നിങ്ങള്‍ നിരന്തരം ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ ജീവിക്കേണ്ടി വരുന്നത് എത്ര ഭീകരമായിരിക്കും? പറഞ്ഞുവരുന്നത് മുംബൈയിലെ പാപ്പരാസി സംസ്‌കാരത്തെക്കുറിച്ചാണ്.
ഏറ്റവുമൊടുവില്‍ അതിനിരയായത് അഭിനേത്രികളായ മലൈക അറോറ, അമൃത അറോറ എന്നിവരും. കഴിഞ്ഞയാഴ്ചയാണ് അവരുടെ പിതാവ് അനില്‍ ആത്മഹത്യ ചെയ്തത്. അതറിഞ്ഞതോടെ മുംബൈയിലെ പാപ്പരാസികളെല്ലാം മലൈകയുടെ മാതാപിതാക്കള്‍ താമസിക്കുന്ന വീടിനുമുന്നില്‍ തമ്പടിച്ചു.
മലൈകയും അമൃതയും ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ വീട്ടിലേക്ക് കയറുന്നതും ഇറങ്ങുന്നതുമെല്ലാം ഒപ്പിയെടുക്കാനായിരുന്നുവത്. ഒടുവില്‍ കൂളിങ് ഗ്ലാസ് വെച്ചും മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ചുമൊക്കെയായി അമൃതയും മലൈകയും ഓരോ വട്ടവും വീടിന് പുറത്തേക്കിറങ്ങുന്നത്. സ്വസ്ഥമായി കരയാന്‍പോലും അവര്‍ക്ക് കഴിയാത്ത അവസ്ഥ. എന്നിട്ടും അവരുടെ കണ്ണുകളിലേക്കും മുഖത്തേക്കും ക്യാമറകള്‍ ഫോക്കസ് ചെയ്തുകൊണ്ടേയിരുന്നു.
ഒടുവില്‍ പല സെലിബ്രിറ്റികളും പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായെത്തി. പാപ്പരാസികളോട് വിജയ് വര്‍മ ഇങ്ങനെ ആവശ്യപ്പെട്ടു, ''ദുഖിതരായ ആ കുടുംബത്തെ ദയവായി വെറുതെ വിടൂ. ഈ വിഷമം മറികടക്കുന്നത് അവര്‍ക്കൊരിക്കലും എളുപ്പമായിരിക്കില്ല. അവരോട് നിങ്ങള്‍ അല്പം കൃപ കാണിക്കൂ'', വിജയ് എക്‌സില്‍ ഇങ്ങനെ കുറിച്ചു.
അതിനുമുമ്പ് വരുണ്‍ ധവാനും ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. ''ദുഖിതരായവരുടെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നതാണ് ഏറ്റവും മോശം കാര്യം. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും ഇത് വിഷമഘട്ടത്തിലൂടെ കടന്നുപോവുന്നവരെ എങ്ങനെ ബാധിക്കുമെന്നും ഒന്ന് ചിന്തിക്കൂ. ഇത് നിങ്ങളുടെ ജോലിയാണെന്ന് എനിക്കറിയാം. പക്ഷേ, മറ്റുള്ളവര്‍ കംഫര്‍ട്ടബിള്‍ ആയിരിക്കില്ലെന്ന് കൂടി മനസ്സിലാക്കണം'', വരുണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പലരും ഇതിനെ അനുകൂലിച്ച് രംഗത്തെത്തി. അഭിനേതാവും ബിഗ് ബോസ് ജേതാവുമായിരുന്ന സിദ്ധാര്‍ഥ് ശുക്ലയുടെ മരണസമയത്തെ പാപ്പരാസികളുടെ പെരുമാറ്റത്തെയും പലരും അനുസ്മരിച്ചു. സിദ്ധാര്‍ഥ് മരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ അടുത്തസുഹൃത്തായ ഷെനഹാസ് ഗില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവസാനമായി കാണാനെത്തിയത്. പാപ്പരാസികളുടെ ആധിക്യം മൂലം അവര്‍ക്ക് അകത്തേക്ക് കടക്കാന്‍ പോലും ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
സെലിബ്രിറ്റികളാണെങ്കിലും അവര്‍ക്കും സ്വകാര്യതയുണ്ടെന്ന് ഓര്‍ക്കണമെന്നും പലരും ആവശ്യപ്പെടുന്നു. ധാര്‍മികതയ്ക്കും ബിസിനസ്സിനുമിടയില്‍ നേര്‍ത്ത അതിരുണ്ടെന്നും അത് പാപ്പരാസികള്‍ അംഗീകരിക്കണമെന്നും അവര്‍ പറയുന്നു.
ക്യാമറയില്‍നിന്ന് അകന്നുള്ള സ്വകാര്യജീവിതം കുട്ടികള്‍ക്ക് വേണമെന്നതിനാലാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും ലണ്ടനിലേക്ക് മാറിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പലപ്പോഴും കുട്ടികളുടെ ഫോട്ടോ എടുക്കരുതെന്ന് അവര്‍ പാപ്പരാസികളോട് ആവശ്യപ്പെട്ടിരുന്നു. പുറത്തുവിടില്ലെന്ന് പറഞ്ഞ് ക്ലിക്ക് ചെയ്ത ചിത്രങ്ങള്‍ പലരും പുറത്തുവിട്ടു. ഇതൊക്കെയായിരിക്കാം അവര്‍ ലണ്ടനിലേക്ക് മാറാനുള്ള കാരണമെന്നും പറയപ്പെടുന്നു.
Content Highlights: paparazzi culture in mumbai
Published: 16 Sept 2024, 11:14 am IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented