ആഡംബരപൂർണ്ണമായ വിവാഹത്തിന് ശേഷം, രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും മടക്കയാത്രയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഉദയപൂരിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിൽ, ഇക്കണോമി ക്ലാസാണ് ദമ്പതികൾ തിരഞ്ഞെടുത്തത്. ഉദയപൂരിൽ  ഫെബ്രുവരി 26-നായിരുന്നു ഇവരുടെ വിവാഹം. തെലുങ്ക് ആചാരപ്രകാരവും കൊടവ രീതിയിലുമായിരുന്നു ചടങ്ങുകൾ. വിവാഹത്തിന് ഒരു ദിവസത്തിന് ശേഷം ദമ്പതികൾ ഉദയപൂർ വിമാനത്താവളത്തിൽ ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ, അവരുടെ മേക്കപ്പ് ആർട്ടിസ്റ്റായ ഭവ്യ ജെത്വാനി പങ്കുവെച്ച വീഡിയോയിൽ ഇരുവരും ഒരു കൊമേഴ്‌സ്യൽ വിമാനത്തിൽ കയറുന്നതായി കാണാം.

To advertise here,

വീഡിയോയിൽ വിജയ് വിമാനത്തിലെ ജീവനക്കാരുമായി സംസാരിക്കുന്നത് കാണാം, രശ്മികയാകട്ടെ ഒരു പുത്തൻ വധുവിന്റെ നാണത്തോടും സന്തോഷത്തോടും കൂടി ചിരിച്ചുകൊണ്ടാണ് ഇരിക്കുന്നത്. തന്നെ നോക്കി ആർപ്പുവിളിച്ച യാത്രക്കാർക്ക് നേരെ അവർ കൈവീശുന്നതും വീഡിയോയിലുണ്ട്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വലിയ ചർച്ചയായിക്കഴിഞ്ഞു. ‘വിജയ് ദേവരകൊണ്ടയുടെ ഓറ (Aura) മറ്റൊരു തലത്തിലാണ്,’ ‘അദ്ദേഹം അവൾക്ക് വിൻഡോ സീറ്റ് നൽകി! ഒരു യഥാർത്ഥ ഗ്രീൻ ഫ്ലാഗ്,’ ‘എന്താണെന്നറിയില്ല, ഇവരെ ഓർത്ത് എനിക്ക് വലിയ സന്തോഷം തോന്നുന്നു,’ എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകൾ.

രാവിലെ വിജയുടെ പാരമ്പര്യ ആചാരപ്രകാരമുള്ള തെലുങ്ക് വിവാഹവും, വൈകുന്നേരം രശ്മികയുടെ കൊടവ ആചാരപ്രകാരമുള്ള വിവാഹവുമാണ് നടന്നത്. വിവാഹത്തെക്കുറിച്ചുള്ള വാർത്തകളോട് ആദ്യം മൗനം പാലിച്ചിരുന്നെങ്കിലും, ഫെബ്രുവരി 23 മുതൽ പ്രീ-വെഡിങ് ആഘോഷങ്ങളുടെ ദൃശ്യങ്ങൾ, സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിഥികൾക്കായി ഒരുക്കിയ ജാപ്പനീസ് ഡിന്നർ, പൂൾ വോളിബോൾ, ഫെബ്രുവരി 23, 24 തീയതികളിൽ നടന്ന "വിറോഷ് പ്രീമിയർ ലീഗ്" (VIROSH Premiere League) എന്ന സൗഹൃദ ക്രിക്കറ്റ് മത്സരം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.

ഫെബ്രുവരി 25-ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തകൊണ്ടായിരുന്നു ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകൾ നടന്നത്. സംവിധായകനും നടനുമായ തരുൺ ഭാസ്‌കർ, സംവിധായകനും നടനുമായ രാഹുൽ രവീന്ദ്രൻ, നടിമാരായ ഈഷ റെബ്ബ, ആഷിക രംഗനാഥ്, സ്റ്റൈലിസ്റ്റ് ശ്രവ്യ വർമ്മ, സന്ദീപ് റെഡ്ഡി വംഗ, കല്യാണി പ്രിയദർശൻ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi