പാൻ മസാല ബ്രാൻഡിന്റെ പരസ്യവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കോട്ട ഉപഭോക്തൃ കോടതി ബോളിവുഡ് താരം സൽമാൻ ഖാന് നോട്ടീസയച്ചു. ഉൽപ്പന്നത്തിലെ ചേരുവകളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചെന്നുകാട്ടിയുള്ള പരാതിയിലാണ് നടപടി.
മുതിർന്ന ബിജെപി നേതാവും രാജസ്ഥാൻ ഹൈക്കോടതിയിലെ അഭിഭാഷകനുമായ ഇന്ദർ മോഹൻ സിങ് ഹണിയാണ് പരാതിക്കാരൻ. ബ്രാൻഡിന്റെ പരസ്യങ്ങളിൽ ഉൽപ്പന്നങ്ങളെ 'കുങ്കുമം ചേർത്ത ഏലയ്ക്ക' എന്നും 'കുങ്കുമം ചേർത്ത പാൻ മസാല' എന്നും വിശേഷിപ്പിക്കുന്നുണ്ട്. ഇത് സത്യമല്ലെന്നും വഞ്ചനയാണെന്നും പരാതിയിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കുങ്കുമപ്പൂ, കിലോഗ്രാമിന് ഏകദേശം നാലുലക്ഷം രൂപ വിലവരും. ഈ കുങ്കുമപ്പൂവ് വെറും അഞ്ചുരൂപയുടെ പാൻ മസാല പാക്കറ്റിൽ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് ഹർജിക്കാരൻ ചോദിക്കുന്നു. ഈ വിവരണം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്, വ്യാജ പരസ്യത്തിന് തുല്യമാണിതെന്നും അദ്ദേഹം വാദിച്ചു. പരാതിയിൽ നടപടിയെടുത്ത കോട്ട ഉപഭോക്തൃ കോടതി, സൽമാൻ ഖാനും രാജ്ശ്രീ ഉൽപ്പന്നങ്ങളുടെ നിർമാതാക്കൾക്കും നോട്ടീസയച്ചു. നവംബർ 27-നകം മറുപടി നൽകാനാണ് നിർദേശം.
സെലിബ്രിറ്റി പരസ്യങ്ങൾക്ക് യുവതലമുറയെ സ്വാധീനിക്കാനാവുമെന്നും ഇഷ്ടതാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാൽ അവർ ഇത്തരം ഉത്പന്നങ്ങളിലേക്ക് ആകർഷിക്കപ്പെട്ടേക്കുമെന്നും ഹർജിക്കാരൻ ആശങ്ക പ്രകടിപ്പിച്ചു. വായിലെ കാൻസർ, ലഹരിക്ക് അടിമപ്പെടൽ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പാൻ മസാലയും സമാന ഉത്പന്നങ്ങളും പണ്ടേ വിമർശനം നേരിടുന്നവയാണ്.
രാജ്ശ്രീ പാൻ മസാല നിർമിക്കുന്ന അതേ കമ്പനിയുടെ ഏലയ്ക്ക ഉൽപ്പന്നമായ രാജ്ശ്രീ ഏലാച്ചിയുടെ പരസ്യങ്ങളിൽ സൽമാൻ ഖാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം പാൻ മസാലയെ നേരിട്ട് പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, രണ്ട് ഉൽപന്നങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇത് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു.
വർഷങ്ങളായി, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെ ഒട്ടേറെ താരങ്ങൾ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചതിന് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് സെലിബ്രിറ്റികൾ മാറിനിൽക്കണമെന്ന ആവശ്യവും ശക്തമാണ്. നവംബർ 27-ന് ഉപഭോക്തൃ കോടതി കേസ് വീണ്ടും പരിഗണിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Salman Khan receives legal notice from Kota Consumer Court over `misleading` pan masala advertisements and `saffron-infused` claims. Learn more about the case.
Published: 05 Nov 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented