കടുവയുടെ രോമത്തിൽ കാണുന്ന വരകൾക്ക് ഒരു പ്രത്യേകതയുണ്ട്, രോമത്തിലെ പാറ്റേണുകൾ അതേപടി അവയുടെ ശരീരത്തിലും കാണാം. എന്നാൽ എല്ലാ മൃഗങ്ങളുടെയും ശരീരം അങ്ങനെയല്ല, പ്രത്യേകിച്ച് ഹിമക്കരടികളുടെ കാര്യത്തിൽ. ഹിമക്കരടിയുടെ രോമത്തിന് വെളുത്ത നിറമാണെന്നാണ് നമുക്ക് തോന്നുന്നതെങ്കിലും യഥാർഥത്തിൽ അതിന് നിറമില്ല. അതിന്റെ രോമങ്ങൾ സുതാര്യമാണ്, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന രീതി കാരണം കാഴ്ചയിൽ നമുക്ക് വെളുത്തതായി തോന്നുന്നതാണ്.

സുതാര്യമായ രോമക്കുപ്പായത്തിനടിയിൽ ഹിമക്കരടികളുടെ ചർമത്തിന് കറുപ്പുനിറമാണ്. ജനിക്കുമ്പോൾ പിങ്ക് നിറമുള്ള ചർമം പിന്നീട് ഘട്ടംഘട്ടമായി കറുപ്പായി മാറും. മഞ്ഞിൽ ജീവിക്കാൻ ഈ കറുത്ത ചർമം ഹിമക്കരടികൾക്ക് അനിവാര്യമാണു താനും. ഇരുണ്ട നിറങ്ങൾക്ക് സൂര്യനിൽ നിന്നുള്ള ചൂടും പ്രകാശവും വലിച്ചെടുക്കാൻ കൂടുതൽ കഴിവുണ്ട്.

 ആർട്ടിക് പ്രദേശത്തെ കൊടും തണുപ്പിൽ ശരീരത്തിൽ ചൂടു നിലനിർത്താനും സൂര്യപ്രകാശം ലഭിക്കാനും കറുത്തനിറം ധ്രുവക്കരടിയെ സഹായിക്കുന്നു. സുതാര്യമായ രോമങ്ങൾ സൂര്യപ്രകാശം പൂർണമായും ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും സഹായിക്കുന്നു. മറ്റൊരു ഗുണമിതാണ്.

കറുത്ത തൊലിനിറം സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് കരടിയെ സംരക്ഷിക്കും. ഇരുണ്ട ചർമം (മെലാനിൻ എന്ന കറുത്ത വർണ്ണവസ്തു ഉയർന്ന അളവിലുള്ള ചർമം) അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് മികച്ച സംരക്ഷണം നൽകുമെന്ന് പഠനങ്ങളിൽ തെളിയിച്ചതാണ്. മനുഷ്യർ മുതൽ നീലത്തിമിംഗിലങ്ങൾ വരെയുള്ള പലതരം ജീവികൾക്ക് ഇത് ബാധകമാണ്.

അതേസമയം, ധ്രുവക്കരടികളുടെ വേട്ടയാടലിനും ഒരു പ്രത്യേകതയുണ്ട്. ജീവിതത്തിൽ പകുതി സമയവും വേട്ടയാടാൻ വേണ്ടിയാണ് അവ ചെലവഴിക്കുന്നത്, പക്ഷേ രണ്ടുശതമാനത്തിൽ താഴെ വേട്ടകൾ മാത്രമേ വിജയിക്കാറുള്ളൂ എന്നുമാത്രം. ഏകദേശം പത്തു പുരുഷൻമാരോളം (800kg) ഭാരം വെക്കുന്ന ഹിമക്കരടികളുടെ കുഞ്ഞിന് ജനിക്കുമ്പോൾ പരമാവധി 700 ഗ്രാം മാത്രമേ ഭാരമുണ്ടാകൂ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi