അക്‌സ്, ആരക്ഷൻ, സത്യാഗ്രഹ, സർക്കാർ 3 എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് അമിതാഭ് ബച്ചനും മനോജ് ബാജ്‌പേയ്‌യും. 2017-ൽ പുറത്തിറങ്ങിയ സർക്കാർ 3-യിലാണ് അവർ അവസാനമായി ഒരുമിച്ചഭിനയിച്ചത്. കോൻ ബനേഗാ ക്രോർപതിയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ മനോജ് ബാജ്പേയ് അതിഥിയായി എത്തിയിരുന്നു.

പരിപാടിയിൽ ബച്ചനുമായുള്ള ബന്ധത്തെക്കുറിച്ചും മനോജ് സംസാരിക്കുന്നുണ്ട്. അതിന്റെ പ്രൊമോ ഇപ്പോൾ വൈറലാവുകയാണ്. ബച്ചനെ ആദ്യമായി കണ്ടപ്പോഴുള്ള രസകരമായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. 28 വർഷങ്ങൾക്കുമുമ്പുള്ള ആ ഓർമയിലൂടെ മനോജ് വീണ്ടും കടന്നുപോയി.

ബച്ചന്റെ വലിയ ആരാധകനായിരുന്നു ചെറുപ്പംമുതലേ മനോജ്. അദ്ദേഹത്തെ നേരിട്ടുകാണുകയെന്നത് ഏറ്റവും വലിയ സ്വപ്‌നവും. അങ്ങനെയിരിക്കെയാണ് കാണാനുള്ള അവസരം കിട്ടുന്നത്. രാംഗോപാൽ വർമയുടെ, മനോജ് അഭിനയിച്ച 'സത്യ' എന്ന സിനിമയുടെ വിജയാഘോഷങ്ങളും സ്‌ക്രീനിങ്ങും നടക്കുകയാണ്. ബച്ചനും കുടുംബവും അന്ന് സിനിമ കാണാനെത്തി. ആ സമയത്ത് മനോജും ആർ.ജി.വി.യും കാറിലിരുന്ന് നന്നായി മദ്യപിച്ചു.

അതിനിടയിൽ ആർ.ജി.വി തിയേറ്ററിനുള്ളിലേക്ക് പോയി. കൂടെ വരാൻ മനോജിനെയും നിർബന്ധിച്ചു. പക്ഷേ മദ്യപിച്ചതുകൊണ്ട് ഇല്ലെന്ന് മനോജ് വാശിപിടിച്ചു, കാറിൽ തന്നെയിരുന്നു. ഒടുവിൽ സുഹൃത്തുക്കൾ ചേർന്ന് മനോജിനെ കാറിൽനിന്ന് പുറത്തിറക്കി. ബച്ചന്റെ മുന്നിൽ പോയി നിൽക്കേണ്ടിവരുമെന്ന് ഉറപ്പായി. അതോടെ മനോജ് അവിടെയുള്ള ശുചിമുറിയിൽ കയറി ഒളിച്ചു. കുറേനേരം അവിടിരുന്നശേഷം ബച്ചൻ പോയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിൽ പുറത്തിറങ്ങി. അപ്പോഴും ബിഗ് ബി അവിടെത്തന്നെയുണ്ടായിരുന്നു. ''ഞാൻ ഓടുന്നത് അമിത് ജി കണ്ടിരുന്നു. അതുകൊണ്ട് അദ്ദേഹം കാത്തുനിന്നു. നേരെ അദ്ദേഹത്തിന്റെ മുന്നിൽ തന്നെയാണ് എത്തിയത്. അദ്ദേഹത്തിന്റെ നെഞ്ച് വരെയേ എനിക്ക് ഉയരമുള്ളൂ. മുഖത്തേക്ക് നോക്കാൻ പേടിയായിരുന്നു എനിക്ക്. ആകെ ഞെട്ടലും ഭയവുമൊക്കെയായിരുന്നു. അഞ്ചാം ക്ലാസ് മുതൽ ഞാൻ ആരാധിക്കുന്നയാൾ. ദൈവം മുന്നിൽ പ്രത്യക്ഷപ്പെട്ടതുപോലെയാണ് തോന്നിയത്. ഒരുവാക്കു പോലും മിണ്ടാൻ കഴിഞ്ഞില്ല. അദ്ദേഹം എന്റെ കൈകൾ ചേർത്തുപിടിച്ച് എന്തൊക്കെയോ സംസാരിച്ചു. പക്ഷേ ഞാനപ്പോഴും വിശ്വസിക്കാൻ കഴിയാത്തതുപോലെ നിന്നു. ഒടുവിൽ കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചു. അദ്ദേഹം സന്തോഷത്തോടെ കെട്ടിപ്പിടിച്ചു'', മനോജ് പറയുന്നു.

നാല് തവണ ദേശീയപുരസ്‌കാരം നേടിയ മനോജിന്റെ കരിയറിലെ വഴിത്തിരിവായ ചിത്രമാണ് 'സത്യ'. 'ഇൻസ്‌പെക്ടർ സെൻഡെ', 'ഡെസ്പാച്ച്' എന്നിവയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകൾ. 'പോലീസ് സ്‌റ്റേഷൻ മേം ഭൂത്' എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi