ ദുരൂഹതയായിരുന്നു. നിലവിളിക്കുന്ന മുഖഭാവം, തുറന്ന വായ, കേടുപാടുകളൊന്നും സംഭവിക്കാത്ത മൃതശരീരം. പലകാലങ്ങളിലായി പുറത്തെടുത്ത മമ്മികളില്‍ വളരെ വിരളമായവയേ വാ തുറന്ന നിലയിലുണ്ടായിരുന്നുള്ളൂ. അതുതന്നെയാണ് സ്ത്രീയുടെ മമ്മിയില്‍ ദുരൂഹത നിറച്ചതും.
പുരാതനഈജിപ്റ്റില്‍ മൃതദേഹങ്ങള്‍ ഏറ്റവും മനോഹരമായിട്ടാണ് ശുശ്രൂഷിച്ച് മമ്മികളാക്കിയിരുന്നത്. മരണാനന്തരജീവിതത്തിലും സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു ഇത്. താടിയെല്ല് തലയോടു ചേര്‍ത്തുകെട്ടി മൃതദേഹങ്ങളുടെ വായ അടച്ചുവെച്ചിരിക്കും. എന്നാല്‍ ഈ സ്ത്രീയുടെ വായ തുറന്നുപോയതെങ്ങനെയെന്ന ചോദ്യം അവശേഷിച്ചു.
ഇപ്പോഴിതാ കെയ്‌റോ സര്‍വകലാശാലയിലെ റേഡിയോളജി പ്രൊഫസര്‍ സഹര്‍ സലീം നടത്തിയ പഠനത്തില്‍ ഇതിനൊരു കാരണം കണ്ടെത്തിയിരിക്കുകയാണ്. വിലയേറിയ അലങ്കാരങ്ങളും മറ്റു വസ്തുക്കളുമാണ് ഇവിടെ എംബാമിങ്ങിനുപയോഗിച്ചത്. രണ്ട് സ്വര്‍ണമോതിരങ്ങള്‍, ഒരു വെള്ളിമോതിരം, പനനാരിലുണ്ടാക്കിയ നീളന്‍ മുടിയുടെ വിഗ് തുടങ്ങിയവ കാണുമ്പോള്‍ അലസമായി ഒരുക്കിയ മമ്മിയല്ല ഇതെന്നു വ്യക്തം. ശുശ്രൂഷകര്‍ അലസമായി വായ്ഭാഗം അവഗണിച്ചതാവാനും വഴിയില്ല.
മരണസമയത്ത് ഏകദേശം 48 വയസ്സ് പ്രായമുള്ള സ്ത്രീയായിരിക്കാം ഇതെന്നാണ് കണക്കുകൂട്ടല്‍. വേദനകൊണ്ട് നിലവിളിക്കുന്ന വേളയിലാവാം മരണം. മരണസമയത്ത് സംഭവിക്കുന്ന കഡാവെറിക് സ്പാസം എന്ന അപൂര്‍വമായ പേശി ദൃഢതയാവാം വാ തുറന്നുപോവാന്‍ കാരണം. കഠിനമായ ശാരീരിക, വൈകാരിക പ്രവര്‍ത്തിക്കിടെയാണ് ഇത് സംഭവിക്കുന്നത്. മരണശേഷം വായ്ഭാഗം ശുശ്രൂഷകര്‍ക്ക് കൂട്ടിയോജിപ്പിക്കാന്‍ സാധിക്കാതെ പോയതാവാം. നട്ടെല്ലിനെ ബാധിച്ച വാതരോഗവുമായാണ് ഇവര്‍ ജീവിച്ചിരുന്നതെന്നും പല്ലുകള്‍ നഷ്ടപ്പെട്ടിരിക്കാമെന്നും പഠനത്തില്‍ കണ്ടെത്തി. സി.ടി. സ്‌കാനുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് പഠനം നടത്തിയത്.
പുരാതന ഈജിപ്തിലെ പുതിയ രാജവംശക്കാലത്ത് ജീവിച്ച സ്ത്രീയാണിത്. അതായത് ഏകദേശം 3500 വര്‍ഷങ്ങള്‍ക്കു മുമ്പ്. രാജ്യത്തിന്റെ പുറത്തുനിന്ന് കൊണ്ടുവന്ന ജൂനിപെര്‍ ഓയിലും മറ്റും ഉപയോഗിച്ചാണ് മമ്മി തയ്യാറാക്കിയത്. സാധാരണമമ്മികളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീയുടെ ഹൃദയമൊഴികെയുള്ള ആന്തരികാവയവങ്ങളൊന്നും നീക്കംചെയ്തിരുന്നില്ല.
രാജകൊട്ടാരത്തിലെ ഉന്നസേവകനായിരുന്ന സെന്‍മുതിന്റെ കുടുംബ കല്ലറയില്‍ നിന്നാണ് മരത്തില്‍ തീര്‍ത്ത പെട്ടിക്കുള്ളില്‍ മൃതശരീരം കണ്ടെത്തിയത്. സ്ത്രീയെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ആഭരണങ്ങളും മറ്റും അവര്‍ ഉന്നതകുടുംബത്തിലേതു തന്നെയെന്ന് വ്യക്തമാക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Content Highlights: scientists reveal new details about screaming egyptian mummy’s life
Published: 03 Aug 2024, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented