ബോളിവുഡ് സിനിമകളുടെ നിർമ്മാണച്ചെലവിനെപ്പോലും മറികടക്കുന്ന, ഒരു തീപ്പൊരി ആക്ഷൻ പരസ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അറ്റ്ലീ. ഒറ്റനോട്ടത്തിൽ ആക്ഷൻ ചിത്രമെന്നേ തോന്നൂ. ഏജന്റ് ചിങ് അറ്റാക്ക് എന്നു പേരിട്ടിരിക്കുന്ന പരസ്യത്തിൽ രൺവീർ സിങ് ആണ് പ്രധാനവേഷത്തിലെത്തുന്നത്. ശ്രീലീല നായികയായും ബോബി ഡിയോൾ ദുഷ്ടനായ ഒരു പ്രൊഫസറായും എത്തുന്നു. 150 കോടി രൂപയാണിതിന്റെ ബജറ്റ്.

To advertise here,

രൺവീർ സിങ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരസ്യത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടതും ആരാധകർ അക്ഷരാർഥത്തിൽ അമ്പരന്നു. ഇത് പുതിയ സിനിമയാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. പരസ്യമാണെന്ന് ഉൾക്കൊള്ളാൻ സമയംപോലും വേണ്ടിവന്നു. രൺവീറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ധുരന്ധറിന്റെ ട്രെയ്ലറാണിതെന്നും പലരും തെറ്റിദ്ധരിച്ചു. ഇത്രയും ക്രിയേറ്റീവായി പരസ്യം ചെയ്തതിനെ പുകഴ്ത്തി ഒരുപാടുപേർ രംഗത്തെത്തിയിട്ടുണ്ട്.

ഫുഡ് ബ്രാൻഡായ ചിങ്സ് സീക്രട്ടിനു (ചിങ്സ് ദേശി ചൈനീസ്) വേണ്ടിയുള്ളതാണ് പരസ്യം. അറ്റ്‌ലീയുടെ ഹിറ്റ് ചിത്രമായ 'ജവാൻ' ശൈലിയിലാണിതൊരുക്കിയത്. രൺവീർ ഒരു സ്പൈ ഏജന്റായിട്ടാണ് അഭിനയിക്കുന്നത്. ഞായറാഴ്ച പരസ്യത്തിന്റെ പൂർണരൂപം റിലീസ് ചെയ്യും. പ്രശസ്ത താരങ്ങളെ അണിനിരത്തി, വൻബജറ്റിൽ ഇതുവരെ നിർമിച്ച ഏറ്റവും വലിയ പരസ്യ പ്രചാരണങ്ങളിലൊന്നാണിത്.

ഇക്കൊല്ലത്തെ പ്രധാന ബോളിവുഡ് ചിത്രങ്ങളുടെയെല്ലാം നിർമാണച്ചെലവിനെ ഇത് മറികടന്നു. വിക്കി കൗശലിന്റെ 'ഛാവ' എന്ന ചിത്രം 130 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചത്. റെയ്ഡ് -2 -120 കോടി രൂപ, സ്ത്രീ 2-60 കോടി രൂപ, സയ്യാര-45 കോടി രൂപ എന്നിങ്ങനെയാണ് മറ്റു സിനിമകളുടെ ചെലവ്.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിം ഉൾപ്പെടെ, ചിങ്സ് ദേശി ചൈനീസിന്റെ നിരവധി പരസ്യങ്ങളിൽ രൺവീർ സിങ് മുമ്പ് അഭിനയിച്ചിട്ടുണ്ട്. തമന്ന ഭാട്ടിയയ്‌ക്കൊപ്പം ഒരു ഇൻസ്റ്റന്റ് നൂഡിൽസ് പരസ്യത്തിലും അദ്ദേഹമെത്തിയിരുന്നു. അതേസമയം, ആദിത്യ ധർ സംവിധാനം ചെയ്യുന്ന 'ധുരന്ധർ' എന്ന ചിത്രത്തിലും രൺവീർ സീക്രട്ട് ഏജന്റിന്റെ വേഷത്തിലാണെത്തുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi