1919, ഏപ്രില്‍ 13. സിഖുകാരുടെ കാര്‍ഷികോത്സവമായ ബൈശാഖി ആഘോഷങ്ങള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായുള്ള ചന്തകളും മറ്റും നടക്കുന്നത് പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയന്‍വാലാ ബാഗ് മൈതാനത്താണ്. ഏക്കറുകളോളം വിസ്തൃതിയാണിതിനുള്ളത്.
സാധാരണയായി യോഗങ്ങളും മറ്റും നടക്കുന്നതും ഇവിടെത്തന്നെ. വൈകുന്നേരങ്ങളില്‍ ആളുകള്‍ ചിലപ്പോഴൊക്കെ വെറുതെ വന്നിരിക്കാറുമുണ്ട്. സുവര്‍ണക്ഷേത്രത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണിത്. അതിനുചുറ്റും നിറയെ കെട്ടിടങ്ങളാണ്. ഈ മൈതാനത്തെ അവയുമായി വേര്‍തിരിക്കുന്നത് വലിയ മതില്‍ക്കെട്ടുകളും. ഉള്ളിലേക്ക് കടക്കാന്‍ ആകെയുള്ളത് ചെറിയൊരു കവാടം മാത്രമാണ്. മൈതാനത്തിനു നടുവിലൊരു കിണറും.
കലാപം നടക്കുമെന്ന് ചെറിയ സൂചനകളുണ്ടായിരുന്നതിനാല്‍, പഞ്ചാബില്‍ പൊതുക്കൂട്ടായ്മകള്‍ നിരോധിച്ചിരിക്കുകയായിരുന്നു ആ സമയത്ത്. അത് നടപ്പിലാക്കാനുള്ള ചുമതല ബ്രിഗേഡിയര്‍ ജനറല്‍ ആര്‍. ഇ. എച്ച്. ഡയര്‍ എന്ന സൈനിക ഉദ്യോഗസ്ഥനും.

ബൈശാഖി ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകളും കുട്ടികളുമടക്കം കുറേയാളുകളുണ്ട് ജാലിയന്‍വാലാ ബാഗില്‍. അതിനൊപ്പം സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചവരും നേരെ അവിടേക്കാണെത്തിയത്. അതിനിടയിലേക്കാണ് സമാധാനപരമായ പ്രതിഷേധത്തിനായി ഒരു കൂട്ടം ആളുകള്‍ വരുന്നത്. റൗലത്ത് ആക്ടിനെതിരെയുള്ള പ്രതിഷേധത്തിനിടെ ചില നേതാക്കള്‍ അറസ്റ്റിലായിരുന്നു. അവരെ വിട്ടയക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
അതോടെ മൈതാനം ഏകദേശം തിങ്ങിനിറഞ്ഞതുപോലെയായി. എങ്കിലും എല്ലാം സമാധാനപരം. എന്നാല്‍, അവിടുന്നങ്ങോട്ട് കഥ മാറുകയായിരുന്നു. ജനറല്‍ ഡയര്‍ സൈന്യവുമായി എത്തി, മൈതാനത്തിലെ കവാടം അടച്ചുപൂട്ടി. അതോടെ ആളുകളെല്ലാം അവിടെ കുടുങ്ങി, ഉത്സവത്തിനുവന്നവരും ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയവരുമുള്‍പ്പെടെ. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനുമുമ്പ് ബ്രിട്ടീഷ് സൈന്യം ആളുകള്‍ക്കുനേരെ വെടിവെപ്പ് തുടങ്ങി.
അവിടെ കൂട്ടനിലവിളിയുണര്‍ന്നു. അങ്ങോട്ടോ ഇങ്ങോട്ടോ മാറാന്‍ പോലും പറ്റാതെ, നിരപരാധികള്‍ ആ മണ്ണില്‍ പിടഞ്ഞുവീണു. തിക്കിലും തിരക്കിലും പെട്ട് പലരും നിലത്തുവീണു. ചിലയാളുകള്‍ വീണത് നേരെ കിണറ്റിലേക്കാണ്. തുടര്‍ച്ചയായി പത്തുമിനിറ്റോളം നീണ്ടുനിന്ന വെടിവെപ്പിനുശേഷം ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങുമ്പോഴേക്കും, ജാലിയന്‍വാലാ ബാഗ് ഒരു ചോരക്കളമായി മാറിയിരുന്നു. പരിക്ക് പറ്റിയവര്‍ വേദനസഹിച്ച് ഏറെനേരം കിടന്നാണ് മരണത്തിന് കീഴടങ്ങിയത്.
കിണറ്റില്‍നിന്നു മാത്രം നൂറിലേറെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 379 പേരിച്ചെന്നാണ് ഔദ്യോഗികകണക്ക്. അനൗദ്യോഗിക കണക്കുകള്‍ പറയുന്നത് 1500-ലേറെ പേര്‍ മരിച്ചുവെന്നാണ്. അത്ര തന്നെ പേര്‍ക്ക് പരിക്കേറ്റുവെന്നും.

ഈ സംഭവത്തിന്റെ പേരില്‍ ജനറല്‍ ഡയര്‍ പിന്നീട് വിമര്‍ശിക്കപ്പെട്ടു, പട്ടാളത്തില്‍ നിന്ന് അയാളെ പുറത്താക്കുകയും ചെയ്തു. എങ്കിലും ജന്‍മനാട്ടില്‍ അയാള്‍ക്ക് വലിയ സ്വീകരണമാണ് കിട്ടിയത്. സംഭവത്തെക്കുറിച്ച് ഒരു കമ്മീഷന്‍ അന്വേഷിച്ചെങ്കിലും, ഡയറിന് ശിക്ഷയൊന്നും ശുപാര്‍ശ ചെയ്തില്ല.
കൂട്ടക്കൊലയുടെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് 2019-ലാണ് അഗാധമായ ഖേദം പ്രകടിപ്പിക്കുന്നത്. അപ്പോഴും മാപ്പുപറയാന്‍ തയ്യാറായില്ല. ജാലിയന്‍വാലാ ബാഗ് ഇന്നൊരു സ്മൃതികുടീരമാണ്. പഞ്ചാബിലെത്തുന്നവരാരും ജാലിയന്‍വാലാ ബാഗ് സന്ദര്‍ശിക്കാതെ പോവാറില്ല.
Content Highlights: remembering those who lost lives at jalianwala bagh
Published: 13 Apr 2024, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented