മനുഷ്യർ എല്ലുകളോടുകൂടിയാണ് ജനിച്ചിരിക്കുന്നത്. എന്നാൽ എല്ലാ മൃഗങ്ങൾക്കും എല്ലുകളുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ചില ജീവികൾ എല്ലുകളില്ലാതെയാണ് പരിണമിച്ചിരിക്കുന്നത്. നിലനിൽപ്പിനായി മറ്റ് ഘടനകളെയാണ് അവ ആശ്രയിക്കുന്നത്. ജെല്ലിഫിഷ്, നീരാളി, വിരകൾ തുടങ്ങിയ നട്ടെല്ലില്ലാത്ത ജീവികൾ അതിശയകരമായ അതിജീവനരീതികളും അപ്രതീക്ഷിത ശക്തിയും പ്രകടിപ്പിക്കുന്നവയാണ്. ഒരു കണവയുടെ ഒഴുക്കുള്ള ചലനങ്ങളുടെ ഭംഗി മുതൽ ഒരു പവിഴപ്പുറ്റിന്റെ സങ്കീർണ്ണമായ രൂപങ്ങൾ വരെ അവയിൽപ്പെടുന്നു. എല്ലുകളില്ലാതെ ജീവിക്കുന്ന ചില സുപരിചിതമായ ജീവികളെ പരിചയപ്പെടാം.

ജെല്ലിഫിഷ്
സമുദ്രത്തിലൂടെ സ്വതന്ത്രമായി ഒഴുകിനടക്കുന്ന, സുതാര്യമായ, ജലാറ്റിൻ പോലെ ശരീരഘടനയുള്ള കടൽ ജീവികളാണ് ജെല്ലിഫിഷുകൾ. ശരീരം ഭൂരിഭാഗവും വെള്ളമായ അവയ്ക്ക് എല്ലുകളോ തലച്ചോറോ ഹൃദയമോ ഇല്ല. മണി പോലെയുള്ള ശരീരവും പിന്നിലേക്ക് നീണ്ടുകിടക്കുന്ന ടെന്റക്കിളുകളും ഉണ്ട്. ചെറിയ കടൽജീവികളെ പിടിക്കാൻ അവ ഈ ടെന്റക്കിളുകൾ ഉപയോഗിക്കുന്നു. നട്ടെല്ലില്ലാത്ത ഇവ, ഘടനയ്ക്കും ചലനത്തിനും ഹൈഡ്രോസ്റ്റാറ്റിക് സ്‌കെലിറ്റൺ (ദ്രാവകം നിറഞ്ഞ അറ) ഉപയോഗിക്കുന്നു. അവ പതുക്കെ സ്പന്ദിച്ചാണ് നീന്തുന്നത്. ഇത്രയും ലളിതമായിട്ടും, ജെല്ലിഫിഷുകൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്നു. ഇരപിടിക്കാനും പ്രതിരോധിക്കാനും സഹായിക്കുന്ന നിഡോസൈറ്റുകൾ എന്ന കുത്തുന്ന കോശങ്ങൾ ഇവയ്ക്കുണ്ട്. പലതും ബയോലുമിനെസെന്റ് ആണ്. ഇരകളെ ആകർഷിക്കാനും ശത്രുക്കളെ അകറ്റാനും ഇവ ഇരുട്ടിൽ പ്രകാശിക്കുന്നു.

നീരാളി
മൃദുവായ ശരീരമാണ് നീരാളികൾക്ക്. വഴക്കമുള്ള ശരീരമായതിനാൽ വളയാനും തിരിയാനും ചെറിയ വിടവുകളിലൂടെ ഞെരുങ്ങിപ്പോകാനും എളുപ്പമാണ്‌.  നീരാളികൾ അവയുടെ ബുദ്ധിശക്തിക്കും പ്രശ്‌നപരിഹാര ശേഷിക്കും പേരുകേട്ടവയാണ്. നിറം മാറുന്ന ചർമ്മത്തിലൂടെ ആൾമാറാട്ടം നടത്താനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ മഷി പുറത്തുവിടാനും ഇവയ്ക്ക് സാധിക്കും. ഇത് അവയെ കടലിലെ ഏറ്റവും കൗതുകകരമായ ജീവികളിലൊന്നാക്കി മാറ്റുന്നു. പവിഴപ്പുറ്റുകൾ മുതൽ ആഴക്കടലിന്റെ അടിത്തട്ടുവരെയുള്ള സമുദ്ര പരിതസ്ഥിതികളിലാണ് ഇവ കാണപ്പെടുന്നത്.

കടൽ വെള്ളരി
കടൽ വെള്ളരി കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന, മൃദുവുമായതും സിലിണ്ടർ ആകൃതിയുള്ളതും തുകൽ പോലുള്ള ചർമ്മത്തോടുകൂടിയതുമായ കടൽ ജീവികളാണ്. അവയ്ക്ക് എല്ലുകളോ കട്ടിയുള്ള പുറംതോടോ ഇല്ല. പകരം, ചെറിയ ട്യൂബ് പോലുള്ള കാലുകളും പേശികളുടെ ചലനങ്ങളും ഉപയോഗിച്ചാണ് അവ നീങ്ങുന്നത്. ശത്രുക്കളെ അകറ്റാൻ ആന്തരികാവയവങ്ങൾ പുറന്തള്ളാനും പിന്നീട് അവയെ പുനരുജ്ജീവിപ്പിക്കാനും ഇവയ്ക്ക് കഴിയും. സമുദ്രത്തിലെ അവയുടെ പ്രധാനജോലി വൃത്തിയാക്കലാണ്. അവ മണലിലെ മാലിന്യങ്ങൾ ഭക്ഷിക്കുകയും ആവാസവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

കടൽച്ചേന
മുള്ളുകളുള്ള, ഗോളാകൃതിയിലുള്ള കടൽ ജീവികളാണ് കടൽച്ചേനകൾ. ഇവയ്ക്ക് കട്ടിയുള്ള, കാൽസ്യം നിറഞ്ഞ പുറന്തോടുണ്ടെങ്കിലും നട്ടെല്ലില്ല. അവയെ സംരക്ഷിക്കുന്നത് ഈ പുറന്തോടാണ്. മുള്ളുകൾ അവയെ സഞ്ചരിക്കാനും ശത്രുക്കളിൽ നിന്ന് സ്വയം പ്രതിരോധിക്കാനും സഹായിക്കുന്നു. ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ, പലപ്പോഴും പാറകൾക്കും പവിഴപ്പുറ്റുകൾക്കും ഇടയിൽ ഒളിച്ചാണ് കടൽച്ചേനകളെ കാണപ്പെടുന്നത്. ട്യൂബ് ഫീറ്റുകൾ (tubefeet) ഉപയോഗിച്ചാണ് ഇവ സഞ്ചരിക്കുന്നത്.

പരന്ന വിരകൾ
പരന്ന വിരകൾ വെള്ളത്തിലും ഈർപ്പമുള്ള സ്ഥലങ്ങളിലും ജീവിക്കുന്ന മൃദുവായ, നേർത്ത ജീവികളാണ്. അവയ്ക്ക് എല്ലുകളോ ശ്വാസകോശങ്ങളോ ഇല്ല. അവയുടെ പരന്ന രൂപം ചർമ്മത്തിലൂടെ ഓക്‌സിജൻ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇവയുടെ ലളിതമായ ശരീരഘടന ശ്വസനപ്രക്രിയയെ സഹായിക്കുന്നു. ചില പരന്ന വിരകൾക്ക് മുറിഞ്ഞാൽ ശരീരഭാഗങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കഴിയും. ശാസ്ത്രജ്ഞർക്ക് വരെ കൗതുകകരമായി തോന്നിയ ഒരു അപൂർവ കഴിവാണിത്.

ന്യൂഡിബ്രാങ്ക്
ന്യൂഡിബ്രാങ്കുകൾ പല നിറങ്ങളിലും പാറ്റേണുകളിലും കാണുന്ന ചെറിയ കടൽജീവികളാണ്. അവയ്ക്ക് എല്ലുകളോ പുറംതോടോ ഇല്ലാത്ത മൃദുവായ ശരീരമാണുള്ളത്. ശരീരത്തിലെ പേശികളുടെ തരംഗങ്ങൾ ഉപയോഗിച്ചാണ് അവ പതുക്കെ നീങ്ങുന്നത്. ഇവയ്ക്ക് ആകർഷകമായ നിറങ്ങളും വൈവിധ്യമാർന്ന രൂപങ്ങളുമുണ്ട്. ചില ന്യൂഡിബ്രാങ്കുകൾ വിഷമുള്ള കടൽജീവികളെ ഭക്ഷിക്കുകയും ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ആ വിഷം സ്വന്തം ശരീരത്തിൽ സംഭരിക്കുകയും ചെയ്യുന്നു.

കണവ
കണവകൾ മൃദുവായ ശരീരവും നീണ്ട ആകൃതിയുമുള്ള ജീവികളാണ്. ഇവയ്ക്ക് പത്ത് കൈകാലുകളും (എട്ട് കൈകളും നീളമുള്ള രണ്ട് ടെന്റക്കിളുകളും) ശരീരത്തിനുള്ളിൽ 'പെൻ' എന്നറിയപ്പെടുന്ന ഭാഗവുമുണ്ട്. ആഴം കുറഞ്ഞ തീരപ്രദേശങ്ങൾ മുതൽ ആഴക്കടൽ വരെയുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു. നീരാളികളെപ്പോലെ, ഇവയ്ക്കും മഷി സഞ്ചി ഉണ്ട്, നിറം മാറാനും കഴിയും. 

മണ്ണിര
മൃദുവും ഈർപ്പമുള്ളതുമായ ശരീരമുള്ള മണ്ണിരയ്ക്ക്‌ അസ്ഥികൂടമില്ല. മാളങ്ങൾ തുരക്കുന്നതിനായി അവ ശരീരഭാഗങ്ങളിലെ ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം ഉപയോഗിക്കുന്നു. കരപ്രദേശങ്ങളിലെ ഈർപ്പമുള്ള മണ്ണിലാണ് ഇവയെ ധാരാളമായി കാണപ്പെടുന്നത്. മണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഇവ, ജൈവവസ്തുക്കൾ ഭക്ഷിച്ചുകൊണ്ട് മണ്ണിന് വായുസഞ്ചാരം നൽകുകയും ഫലഭൂയിഷ്ഠമാക്കുകയും ചെയ്യുന്നു. ഇവ ഹെർമാഫ്രോഡൈറ്റുകളാണ്. അതായത് ആണവയവങ്ങളും പെണ്ണവയവങ്ങളും ഒരേ ജീവിയിൽ തന്നെ കാണപ്പെടും.

അട്ട
അട്ടയുടെ രണ്ടറ്റത്തും സക്കറുകളുണ്ട്. അസ്ഥികൂടമില്ലാത്ത ഇവയും ചലനത്തിനായി ഹൈഡ്രോസ്റ്റാറ്റിക് മർദ്ദമാണ് ഉപയോഗിക്കുന്നത്. ശുദ്ധജല പരിതസ്ഥിതികൾ, ഈർപ്പമുള്ള മണ്ണ്, ചില സമുദ്ര പ്രദേശങ്ങൾ എന്നിവയാണ് ഇവയുടെ ആവാസവ്യവസ്ഥ. പലതും പരാദജീവികളാണ്. രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഇവയുടെ ഉമിനീരിൽ അടങ്ങിയിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi